Saturday, June 15, 2013

എണ്ണക്കാടിന്റെ ദുരന്തമുഖം

      സ്വന്തം ലേഖകൻ



      വിളഞ്ഞുപാകമായ നെൽക്കതിരുകൾ നിറഞ്ഞു നിൽക്കുന്ന പാടശേഖരം, അവയെ തഴുകി വീശുന്ന ഇളംകാറ്റ്‌, വിളവെടുത്ത്‌ കൂട്ടിവെച്ചിരിക്കുന്ന കതിർകുലകളും, സ്വർണ്ണവർണ്ണമാർന്ന നെൽക്കൂമ്പാരവും. തീറ്റ തേടിയെത്തുന്ന എണ്ണമറ്റ പക്ഷികളുടെ കലമ്പലും, കർഷകരുടെ സംഭാഷണശകലങ്ങളും ഇളംകാറ്റിന്റെ മർമ്മരവും കലർന്ന അന്തരീക്ഷം. വീശിയടിക്കുന്ന കാറ്റിൽ അലിഞ്ഞുചേരുന്ന വിയർപ്പിന്റെയും അതിലടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെയും സുഗന്ധം. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ കൊയ്ത്തുകാലമാകുമ്പോൾ 'എണ്ണക്കാട്‌' എന്ന ഗ്രാമത്തിന്റെ മുഖമുദ്ര, മേൽപ്പറഞ്ഞ കാഴ്ചയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ വടക്കുകിഴക്കുമാറി ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം. ഇപ്പോൾ ഇവിടം സന്ദർശിക്കുന്നവരെ എതിരേൽക്കുന്നത്‌ തികച്ചും വ്യത്യസ്ഥമായ കാഴ്ചകളാണ്‌.



കൃഷി നിലച്ചുപോയ വിശാലമായ കൃഷിയിടങ്ങൾ, പുൽപ്പടർപ്പുകളും കാട്ടുപൊന്തകളും തഴച്ചുനിൽക്കുന്ന നിലങ്ങൾ, ജീവരക്തം വറ്റിയ രക്തധമനിയെപ്പോലെ വരണ്ടുകിടക്കുന്ന PIP (പമ്പ ഇറിഗേഷൻ പ്രോജക്റ്റ്‌) കനാൽ. അവശേഷിക്കുന്ന കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. ഇപ്പോൾ കേരളത്തിലെ കൃഷി നിലച്ച വയലുകളിൽ സർവ്വസാധാരണമായ കാഴ്ച എന്നുമാത്രമേ ഇതുകാണുന്നവർക്കു തോന്നുകയുള്ളൂ. എന്നാൽ ഏറെ ഭീതി ജനിപ്പിക്കുന്ന ചില സത്യങ്ങൾ ഇവിടെ മറഞ്ഞുകിടക്കുന്നുണ്ട്‌.  ഭൂമിയെയും പ്രകൃതിയെയും നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ദുര, 'എണ്ണക്കാട്‌' എന്ന ഗ്രാമത്തെ മരണവക്‌ത്രത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിലേക്ക്‌ നമുക്ക്‌ വരാം.



ഒരുകാലത്ത്‌ സമൃദ്ധിയിലായിരുന്ന നെൽകൃഷി, നഷ്ടത്തിന്റെ കണക്കുകൾ സൂചിപ്പിച്ചു തുടങ്ങിയതോടെയാണ്‌ എണ്ണക്കാടിന്റെ ദുരവസ്ഥ തുടങ്ങുന്നത്‌. കൃഷിയിടങ്ങൾ തരിശായതോടെ ഗ്രാമത്തിന്റെ ഭൂപ്രകൃതി മാറിത്തുടങ്ങി. കൃഷിയിടങ്ങൾക്കു നടുവിലായി ഇഷ്ടികചൂളകൾ തലയുയർത്തുന്നതാണ്‌ പിന്നെ കണ്ടത്‌. ഭൂമിയുടെ മാറുപിളർന്നെടുക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇഷ്ടികയുടെ രൂപത്തിൽ പരിവർത്തനം ചെയ്യപ്പെട്ടു. കൃഷിയിടങ്ങൾ അങ്ങനെ വെള്ളക്കെട്ടുകളായി മാറി. മേൽമണ്ണിന്റെ പാളികൾക്കിടയിൽ നിറയെ പൊന്നുംവിലയുള്ള മണൽത്തരികളായിരുന്നു. തകർച്ചയുടെ രണ്ടാംഘട്ടം അവിടെ നിന്നു തുടങ്ങി.



മണലിന്റെ സാന്നിധ്യം മനസ്സിലായതോടെ ഭൂമാഫിയകൾ രൂപപ്പെട്ടു. മണൽനീക്കം തുടങ്ങിയതോടെ ചെറിയ വെള്ളക്കെട്ടുകളുടെ ആഴം 15 അടി വരെ താഴ്‌ന്നു. കൂടാതെ ആഴമേറിയ കയങ്ങൾക്കടിയിലെ നിരപ്പായ പ്രദേശങ്ങളുടെ മേൽമണ്ണിനടിയിൽ നിറഞ്ഞു കിടക്കുന്ന മണൽ തുരന്നെടുക്കുവാനും തുടങ്ങി. ഇപ്പോൾ കാടുപിടിച്ചുകിടക്കുന്ന തരിശുഭൂമിയിലൂടെ വിശ്വസിച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്‌.  കാൽചുവട്ടിലെ മണ്ണിന്റെ പാളികൾക്കിടയിൽ ചിലപ്പോൾ ഒളിഞ്ഞിരിക്കുന്നത്‌ വൻഗർത്തങ്ങളാകാം. നടക്കുമ്പോൾ ഈ ഗർത്തങ്ങളിലേക്ക്‌ ഓർക്കാപ്പുറത്ത്‌ ആഴ്‌ന്നുപോയി എന്നും വരാം. എണ്ണക്കാട്‌ ഗ്രാമത്തിൽ നിർബാധം തുടരുന്ന ഈ അനധികൃത ഖനനപ്രവർത്തനങ്ങൾക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും ആരും ഉയർത്തുന്നില്ല എന്നറിഞ്ഞപ്പോൾ അത്ഭുതമായി.



അന്വേഷിച്ചപ്പോഴാണ്‌ ചില സത്യങ്ങൾ വെളിപ്പെട്ടത്‌. കൃഷിനിലച്ചപ്പോൾ തൊഴിൽ നഷ്ടമായ തദ്ദേശിയർ തന്നെയാണ്‌ മണൽഖനനത്തിനു നേതൃത്വം നൽകുന്നത്‌. മികച്ച സാമ്പത്തികനില കൈവരിച്ചതോടെ ഇക്കൂട്ടർ ഈ പ്രദേശത്തു നിന്നകന്ന് ഭവനങ്ങൾ വാങ്ങി പാർക്കുന്നു. ഇപ്പോൾ ഇവിടെ സ്ഥിരതാമസക്കാരായി  വളരെക്കുറച്ചുപേർ മാത്രമേയുള്ളൂ. പുറത്തുനിന്നും മറ്റാരും ഈ മേഖലയിലേക്ക്‌ കടക്കാതിരിക്കാൻ ഖനനത്തിനു നേതൃത്വം നൽകുന്നവർ ഒരു സുരക്ഷിതവലയം തന്നെ തീർത്തിട്ടുണ്ട്‌. ഭൂവുടമസ്ഥർ അറിയാതെയാണ്‌ പലയിടങ്ങളിലേയും അടിത്തട്ടിലെ മണൽ തുരന്നുമാറ്റിക്കൊണ്ടിരുന്നത്‌. ഭൂമിയിൽ വിള്ളൽ വീഴുകയും ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴുമാണ്‌ അവർ കാര്യം അറിയുന്നത്‌. ഈ വൈകിയ വേളയിലെങ്കിലും അധികാരികൾ ഈ പ്രദേശത്തിനു ശ്രദ്ധ നൽകിയില്ലെങ്കിൽ പരിണിതഫലം ഭയാനകമായേക്കാം.



ഗർത്തങ്ങളിൽ നിറഞ്ഞുകിടക്കുന്ന ജലം ഇപ്പോൾ പ്രദേശവാസികൾ കുളിക്കുന്നതിനും വസ്ത്രം നനയ്ക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്‌.  അധികം വൈകാതെ നഗരങ്ങളിലെ മാലിന്യങ്ങൾ ഈ ഗർത്തങ്ങളിൽ നിക്ഷേപിക്കപ്പെടാൻ തുടങ്ങും. രാത്രികാലങ്ങളിൽ മണൽവാരൽ നടക്കുന്നതുകൊണ്ട്‌, നേരം വൈകിത്തുടങ്ങിയാൽ ഇവിടം മറ്റാളുകൾക്ക്‌ പ്രവേശിക്കാൻ കഴിയാത്തവിധം മണൽമാഫിയയുടെ നിയന്ത്രണത്തിലാകും. അക്കാരണം കൊണ്ടുതന്നെയാണ്‌ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെടാതിരിക്കുന്നത്‌.



എണ്ണക്കാട്‌ എന്ന ഗ്രാമത്തിന്‌ ഇനിയൊരിക്കലും പഴയ സ്ഥിതി വീണ്ടെടുക്കാനാവില്ല എന്നത്‌ പകൽ പോലെ സത്യമാണ്‌. എന്നിരിക്കിലും ഇപ്പോൾ കാണപ്പെടുന്ന അവസ്ഥയിലെങ്കിലും ഈ ഗ്രാമത്തെ സംരക്ഷിക്കാൻ അധികാരികൾ ശ്രദ്ധ പതിപ്പിക്കുകയും ശക്തമായ നിലപാടുകൾ ഉണ്ടാവുകയും വേണം. മാത്രമല്ല, ഈ പ്രദേശത്തെ ഗർത്തങ്ങളിൽ നിറഞ്ഞുകിടക്കുന്ന ജലസമ്പത്ത്‌ വേണ്ടവിധം സംരക്ഷിച്ച്‌ ഉപയോഗപ്പെടുത്തിയാൽ വരുംകാലങ്ങളിൽ നേരിടാൻ പോകുന്ന കൊടുംവരൾച്ചയിൽ അൽപം ആശ്വാസമായേക്കാം. ഒരു കാലത്ത്‌ ഐശ്വര്യത്തിന്റെ പ്രതീകം പോലെ വിളഞ്ഞുപാകമായ നെൽക്കതിരുകൾ കാറ്റിലാടി നിന്നിരുന്ന പാടശേഖരങ്ങൾ അറപ്പും വെറുപ്പും ദുർഗന്ധവും വമിക്കുന്ന മാലിന്യക്കൂമ്പാരമായി മാറാതിരിക്കട്ടെ എന്നും നമുക്കാശിക്കാം.


O


1 comment:

  1. നമ്മൾ മലയാളികൾ അഹങ്കാരികളാണു.
    ദൈവം നമ്മുക്ക് ആവശ്യത്തിൽ കൂടൂതൽ പ്രക്യതി സമ്പത്ത് തന്നതിന്റെ അഹംകാരം.
    അതു മാറ്റിയിലെങ്കിൽ താമസിയാതെ നമ്മെളെല്ലാം പ്രക്യതി കോപത്തിനിരയാകുമെന്നുറപ്പ്.
    സർക്കാർ തലപ്പത്തിരിക്കുന്നവർ തങ്ങളുടെ കീശ മാത്രം വീർപ്പിക്കാതെ, കേരളത്തെ കുറിച്ചും ഭാവി തലമുറയെ കുറിച്ചും കുറച്ചെങ്കിലും ചിന്തിച്ചാൽ നന്നായിരുന്നു.
    അവരെ നേർ വഴിക്കു നയിക്കാൻ യുവജനതക്കെ കഴിയു. പക്ഷേ, തലമൂതിർന്ന നേതാക്കന്മാരുടെ തെമ്മാടിത്തങ്ങൾ കണ്ടു കണ്ടു അവർക്കും ഹാലിളകിയ മട്ടാണു.

    ReplyDelete

Leave your comment