Sunday, September 15, 2013

എഴുത്തിന്റെ സമുദ്രയാനങ്ങൾ

ചിന്ത
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ







        ഴുത്ത്‌ അനുഭവങ്ങളുടെ സമുദ്രയാനമാണെന്ന് പറഞ്ഞത്‌ ഏലിയാസ്‌ കാനേറ്റിയാണ്‌. 1981 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം വാങ്ങിക്കൊണ്ട്‌ കാനേറ്റി നടത്തിയ പ്രഭാഷണം ബുദ്ധിജീവികളുടെയാകെ ചിന്തയെ തകർക്കുകയും പാരമ്പര്യവാദികൾക്കു നേരെ വാളോങ്ങുകയും ചെയ്തിരുന്നു. കാനേറ്റിയുടെ പ്രഭാഷണം പ്രക്ഷുബ്ധമായൊരു ഭൂതകാലത്തിന്റെ അനുഭവസാക്ഷ്യമായിരുന്നു. ഡ്യാനൂബ്‌ നദിയുടെ തീരത്തു ജനിച്ചുവളർന്ന കാലം മുതൽ പോർച്ചുഗലിലും സ്പെയിനിലും കുടിയേറിപ്പാർത്ത കാലത്തെ ദുരന്തസമാനമായ ജീവിതാനുഭവങ്ങളും, ഹിറ്റ്ലറുടെ യഹൂദപീഢനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നാളുകൾ വരെ ആ പ്രഭാഷണത്തിൽ ജ്വലിച്ചു നിന്നിരുന്നു. അനുഭവങ്ങളെ 'ആൾക്കൂട്ടത്തിന്റെയും അധികാരത്തിന്റെയും' (Crowds and Power) ഭാഗത്തു നിന്നുകൊണ്ട്‌ നോക്കിക്കാണുന്ന കാനേറ്റിയുടെ ധൈഷണിക വ്യക്തിത്വം പുതിയ വായനകൾ ആവശ്യപ്പെടുന്ന കാലം കൂടിയാണ്‌.

ഞാനനുഭവിച്ചതു മാത്രം എഴുതുന്നു. അല്ലാത്തതെല്ലാം എന്റെ ചിന്തയ്ക്ക്‌ പുറത്താണെന്ന് പറയുന്ന കാനേറ്റിയുടെ നിലപാടുകൾക്ക്‌ മുന്നിൽ നമുക്ക്‌ ശിരസ്സ്‌ കുനിക്കേണ്ടിവരുന്നത്‌ എഴുത്തിൽ കാനേറ്റി സ്വീകരിക്കുന്ന അപകടകരമായ സത്യസന്ധത ഒന്നുകൊണ്ടു മാത്രമാണ്‌. കാനേറ്റിയുടെ അഭിപ്രായത്തിൽ ഒരെഴുത്തുകാരൻ, അവൻ ജീവിച്ചിരിക്കുന്ന കാലത്തിനു നേരേ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക മൂലധനം (Cultural Capitalism) രൂപപ്പെടുന്നത്‌ അവന്റെ അപകടകരമായ സത്യസന്ധതയിൽ നിന്നാണ്‌. ഇതേ അനുഭവത്തിന്റെ വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ വില്യം ഫോക്നർ, അസ്തുറിയാസ്‌, ഹെൻട്രിക്‌ ബേൺ, ഉൾപ്പെടെയുള്ള എഴുത്തുകാരിൽ കണ്ടെത്താനാകും. ഇവരെല്ലാം അനുഭവങ്ങളെ വിശുദ്ധകുമ്പസാരങ്ങളായി കണ്ടവരും ജീവിതത്തെ സത്യസന്ധമായി തന്നെ നേരിട്ടവരുമായിരുന്നു. ഇത്തരമൊരു ആർജ്ജിത വ്യക്തിത്വം ഇന്ന് എഴുത്തുകാർക്കിടയിൽ കുറഞ്ഞുവരുന്നത്‌ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌. ഓർമ്മകളിൽ നിന്ന് പുറത്താക്കപ്പെടും മുൻപ്‌ മാർക്വേസ്‌  ഇക്കാര്യം ഒരു പൊതുസദസ്സിനു  മുൻപിൽ അവതരിപ്പിച്ചിരുന്നു. ഇത്‌ കാലത്തിന്റെ വൻചതികളിലൊന്നാണെന്നാണ്‌ മാർക്വേസ്‌ പറഞ്ഞത്‌. എഴുത്തുകാരനെ 'നുണ പറയുന്ന സത്യസന്ധൻ' എന്ന് പറയേണ്ടി വരുമെന്ന് യോസയെ ഉദ്ധരിച്ചുകൊണ്ട്‌ മാർക്വേസ്‌ ഇതിനനുബന്ധമായി പറയുന്നതുപോലുമുണ്ട്‌.

എഴുത്തിൽ കുറഞ്ഞുവരുന്ന അനുഭവക്കുറവും സത്യസന്ധതയില്ലായ്മയും കടുത്ത വിരസതയാണ്‌ സാഹിത്യത്തിൽ സൃഷ്ടിക്കാൻ പോകുന്നത്‌. ജീവിതത്തെ പാരുഷ്യം നിറഞ്ഞ അനുഭവങ്ങളോടെ സ്വീകരിക്കുമ്പോഴാണ്‌ ഒരെഴുത്തുകാരൻ പിറവികൊള്ളുന്നത്‌. അവന്റെ സർഗ്ഗാത്മക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനു പിന്നിൽ മാനവികവും ധാർമ്മികവുമായൊരു ജാഗ്രതയുണ്ട്‌. കാലാതീതമായ ആ ജാഗ്രതയിൽ നിന്നാണ്‌ സംസ്കാരത്തിന്റെ അഭിജാതഗൗരവം എഴുത്തുകാരന്റെ ആർജ്ജിത വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്‌. എന്നാൽ ഇന്ന് ഇത്തരം നിർവ്വചനങ്ങളൊന്നും തന്നെ എഴുത്തുകാരന്റെ കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്താൻ ഉപകരിക്കുന്നില്ല എന്നതാണ്‌ വാസ്തവം. ചിന്തയ്ക്കും സംസ്കാരത്തിനും പുറത്തു നിന്നുകൊണ്ടുള്ള ശക്തമായ ഇടപെടലുകളാണ്‌ ഇന്ന് മലയാളത്തിലെ പുതിയ എഴുത്തുകാർ മുന്നോട്ട്‌ വെക്കുന്നത്‌. ഇത്‌ അപകടകരമായി ജീവിക്കുന്നതിന്റെ ഭാഗമാണ്‌. ഇത്‌ എഴുത്തിന്റെ ഒരു പുതിയ വഴിയായി നമ്മുടെ വിമർശകർ നിരീക്ഷിക്കുന്നുണ്ട്‌. ഈ നിരീക്ഷണത്തെ അതിന്റെ അനുഭവങ്ങളോടെ തന്നെ നമുക്ക്‌ സ്വീകരിക്കാവുന്നതാണ്‌.

എലിയറ്റ്‌ പറയും പോലെ, 'കുലീനനായ അരാജകവാദി'കളാണ്‌ മലയാളത്തിലെ പുതിയ എഴുത്തുകാർ. അവർ ഭാഷയെ നവീകരിച്ചുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊന്നാക്കിത്തീർക്കുന്നു. പുതിയ മലയാളകഥയുടെ തിളച്ച യൗവ്വനം, അപകടകരമായി നാമെങ്ങനെ ജീവിക്കുന്നുവെന്നതിന്റെ തെളിവാണ്‌. പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ട്‌ ഈ പുതുകഥകൾ ചില പുതിയ വഴികൾ തേടുന്നുണ്ട്‌. അത്‌ അഗ്നിപർവ്വതത്തിലേക്കും ക്ഷോഭിക്കുന്നസമുദ്രത്തിലേക്കും തുറന്നുകിടക്കുന്ന വഴികളാണ്‌. എന്നാൽ പുതിയ കവി ഏറെ നിസ്സംഗനാണ്‌. അവൻ കാലവുമായി യുദ്ധത്തിലേർപ്പെടാതെ, ഒരൊത്തുതീർപ്പിന്റെ വക്കിലാണ്‌ നിൽക്കുന്നത്‌. പുതുകവിതയുടെ വഴിയും വെളിച്ചവും കെട്ടുപോയിരിക്കുന്നു. മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട കവികളിൽ പലരും ഇന്ന് നിശബ്ദരായിരിക്കുന്നു. ഇത്‌ കുറ്റകരമായ ഒരവസ്ഥയാണ്‌. ഇത്തരമൊരവസ്ഥ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. 'പീഢിതനായ കവി പീഢിതനായ കാലത്തിനു മുൻപിൽ തോറ്റുപോയിരിക്കുന്നു'വെന്ന് ബ്രോഡ്‌സ്കി എഴുതിയിട്ടുണ്ട്‌. കവികൾ ഇത്തരമൊരവസ്ഥയെ വാക്കുകൊണ്ടു തന്നെ മറികടക്കേണ്ടതുണ്ട്‌. അതിന്‌ ആഴത്തിൽ വേരോട്ടമുള്ള മൗനം കവികൾക്ക്‌ ആവശ്യമാണ്‌. ലാറ്റിനമേരിക്കൻ കവി പാടിയതുപോലെ 'ചിതൽപ്പുറ്റിലിരിക്കുമ്പോഴെല്ലാം ഞാൻ ആയുധത്തിന്‌ മൂർച്ച കൂട്ടുകയായിരുന്നു'വെന്ന് പറയാൻ കഴിയുന്നൊരു വ്യക്തിത്വം കവികളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം മൗനങ്ങൾ നാളെ ഇടിമുഴക്കങ്ങളായി മാറും എന്ന കാര്യത്തിൽ സംശയമില്ല. 

O

 
PHONE : 9447865940



2 comments:

Leave your comment