Sunday, March 9, 2014

സ്നേഹഗായകൻ

ആർട്ടിക്കിൾ
നിധി അലക്സ്‌ എം.നൈനാൻ










      "ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവൻ തന്നെ. ബൈബിളിലെ ഈ വാക്കുകളാണ്‌ എന്നെ സ്വാധീനിച്ചത്‌." പറയുന്നത്‌ മറ്റാരുമല്ല; മലയാളത്തിന്റെ എക്കാലത്തെയും പ്രിയഗായകൻ ജോളി എബ്രഹാം. മലയാള ചലച്ചിത്രഗാനരംഗത്തു സജീവസാന്നിധ്യമായിരുന്ന ഈ ഗായകൻ പതിനഞ്ചു വർഷത്തിലേറെയായി സിനിമാവേദിയോട്‌ വിട പറഞ്ഞിട്ട്‌. അവസരങ്ങളുടെ കുറവു കൊണ്ടു സിനിമാരംഗം ഉപേക്ഷിക്കുകയായിരുന്നില്ല അദ്ദേഹം; മറിച്ച്‌ കൈ നിറയെ ചിത്രങ്ങളുള്ളപ്പോൾ തന്നെ പണവും പ്രശസ്തിയും ഏറെയുള്ള സിനിമയോട്‌ എന്നേയ്ക്കുമായി വിട ചൊല്ലുകയായിരുന്നു.

ആയിരക്കണക്കിനു ചലച്ചിത്രഗാനപ്രേമികളെ കോരിത്തരിപ്പിച്ച ജോളി എബ്രഹാമിന്റെ ആ ഘനഗംഭീരനാദത്തിനു വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും മാറ്റമൊന്നുമില്ല. പക്ഷെ ആ പാട്ടുകളുടെ ഭാവത്തിനും അക്ഷരക്കൂട്ടുകൾ ക്കും മാറ്റം വന്നിരിക്കുന്നു. വെള്ളിത്തിരയുടെ ഭ്രമാത്മകമായ സൗന്ദര്യത്തേക്കാൾ ജോളിക്കിന്നു പ്രിയം ഈശ്വരന്റെ നിറചൈതന്യവും ആ ചൈതന്യം നൽകുന്ന സ്വരമാധുരിയുമത്രേ. സിനിമയുടെ മാസ്മരികത വിട്ട്‌ ആത്മീയതയുടെ പ്രഭാവലയത്തിലെത്തി നിൽക്കുന്നു, മലയാളികളുടെ ഈ പ്രിയഗായകൻ.


ജോളി എബ്രഹാം

കരോൾ സംഘങ്ങളുടെ എക്കാലത്തെയും പ്രിയ ക്രിസ്മസ്‌ ഗാനമായ 'ശാന്തരാത്രി, തിരുരാത്രി (തുറമുഖം), 'രജനീഗന്ധി വിടർന്നു' (പഞ്ചമി), 'വളകിലുക്കം കേൾക്കണല്ലോ' (സ്ഫോടനം), 'ഓമൽക്കലാലയ വർഷങ്ങളേ' (കോളിളക്കം), 'വരിക നീ വസന്തമേ' (പമ്പരം), 'അള്ളാവിൻ തിരുസഭയിൽ കാണക്കുകാണിക്കുവാൻ' (ജയിക്കാനായി ജനിച്ചവൻ), 'രജനീഗന്ധി വിടർന്നു, അനുരാഗ സൗരഭ്യം നിറഞ്ഞു' (പഞ്ചമി), തുടങ്ങി ജോളി എബ്രഹാമിന്റേതായി മലയാളി ഇന്നും നെഞ്ചേറ്റുന്ന എത്രയോ ഗാനങ്ങൾ!

1975 ൽ പുറത്തുവന്ന ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലെ 'ജയിക്കാനായ്‌ ജനിച്ചവൻ ഞാൻ' എന്ന സൂപ്പർഹിറ്റ്‌ ഗാനം പാടിക്കൊണ്ടാണ്‌ ജോളി എബ്രഹാം ആദ്യമായി സിനിമയിലെത്തുന്നത്‌. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനേതാവായി മറ്റൊരു പുതുമുഖമുണ്ടായിരുന്നു; സാക്ഷാൽ ജഗതി ശ്രീകുമാർ. ചെന്നൈയിൽ പി.ഭാസ്കരൻ മാഷിന്റെ സിനിമാ സംഗീതജീവിതത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയാണ്‌ സിനിമയിലേക്കുള്ള വഴി ജോളിക്ക്‌ തുറന്നുകൊടുത്തത്‌. അന്നു സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്ന പ്രശസ്ത സംവിധായകൻ ശ്രീകുമാരൻതമ്പി അദ്ദേഹത്തെ സിനിമയുടെ രാജവീഥിയിലേക്കാനയിച്ചു.

എറണാകുളത്തിനടുത്ത കുമ്പളത്താണ്‌ ജോളി എബ്രഹാം ജനിച്ചതും വളർന്നതും. ഗവൺമെന്റ്‌ കോൺട്രാക്ടറായിരുന്നു പിതാവ്‌ എബ്രഹാം. പള്ളി ഗായകസംഘത്തിൽ അംഗമായിരുന്ന ജോളി എബ്രഹാമിന്റെ സംഗീതവാസന കണ്ടെത്തിയത്‌ അമ്മ തന്നെയാണ്‌. 1973 ലെ കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ തന്റെ വഴി സംഗീതം തന്നെയെന്നു ജോളി തിരിച്ചറിഞ്ഞു. ഇതോടെ ഫാ:ആബേലിന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ കലാഭവനുമായി അദ്ദേഹം സഹകരിച്ചു. ഒപ്പം കുമ്പളം ബാബുരാജ്‌ എന്ന സംഗീതജ്ഞന്റെ കീഴിൽ ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടി.

പഠനം പൂർത്തിയാക്കാതെ സംഗീതവുമായി അലയുന്നതിനു പക്ഷെ പിതാവ്‌ എതിരായിരുന്നു. ബിരുദം നേടിയ ശേഷം മതി സംഗീതം എന്നദ്ദേഹം നിർബന്ധം പിടിച്ചു. 1974 ൽ തേവര സേക്രഡ്‌ ഹാർട്ട്‌ കോളേജിൽ നിന്നും ബി.എസ്‌.സി ബോട്ടണി ബിരുദം നേടി. അതിനു ശേഷമാണ്‌ കലാഭവന്റെ ഒരു ക്രൈസ്തവഗാനത്തിന്റെ റെക്കോർഡിംഗിനായി ജോളി ചെന്നൈയിലെത്തുന്നത്‌. 'താലത്തിൽ വെള്ളമെടുത്തു, വെൺകച്ചയുമരയിൽ ചുറ്റി' എന്ന ഗാനം. അതേ ആൽബത്തിൽ തന്നെ മറ്റൊരു ഗാനം പാടാനായി യേശുദാസുമുണ്ടായിരുന്നു കൂടെ. തുടർന്ന് എച്ച്‌ .എം.വി യിൽ തന്നെ അസിസ്റ്റന്റ്‌ റെക്കോർഡിംഗ്‌ ഓഫീസറായി നിയമനം ലഭിച്ചു. ഇത്‌ സിനിമാ സംഗീതവേദിയുമായി അടുത്തിടപഴകാൻ അദ്ദേഹത്തിന്‌ അവസരമൊരുക്കി. മലയാളം മാത്രമല്ല, കന്നട, തെലുങ്ക്‌, തമിഴ്‌, ഹിന്ദി തുടങ്ങിയ ഭാഷകളിലും നൂറുകണക്കിനു ഗാനങ്ങൾ പാടി ജോളി എബ്രഹാം. അവയിലധികവും സൂപ്പർ ഹിറ്റാവുകയും ചെയ്തു. 1997 ൽ പുറത്തിറങ്ങിയ 'ചമയം' എന്ന ഭരതൻ ചിത്രത്തിലെ അതിപ്രശസ്തമായ 'അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്‌' എന്ന ഗാനം പാടി സിനിമാവേദിയോട്‌ എന്നേക്കുമായി വിട പറഞ്ഞു ഈ ഗാനഗന്ധർവ്വൻ. 

കാൽനൂറ്റാണ്ടുകാലം ചലച്ചിത്രവേദിയിൽ നിറഞ്ഞു നിന്ന ആ സ്വരസാന്നിധ്യം ഇന്ന് ലോകമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണവേദികളിലെ നിറസാന്നിധ്യമാണ്‌. വിദേശത്തും സ്വദേശത്തും നിത്യേന പരിപാടികളുമായി മുമ്പത്തേക്കാൾ തിരക്കിലാണ്‌ ഈ ഗായകൻ. "ഒരിക്കൽ ഗാനമേള അവതരിപ്പിച്ച അതേ വേദിയിൽ ക്രിസ്തുവിനെ സ്തുതിച്ചുകൊണ്ട്‌ ഇന്നു പാടുമ്പോൾ അനുഭവിക്കുന്ന ആത്മീയസംതൃപ്തി അനിർവ്വചനീയം തന്നെ. ദൈവം നൽകിയതെന്തും പൂർണ്ണമായും അവനുമാത്രമായി സമർപ്പിക്കുവാനാണെനിക്കിഷ്ടം". ജോളി എബ്രഹാം പറയുന്നു. ഇരുപതിനായിരത്തിലേറെ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഇതിനകം അദ്ദേഹത്തിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ഏറെയും പുറത്തിറങ്ങിയത്‌ ചെന്നൈയിൽ കിൽപോക്കിലുള്ള രോഹിത്‌ എന്ന സ്വന്തം റെക്കോർഡിംഗ്‌ സ്റ്റുഡിയോയിലൂടെ.

ഓർത്തഡോക്സ്‌ സഭയുടെ ആരാധനാഗീതങ്ങളുൾപ്പെടെ ഒട്ടനവധി ക്രൈസ്തവഗാനങ്ങൾ അദ്ദേഹത്തിന്റെ ഭക്തിരസം നിറഞ്ഞുതുളുമ്പുന്ന സ്വരമാധുരിയിലൂടെ പുറത്തുവന്നിട്ടുണ്ട്‌. വെളിവു നിറഞ്ഞോരീശോ നിൻ വെളിവാൽ കാണുന്നു, ഞങ്ങൾക്കുള്ള കർത്താവേ, ധന്യേ മാതാവേ, യാചിക്കേണ്ടും സമയമിതാ, അൻപുടയോനെ നിൻ വാതിൽ, വന്ദനം യേശുപരാ, എന്തതിശയമേ, യാഹെന്ന ദൈവം എന്നിവ അവയിൽ ചിലതു മാത്രം.

തന്റെ പരിണാമത്തിന്റെ ആദ്യ പൊൻതൂവൽസ്പർശമുള്ള സംരംഭമാണ്‌ ചെന്നൈയിൽ കഴിഞ്ഞ പന്ത്രണ്ടുവർഷമായി അദ്ദേഹം നടത്തിവരുന്ന 'മ്യൂസികെയർ' എന്ന 12 മണിക്കൂർ സംഗീത പരിപാടി. സംഗീതത്തെ സമൂഹനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കാം എന്ന് ജോളി എബ്രഹാം ഇതിലൂടെ നമുക്ക്‌ കാട്ടിത്തരുന്നു. എല്ലാ മെയ്‌ മാസത്തെയും രണ്ടാം വെള്ളിയാഴ്ച വൈകിട്ട്‌ 6 ന്‌ ആരംഭിച്ച്‌ പിറ്റേന്നു രാവിലെ ആറിന്‌ അവസാനിക്കുന്ന ഈ 12 മണിക്കൂർ അനുസ്യൂത സംഗീതപരിപാടിയിലൂടെ ലഭിക്കുന്ന തുക "ഈ ചെറിയവനിൽ ഒരുവനു ചെയ്യുന്നത്‌ എനിക്ക്‌ ചെയ്യുന്നതാകുന്നു" (മത്തായി 25:40) എന്ന വചനം അന്വർത്ഥമാക്കും വിധം ചെന്നൈ നഗരത്തിലെ ആലംബഹീനരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു, ഈ സംഗീതപ്രതിഭ. യേശുദാസ്‌, എസ്‌.പി.ബാലസുബ്രഹ്മണ്യം, എം.എസ്‌.വിശ്വനാഥൻ, പി.ബി.ശ്രീനിവാസ്‌, ശ്യാം, വിജയ്‌ യേശുദാസ്‌, ഉണ്ണിമേനോൻ, പി.സുശീല, എസ്‌.ജാനകി, വാണി ജയറാം, ചിത്ര, മിൻമിനി, രേഷ്മാ എബ്രഹാം, ഹേമാ ജോൺ തുടങ്ങി പ്രശസ്തരുടെ നീണ്ടനിര തന്നെയുണ്ട്‌ ഈ സംരംഭത്തിനു ശക്തിയും ചൈതന്യവും പകർന്നു നൽകാനായി. പരിപാടിയുടെ ഉദ്ദേശശുദ്ധി പൂർണ്ണമായും ഉൾക്കൊണ്ട്‌ പ്രതിഫലം പറ്റാതെയാണ്‌ ഈ സംഗീതപ്രതിഭകളെല്ലാം ഇതുമായി സഹകരിക്കുന്നതും.

പ്രമുഖ പിന്നണി ഗായകരുടെ സാന്നിധ്യമുണ്ടെങ്കിലും മ്യൂസികെയർ സംഗീതമേളയ്ക്ക്‌ പ്രവേശനം തികച്ചും സൗജന്യമാണ്‌. സംഭാവനകൾ നൽകാൻ താൽപര്യമുള്ളവർക്ക്‌ ഓരോ രണ്ടുഗാനം കഴിയുമ്പോഴേക്കും അതിനവസരമുണ്ട്‌. ഇതുകൂടാതെ ഏതാനും സന്നദ്ധസംഘടനകളും മനുഷ്യസ്നേഹികളും മ്യൂസികെയറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ താങ്ങും തണലുമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ പന്ത്രണ്ടുവർഷത്തിനിടെ ആയിരക്കണക്കിനു ആലംബഹീനർക്ക്‌ സാമ്പത്തികസഹായം നൽകിയതുകൂടാതെ വികലാംഗർക്ക്‌ വീൽചെയറുകൾ, ട്രൈസൈക്കിളുകൾ, അഗതികൾക്ക്‌ തയ്യൽ ഉപകരണങ്ങൾ, ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്‌. 

പൂനമല്ലി ഹൈറോഡിലുള്ള സെന്റ്ജോർജ്ജ്‌ ആംഗ്ലോ-ഇന്ത്യൻ സ്കൂളാണ്‌ മ്യൂസികെയറിന്റെ സ്ഥിരംവേദി.

O


PHONE : 9497778283

1 comment:

  1. well, I am a new blogger please visit prakashanone.blogspot.com

    ReplyDelete

Leave your comment