Friday, October 30, 2015

സംസ്കാരജാലകം - 24

സംസ്കാരജാലകം - 24
ഡോ.ആർ.ഭദ്രൻ







ഇൻഗ്ലോറിയസ് ലൈഫ്




ഷാഹിയുടെ മനോഹരമായ ഒരു ഷോർട്ട് ഫിലിമാണ്‌ 'ഇൻഗ്ലോറിയസ് ലൈഫ്' . കലാത്മകമായ ഒരുപാട് ഷോർട്ട് ഫിലിമുകൾ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. പ്രേമം പോലെ നശീകരണാത്മകമായ സിനിമകളുടെ ഇക്കാലത്ത് ഇൻഗ്ലോറിയസ് ലൈഫ് പോലുള്ള മനോഹരമായ ഹ്രസ്വചിത്രങ്ങൾ ഏറെപ്പേർ കാണാതെ പോകുന്നത് കലാലോകത്ത് ഒരു വലിയ നഷ്ടം തന്നെയാണ്‌. കച്ചവടസിനിമകൾ ജനങ്ങളെ, പ്രത്യേകിച്ച് യുവത്വത്തെ ഒന്നിനും കൊള്ളരുതാത്തവരായി മാറ്റുന്നതിനെക്കുറിച്ച് സംസ്കാരജാലകം പലപ്രാവശ്യം എഴുതിയിട്ടുണ്ട്. നമ്മുടേതായ ഒരു സമൂഹത്തിൽ കുട്ടികളുടെ അതിജീവനത്തിന്റെ ദൃശ്യസംവേദനഭാഷ്യമായി തീരുകയാണ്‌ ഇൻഗ്ലോറിയസ് ലൈഫ്.



Youtube Link -  In Glorious Life

കുമളിയിലെ ഷെഫീക്ക് എന്ന കുട്ടിയുടെ ദാരുണമായ ജീവിതത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണ്‌ ഷാഹി ഒരു കുട്ടിയുടെ അതിജീവനവും അതിനുവേണ്ടി സ്വയം പീഢിതനായി തീരുന്ന ഒരു പിതാവിനെയും ദൃശ്യഭാഷയിലൂടെ സംവേദനം ചെയ്തിരിക്കുന്നത്. പശ്ചാത്തലസംഗീതവും സൗണ്ട് മിക്സിംഗും ഈ ഷോർട്ട് ഫിലിമിന്റെ ഏറ്റവും ധന്യമായ കലാതലങ്ങളാണ്‌. ജോഷി.എം.തോമസിന്റെ കവിതയെ അർത്ഥഗംഭീരമായി ഈ ചിത്രത്തിൽ ഉപയോഗിച്ചത് ഏറെ അഭിനന്ദനീയമാണ്‌. ഇപ്പോൾ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഷാഹി കോട്ടയം ബസേലിയോസ് കോളേജിൽ എന്റെ ശിഷ്യനായിരുന്നു.


മാക്സ് മുള്ളർ കൃതികൾ മലയാളത്തിൽ

മാർക്സ് മുള്ളർ കൃതികൾ മലയാളത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പുറത്തിറക്കാൻ പോകുന്നു എന്നത് മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ഒരു വലിയ സംഭവമാണ്‌. SPCS ന്റെ ഈ സംരംഭം വിജയിപ്പിക്കാൻ ഓരോ മലയാളിയും താല്പര്യം കാണിക്കേണ്ടതാണ്‌. യഥാർത്ഥത്തിൽ മലയാളികൾ കാത്തിരുന്ന പുസ്തകമാണ്‌ ഇത്. (പരിഭാഷ നിർവ്വഹിച്ചിരിക്കുന്ന ഭാരതീയ തത്വചിന്തയിലെ അദ്വിതീയനായ കെ.കെ.സി.നായർ, ഋഗ്വേദസംഹിത- ഡോ.പി.വി.ഉണ്ണിത്തിരി ) എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.


യൂസഫലി കേച്ചേരി




യൂസഫലി കേച്ചേരിയെക്കുറിച്ച് മാതൃഭൂമി മൂന്നു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് എന്തുകൊണ്ടും ഉചിതമായി. കേച്ചേരിയുടെ മരണവാർത്തയും മാതൃഭൂമി പത്രം അർഹിക്കുന്ന പ്രാധാന്യത്തോടെയാണ്‌ പ്രസിദ്ധീകരിച്ചത്. ലേഖനങ്ങൾ ഇതൊക്കെയായിരുന്നു.

പേരറിയാത്തൊരു നൊമ്പരം - ടി.പി.ശാസ്തമംഗലം
കണ്ണനും സുറുമയും - എം.പി.സുരേന്ദ്രൻ
സംസ്കാരധാരയായ ഗാനകാവ്യസമന്വയം - കെ.പി.ശങ്കരൻ

മൂന്നും നല്ല രചനകളായിരുന്നു. കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന കേച്ചേരി രണ്ടുരംഗത്തും ഒരുപോലെ വിജയിച്ചു. എൺപതാം വയസ്സിൽ പൊലിഞ്ഞുപോയ ആ കാവ്യദീപത്തിന്‌ സംസ്കാരജാലകത്തിന്റെ ഒരായിരം പ്രണാമങ്ങൾ. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നും ഉയർന്നുവന്ന ഏറ്റവും ഉന്നതനായ കവിപ്രതിഭയാണ്‌ യൂസഫലി കേച്ചേരി. അദ്ദേഹത്തിന്റെ കവിതയിലെ കൃഷ്ണബിംബങ്ങൾ മലയാള കവിതയിൽ ഒരു പ്രത്യേക ഭാവുകത്വം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.


പ്രേമം എന്ന സിനിമയും അരാഷ്ട്രീയതയുടെ ഉൽപ്പാദനവും




ആഗോളവൽക്കരണത്തിന്റെയും ഉത്തരാധുനികതയുടെയും കാലയളവിൽ പുറത്തുവരുന്ന ജനപ്രിയസിനിമകൾ കലാചിന്തകന്മാർ സവിശേഷമായി വിലയിരുത്തുകയും പൊതുസമൂഹത്തിൽ വലിയ സംവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതാണ്‌. നമ്മുടെ യുവത്വത്തെ രാഷ്ട്രീയചരിത്ര നിർമുക്തമാക്കുന്നതിനും മുതലാളിത്തവ്യവസ്ഥയ്ക്ക് ചേരുന്ന ഒരു ജനതയാക്കി മാറ്റിയെടുക്കുന്നതിനും പ്രേമം പോലുള്ള സിനിമകൾ വഹിക്കുന്ന പങ്ക് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അത് കാമ്പസുകളെ എപ്രകാരമാണ്‌ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ദുരന്താത്മകമായ വാർത്തകളാണ്‌ നാം പത്രങ്ങളിൽ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. പ്രേമം പോലുള്ള സിനിമകളെ കൊണ്ടാടുന്ന നമ്മുടെ യുവത്വം രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഉൽപ്പന്നമായി മാറിയ ‘ഇയ്യോബിന്റെ പുസ്തക’ത്തെ അവഗണിക്കുന്നതിനെക്കുറിച്ച് ‘പ്രേമവും സംസ്കാരവും’ എന്ന ലേഖനത്തിൽ രതീഷ് ശങ്കരൻ പങ്കുവെക്കുന്നു (ദേശാഭിമാനി വാരിക 24 ജൂലൈ 2015). ആശങ്ക വളരെ കൃത്യമാണ്‌.


എം.എച്ച്.എബ്രാംസിന്‌ വിട




ലോകത്ത് ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന വിദ്യാർഥികൾക്കു മാത്രമല്ല, മലയാളസാഹിത്യം പഠിക്കുന്ന വിദ്യാർഥികൾക്കും സുപരിചിതനാണ്‌ നൂറ്റിരണ്ടാം വയസ്സിൽ (21.04.2015) യു.എസിലെ ഇഥാക്കയിൽ അന്തരിച്ച എം.എച്ച്.എബ്രാംസ്. മലയാളസാഹിത്യഗവേഷണ വിദ്യാർഥികൾ അദ്ദേഹത്തിന്റെ 'A Glossary of Literary Terms' ലൂടെ കടന്നുപോയി മാത്രമേ ഗവേഷണപ്രബന്ധം പൂർത്തീകരിക്കാറുള്ളു. സ്ഥിരോത്സാഹിയായ ഈ ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷ് സാഹിത്യത്തിന്‌ പുതിയ മുഖം കൊടുത്ത പ്രതിഭാശാലിയാണ്‌. ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപനിക കവികളായ വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റ്സ് തുടങ്ങിയവരെ തന്റെ രചനയിലൂടെ സാഹിത്യലോകത്തെ ഒന്നാംനിരക്കാരാക്കിയത് എബ്രാംസ് ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യവിദ്യാർത്ഥികളുടെ ബൈബിളായ ‘നോർട്ടൺ ആന്തോളജി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചറി’ന്റെ എഡിറ്ററുമായിരുന്നു ഇദ്ദേഹം. മരണംവരെയും ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിൽ ജാഗ്രതയോടെ വർത്തിച്ച ഇദ്ദേഹത്തിന്റെ ‘ദ മിറർ ആൻഡ് ദ ലാം പ്’, ‘ദ ഫോർത്ത് ഡയമെൻഷൻ ഓഫ് പോയം’, ‘നാച്ചുറൽ സൂപ്പർ നാച്ചുറലിസം’, ‘ട്രഡിഷൻ ആൻഡ് റെവലൂഷൻ ഇൻ റൊമാന്റിക് ലിറ്ററേച്ചർ’, ‘ലിറ്ററേച്ചർ ആൻഡ് ബിലീഫ്’ തുടങ്ങിയ ഗ്രന്ഥങ്ങൾ ഇന്നും ശ്രദ്ധേയമാണ്‌.


കേരളത്തിലെ ആദ്യത്തെ മുല്ലപ്പൂ വിപ്ലവം

മൂന്നാറിലെ തേയിലത്തോട്ട തൊഴിലാളികളുടെ സമരവിജയത്തെ കേരളത്തിലെ ആദ്യത്തെ 'മുല്ലപ്പൂ വിപ്ലവ'മെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തെ റദ്ദ് ചെയ്യുവാനുള്ള പ്രവണതകൾ ഉത്തരാധുനികകാലത്ത് ഉണ്ടാവുക സ്വാഭാവികമാണ്‌. ആഗോളവല്ക്കരണ നയങ്ങൾക്കൊപ്പം ചൂഷണത്തിനെതിരെയുള്ള സമരങ്ങളെ ശിഥിലമാക്കുവാനുള്ള പദ്ധതികളും ഇവിടെ വന്നെത്തിയിട്ടുണ്ട്. കേന്ദ്രങ്ങളെ തകർക്കുക എന്ന ഉത്തരാധുനിക പ്രവണതയുടെ പൊതുപ്രവണതയാണ്‌ മൂന്നാറിലൂടെ നാം കാണുന്നത്. തൊഴിലാളികളെ മുതലാളിമാർ മാത്രമല്ല, തൊഴിലാളി നേതൃത്വവും ചൂഷണം ചെയ്യും എന്ന യാഥാർത്ഥ്യം പല കമ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളും നേരത്തേതന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടായിരുന്നു. കേന്ദ്ര തകർച്ച എന്ന ഉത്തരാധുനിക പ്രവണതയ്ക്കൊപ്പം ഇതും ഒരു രാസത്വരകമായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ വില്ലൻ ആഗോളവത്കരണത്തോടൊപ്പം ഇവിടെ വന്ന പുരോഗമനവിരുദ്ധ രാഷ്ട്രീയമാണ്‌. നാം പ്രത്യക്ഷത്തിൽ കാണാത്ത ചില ഗൂഢനീക്കങ്ങളുമീ സമരത്തിന്റെ പിന്നാമ്പുറത്ത് ഉണ്ടെന്ന് കേൾക്കുന്നു. 'പെമ്പിളൈ ഒരുമൈ' ഒക്കെ ഇതിന്റെ ഭാഗമാണ്‌. ഇതും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്‌.



ചേമ്പിലക്കുട




2011 ഡിസംബറിൽ പ്രസിദ്ധീകൃതമായ എം.ടി.ഗിരിജാകുമാരിയുടെ ‘ചേമ്പിലക്കുട’ എന്ന കാവിതാസമാഹാരം സാഹചര്യവശാൽ ഇപ്പോഴാണ്‌ കൈയ്യിൽക്കിട്ടിയത്. പുസ്തകം എത്തിച്ചു തന്ന ഗിരിജയ്ക്ക് പ്രത്യേകം നന്ദി. കണ്ണൂർ ലിഖിതം ബുക്സ് ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത കവി മധുസൂധനൻനായരുടെ മർമ്മസ്പർശിയായ അവതാരികയും പുസ്തകത്തിലുണ്ട്. പുസ്തകത്തിൽ എഴുതിച്ചേർത്തിരിക്കുന്ന ഗിരിജയുടെ ആമുഖക്കുറിപ്പും ശ്രദ്ധേയമാണ്‌. അതിൽനിന്നും തെളിഞ്ഞുമാറി വരുന്നത് കണ്ണൂർ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഉദാത്തമായ അനുഭവവിശേഷങ്ങളാണ്‌. അത് വായിച്ചപ്പോൾ കണ്ണൂർ ജില്ലയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിക്കിട്ടി. അവിടെപ്പോയി ജനങ്ങളുമായി ഇടപഴകുവാൻ മനസ്സു വെമ്പുന്നു.


ഗിരിജയുടെ കവിതാസമാഹത്തിലെ ആദ്യകവിത തന്നെ നമ്മുടെ ഭൂതകാല ഊടുവെയ്പ്പുകൾ വികസനത്തേര്‌ ഉരുളവേ തകർന്നടിഞ്ഞു മാഞ്ഞുപോകുന്നതിന്റെ വളരെ നൊസ്റ്റാൾജിക്കായ കാവ്യാവിഷ്കാരമാണ്‌. ഭൂതകാലവും ഓർമകളും നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകുമ്പോൾ വേരുകൾ അറ്റുപോയ ഒരു വൃക്ഷം പോലെ നാം തകർന്നുവീഴുകയാണ്‌. ഏറ്റവും പുതിയകാലത്ത് വികസനം എന്ന മുദ്രാവാക്യം പോലെ വൃത്തികെട്ട മറ്റൊന്നും ഊഴിയിൽ ഇല്ല എന്ന് ഗിരിജയുടെ ഈ പാരിസ്ഥിതിക കവിത നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ‘കൈവിളക്ക്’ മുതൽ ‘സഹനം’ വരെയുള്ള ഈ സമാഹാരത്തിലെ ഓരോ കവിതയ്ക്കും ആത്മമുദ്രിതവും കാൽപനികവുമായ ഒരു കാവ്യജീവിതത്തിന്‌ അർഹതയുണ്ട് എന്നത് ഈ പുസ്തകത്തിന്റെ പുണ്യം തന്നെയാണ്‌.



ഗുന്തർഗ്രാസിന്‌ വിട




വിശ്വസാഹിത്യകാരൻ എന്ന പദവിയിലേക്കുയരാൻ കഴിഞ്ഞ ജർമ്മൻ സാഹിത്യകാരൻ. നമ്മുടെ കാലത്തിന്‌ കൂടുതൽ അനാഥത്വമേകി അദ്ദേഹവും നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഇടത് ആഭിമുഖ്യവും നാസിവിരുദ്ധതയും ഈ സാഹിത്യകാരന്റെ മുഖമുദ്രയായിരുന്നു. 1999 ൽ ‘ദ ടിൻ ഡ്രം’ എന്ന കൃതിക്ക് നൊബേൽ സമ്മാനം ലഭിച്ചു.

ലോകത്തിലെ പല വലിയ സാഹിത്യകാരന്മാരെയും പോലെ ഗുന്തർഗ്രാസും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ്‌ ലോകസാഹിത്യവേദി കീഴടക്കിയത്. ക്യാറ്റ് ആൻഡ് മൗസ്, ഡോഗ് ഇയേഴ്സ്, ലോക്കൽ അനസ്തെറ്റിക്സ്, ഫ്രം ദ ഡയറി ഓഫ് എ സ്നെയിൽ, മൈ സെഞ്ച്വറി, ദ ബോക്സ് ഹൗട്ടൺ ആൻഡ് സ്വീബൽ, ദ പ്ലബിയൻസ്, ദ അപ് റൈസിംഗ് എന്നിവ പ്രശസ്ത കൃതികളാണ്‌. ‘പീലിംഗ് ദ ഒനിയൻ’ ആത്മകഥ. എഴുത്തുകാർ എന്തുകൊണ്ട് ഇടതുപക്ഷ സഹയാത്രികർ ആകുന്നു എന്നതിന്റെ മഹാപാഠം ഗുന്തർഗ്രാസിന്റെ ജീവിതത്തിൽനിന്നും വായിച്ചെടുക്കാവുന്നതാണ്‌.


മൻമോഹൻസിംഗ്




മൻമോഹൻസിംഗ് കോളേജ് അധ്യാപകനായിരുന്നു. UGC യുടെ രൂപീകരണത്തിനും മറ്റും അദ്ദേഹത്തിന്‌ നരസംഹറാവുവിനും രാജീവ് ഗാന്ധിക്കും ഒപ്പം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഇവർ നൽകിയ സംഭാവന വലുതാണ്‌. ഇന്ത്യയിലെ കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്നതിന്‌ പക്ഷെ മൻമോഹൻസിംഗ് ശ്രദ്ധിച്ചില്ല. കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം അതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല. നമ്മുടെ വികസനത്തെ അത് എങ്ങനെ പ്രതികൂലമായി ബാധികുന്നു എന്ന് കോളേജ് അധ്യാപകനായിരുന്നിട്ടു കൂടി അദ്ദേഹം മുതലാളിത്തവികസന മാതൃകയായിരുന്നു പിൻതുടർന്നത്. മുതലാളിത്തം സ്വയം ഒരു കുറ്റകൃത്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ധനവാന്റെ സ്വർഗ്ഗപ്രാപ്തി അസാധ്യമാണെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നതിന്റെ പിന്നിൽപോലും ഒരു മുതലാളിത്ത വിരുദ്ധചിന്തയുണ്ട്. വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന മൻമോഹൻസിംഗ് പക്ഷെ മുതലാളിത്ത വികസനമാതൃകയിലെ ദൗർബല്യങ്ങൾ കാണാതെ പോയത് പുന:പരിശോധിക്കേണ്ടതു തന്നെയായിരുന്നു.


ഇ.വി.കൃഷ്ണപിള്ളയെ ഓർക്കുമ്പോൾ




ഇ.വി അസാധാരണ പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു. സി.വി.രാമൻപിള്ളയുടെ മരുമകനാണ്‌ ഇ.വി.കൃഷ്ണപിള്ള എന്ന് ഞങ്ങളുടെ പ്രൊഫസർ ക്ലാസിൽ പറഞ്ഞപ്പോൾ അത് ആരാധനയോടെയാണ്‌ കേട്ടിരുന്നത്. പിന്നീട് ഇ.വി യുടെ മകനാണ്‌ അടൂർഭാസിയെന്ന് മറ്റൊരു വാർത്തയും ഞങ്ങൾ അതേ ആരാധനയോടെ കേട്ടു. ഇ.വി യുടെ നർമ്മലേഖനങ്ങളും കഥകളും മലയാളത്തിന്റെ എക്കാലത്തെയും മികച്ച രചനകളാണ്‌. ഇ.വി യെക്കുറിച്ച് സി.കേശവൻ പറഞ്ഞ കമന്റ് എത്ര ചിന്തോദ്ദീപകമായിരിക്കുന്നു. “ഗാന്ധിജിയും നാരായണഗുരുവുമൊന്നിച്ച് സ്വർഗ്ഗത്തു പോകുന്നതിനേക്കാൾ ഇ.വി യുമൊന്നിച്ച് നരകത്തിൽ പോകുന്നതിനാണ്‌ താൻ ആഗ്രഹിക്കുന്നത്." ഇ.വി യെക്കുറിച്ച് ആയിരക്കണക്കിന്‌ പേജുകൾ എഴുതുന്നതിനേക്കാൾ ശക്തി സി.കേശവന്റെ ഈ കമന്റിനുണ്ട്. കലാകൗമുദി ഇ.വി യെക്കുറിച്ച് ‘ഇ.വി ഇഫക്ട്’ (2015 ഏപ്രിൽ 26) എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചത് അവസരോചിതമായിട്ടുണ്ട്. ലേഖന കർത്താവ് ഹരിദാസ് ബാലകൃഷ്ണന്‌ അനുമോദനങ്ങൾ.

ദേശാഭിമാനി ദിനപത്രത്തിന്റെ സാംസ്കാരിക പ്രാധാന്യം

കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയവ സാംസ്കാരിക വാർത്തകളെ അതിഭീകരമാംവണ്ണം തമസ്കരിക്കുകയാണ്‌. ഈ സാഹചര്യമാണ്‌ ദേശാഭിമാനി ദിനപത്രത്തെ കേരളത്തിലെ ഓരോ ഭവനങ്ങളിലും അനിവാര്യമാക്കുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കും വാർത്തകൾക്കും ദേശാഭിമാനി ദിനപത്രം കൊടുക്കുന്ന പ്രാധാന്യം വിലമതിക്കപ്പെടേണ്ടതാണ്‌. സംസ്കാരവ്യവസായത്തിന്റെ (Cultural Industry) വർത്തമാനകാല സാഹചര്യത്തിൽ ഇതിന്‌ ഏറെ പ്രാധാന്യം കൈവരിക്കുകയാണ്‌. അതുകൊണ്ട് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങി ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കേണ്ടതാണ്‌. ഇതൊരു സാംസ്കാരിക വിമോചനയജ്ഞമായി പോലും ഭാവികാലചരിത്രം രേഖപ്പെടുത്തും ഇത്തരത്തിലുള്ള ഒരു പ്രവർത്തനതിന്റെ അതീവപ്രാധാന്യം ഇടതു രാഷ്ട്രീയനേതൃത്വം പോലും വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നത് ഇടത് രാഷ്ട്രീയത്തെ സ്വാധീനിച്ചിരിക്കുന്ന വല്ലാത്തൊരു പ്രതിസന്ധിയാണ്‌ എടുത്തുകാണിക്കുന്നത്. ഇത് ഒരു വലിയ രാഷ്ട്രീയപ്രവർത്തനമായി തിരിച്ചറിയാൻ ഇടതുരാഷ്ട്രീയത്തിന്‌ കഴിയുന്നില്ല എന്നത് പൊതുമുതലാളിത്തം അവരെ അകപ്പെടുത്തിയിരിക്കുന്ന രാവണൻകോട്ട (Labyrinth) എത്ര ഭീകരവും ഗുരുതരവുമാണെന്ന്` അവർ ഇനി എന്നാണ്‌ മനസ്സിലാക്കുന്നത്.



പേരിലുമുണ്ട് ഒരു ‘അപ്പൻ’ സ്റ്റൈൽ



കെ.പി.അപ്പന്റെ പേര്‌ കേട്ടുതുടങ്ങിയ നാളുകളിൽ തന്നെ ആ പേരിലൊരു മാസ്മരികത ഉള്ളതായി തോന്നിയിട്ടുണ്ട്. പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ്‌ ഈ പേരിന്റെ രൂപപ്പെടൽ രഹസ്യം മനസ്സിലായത്. കെ.പൊന്നപ്പൻ എന്ന പേര്‌ കെ.പി.അപ്പൻ എന്നു മാറ്റിയെടുക്കുകയായിരുന്നു. അങ്ങനെ ആ പേരിനും ഒരു അപ്പൻ സ്റ്റൈൽ കൈവന്നു. അന്നത്തെ തിരുവനന്തപുരം കാര്യവട്ടം ബുദ്ധിജീവികൾക്ക് കെ.പി.അപ്പനെന്ന പേരു കേൾക്കുന്നതു തന്നെ അലർജിയായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; പഴയ അപ്പൻ വിരോധത്തോടുകൂടി. അവർ രൂപപ്പെടുത്തിയ ശിഷ്യഗണങ്ങളും ഈ രോഗം പിൻതുടരുന്നുണ്ട്. കാര്യവട്ടം മലയാള പഠനവകുപ്പിന്റെ തലവൻ ജി.പത്മറാവുവാണ്‌. അദ്ദേഹത്തിന്റെ മുറിയിൽ കെ.പി.അപ്പന്റെ ഫോട്ടോ വെച്ചിട്ടുള്ളതായി കേൾക്കുന്നു. അങ്ങനെ അദ്ദേഹം കാര്യവട്ടം പഠനവകുപ്പും തിരുവനന്തപുരത്തെ ചില ബുദ്ധിജീവികളും കെ.പി.അപ്പനോട് കാട്ടിയ അനീതിക്ക് മധുരമായ ഒരു പ്രതികാരം ചെയ്തിരിക്കുന്നു.


ജി.കാർത്തികേയൻ




ജി.കാർത്തികേയനെക്കുറിച്ച് ഭാര്യ ഡോ.സുലേഖ എഴുതിയ ഓർമക്കുറിപ്പ് ഗൃഹലക്ഷ്മിയിൽ വായിച്ചു (2015 ഏപ്രിൽ 15). ജി.കാർത്തികേയനെക്കുറിച്ച് വ്യക്തമായൊരു ചിത്രം അറ്റിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഒരിക്കൽ മാത്രമേ കേട്ടിട്ടുള്ളു. ഒരിക്കൽ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. കോട്ടയത്തിനടുത്ത് ഒരു ഗ്രാമപ്രദേശത്തിലെ ക്ഷേത്രത്തിൽ വെച്ചാണ്‌ കണ്ടത്. കോട്ടയം ബസേലിയസ് കോളേജിലെ ഡോ.വിശ്വനാഥൻ നമ്പൂതിരി സാറുമായാണ്‌ ഞാൻ അവിടെ പോയത്. ജി.കെ യുടെ പ്രസംഗവും സ്വരൂപവും എന്നിൽ ഒരുപാട് ആദരവിന്റെ അലകൾ സൃഷ്ടിച്ചു. ഒരു ദൈവവെളിച്ചം എന്റെ മനസ്സിൽ ഉണ്ടായി. ഏകദേശം ഒരു കാൽനൂറ്റാണ്ടിനു ശേഷം ജി.കെ യെക്കുറിച്ച് ഡോ.സുലേഖ എഴുതിയ ഈ ഓർമക്കുറിപ്പ് വായിച്ചപ്പോളാണ്‌ എനിക്കുണ്ടായ പ്രകാശവും തോന്നലുകളും എത്രമാത്രം ശരിയായിരുന്നുവെന്ന് തിരിച്ചറിയുന്നത്.


പ്രൊ.എം.കൃഷ്ണൻനായർ




പ്രൊ.എം.കൃഷ്ണൻനായർക്ക് സാഹിത്യഅക്കാദമി അവാർഡും വയലാർ അവാർഡും കൊടുക്കാതിരുന്നത് കൊടിയ അനീതി. സാഹിത്യവാരഫലം പുസ്തകരൂപത്തിൽ പുറത്തുവന്നത് കേരളത്തിലെ സാഹിത്യ ബുദ്ധിജീവികൾ വായിച്ചുനോക്കുന്നത് നല്ലതാണ്‌. ലോകസാഹിത്യത്തിലെ തന്നെ അത്ഭുതകരമായ ഒരു കോളമാണിത്; ചില പരിമിതികളൊക്കെ ഉണ്ടെങ്കിലും. ഒരു മനുഷ്യൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചൊരു സാമ്രാജ്യമാണത്. കേവലം  ലിറ്റററി ജേർണ്ണലിസത്തിന്റെ ഭാഗമായി അതിനെ ചെറുതായി കാണാൻ നമ്മുടെ സാഹിത്യബുദ്ധിജീവികൾ ശ്രമിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിന്‌ സാഹിത്യ അക്കാദമി അവാർഡോ വയലാർ അവാർഡോ കൊടുക്കാതിരുന്നത് കൊടിയ അനീതിയായിപ്പോയി. ഈ അവാർഡുകൾ ലഭിച്ച കൃതികളും എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലവും നിഷ്പക്ഷമതികളായ സാഹിത്യസ്നേഹികൾ ഒന്നു താരതമ്യം ചെയ്തു നോക്കൂ.


എം.സംങ് എന്ന യുവകവി




യുവകവി എം.സംങിന്റെ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. സാഹിത്യത്തിനും കവിതയ്ക്കും സംസ്കാരത്തിനും വേണ്ടിയുള്ള സംങിന്റെ ആത്മസമർപ്പണം വളരെ അസൂയയോടെയാണ്‌ എപ്പോഴും നോക്കിനിന്നത്. ഈ യുവകവിയുടെ രണ്ട് കവിതാസമാഹാരങ്ങളിലൂടെയും കവിതയെ സ്നേഹിക്കുന്നവർ കടന്നു പോകേണ്ടതാണ്‌. 2011 ൽ ഇറങ്ങിയ ‘ആർക്കൊക്കെയോ’ (യുവമേള പബ്ലിക്കേഷൻസ്), 2012 ൽ ഇറങ്ങിയ ‘പ്രണയികളുടെ കടൽ’ (യുവമേള പബ്ലിക്കേഷൻസ്) എന്നിവയാണ്‌ കവിതാസമാഹാരങ്ങൾ. രണ്ട് കവിതാസമാഹാരത്തിലുമായി നമുക്ക് 43 കവിതകൾ വായിക്കാൻ കഴിയും. ഈ രണ്ട് സമാഹാരത്തിനു ശേഷവും മലയാള കവിതയിൽ ഉറച്ചു നിന്ന എം.സംങ് ഒട്ടനവധി കവിതകൾ എഴുതിയിട്ടുണ്ട്. ഈ കവിതകൾ എല്ലാംതന്നെ സവിശേഷമായ ഒരു സെൻസിബിലിറ്റിയുടെ ലോകമാണ്‌ തുറന്നിടുന്നത്. ‘പെണ്ണകം’ എന്ന കവിതാസമാഹാരത്തിലൂടെ മലയാളകവിതയിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച ഇന്ദുലേഖയാണ്‌ സംങിന്റെ സഹധർമ്മിണി.


ശ്രീനാരായണ ഗുരു




ലോകം കണ്ട ഏറ്റവും വലിയ ആത്മീയനേതാക്കളിൽ ഒരാളാണ്‌ ശ്രീനാരായണ ഗുരുദേവൻ. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി എന്നതാണ്‌ ഗുരുവിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ധാരയെ ഇത്രത്തോളം വിജയിപ്പിച്ച ഒരാൾ ലോകചരിത്രത്തിൽ തന്നെ അപൂർവ്വമാണ്‌. ശ്രീനാരായണ ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാപേർക്കും ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിൽ അംഗമാകാൻ കഴിയുന്ന ഒരു കാലമാണ്‌ ഗുരു സ്വപ്നം കണ്ടത്. ഗുരുവിന്റെ പക്ഷത്തു ചേരുവാനും പേര്‌ ഉച്ചരിക്കുവാനുമുള്ള യോഗ്യത ഓരോ വ്യക്തിയും നേടിയെടുക്കേണ്ടതാണ്‌. അതിന്‌ അർഹത ഇല്ലാത്തവർ ഗുരുവിനു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത് കണ്ട് ചരിത്രം മരവിച്ചു നിൽക്കുന്ന ഒരു സവിശേഷകാലത്തിലാണ്‌ നാം ജീവിക്കുന്നത്. കെ.പി.അപ്പൻ എഴുതിയ ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എല്ലാവരും കണ്ണുതുറന്ന് വായിക്കുന്നത് നന്നായിരിക്കും.


എം.എൻ.കാരശേരി




സ്വാതന്ത്ര്യസമര പോരാട്ടകാലം തൊട്ടുതന്നെ ചിന്തോദ്ദീപകമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ദിനപത്രത്തിന്റെ ഒരു രീതിയാണ്‌. എം.എൻ.കാരശേരിയുടെ പുതിയ ലേഖനം ‘സ്ഥിതി ഭീതിജനകം’ (2015 സെപ്റ്റംബർ 4) വായിച്ചപ്പോൾ മാതൃഭൂമിയുടെ നല്ല പാരമ്പര്യം കൂടി മനസ്സിൽ ഓടിയെത്തി. കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരേ എന്നീ മൂന്നുപേരുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തിലാണ്‌ കാരശേരി മാഷ് ഈ ലേഖനം എഴുതിയിരിക്കുന്നത്. നമുക്കേവർക്കും ഉണ്ടാകേണ്ട മതമൗലികവാദത്തിനെതിരായ സാംസ്കാരിക തേജസ്സിന്റെ ധീരമായ ശബ്ദമാണ്‌ ഈ ലേഖനത്തിൽ മുഴങ്ങി നിൽക്കുന്നത്. നമുക്കും അതിൽ ലയിച്ചു ചേരാം.


കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം




മലയാളത്തിൽ ഏറെക്കുറേ നിർജ്ജീവമായിപ്പോയ ബാലസാഹിത്യശാഖയ്ക്ക് പുത്തനുണർവ്വ് നൽകാൻ ശ്രമിക്കുകയാണ്‌ എസ്.ആർ.ലാൽ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിലൂടെ. ബാലസാഹിത്യമെന്നാൽ കാക്ക കൂടുവെച്ച കഥയും പൂച്ച കഞ്ഞിവെച്ച കഥയുമാണ്‌ നമുക്കിന്നും. ബാലസാഹിത്യമെന്നാൽ പേജ് അധികമാകാൻ പാടില്ല എന്ന പരമ്പരാഗത സങ്കൽപ്പത്തിനും മലയാളത്തിൽ മാറ്റമുണ്ടായിട്ടില്ല. ഇരുന്നൂറും മുന്നൂറും പേജുള്ള ഹാരിപ്പോട്ടർ പരമ്പരകൾ വായിച്ചാസ്വദിക്കുന്ന കുട്ടികളാണ്‌ നമുക്ക് ചുറ്റുമുള്ളതെന്ന് തിരിച്ചറിയാതെ പോകുന്നുണ്ട് നാം. പുതിയകാലത്തെ വിവരസാങ്കേതിക വിദ്യ മാറ്റിയെടുത്ത കുട്ടികളെ പുതിയകാല ബാലസാഹിത്യം കാണതിരുന്നുകൂടാ. മലയാളത്തിലെ വ്യവസ്ഥാപിതമായ ബാലസാഹിത്യ എഴുത്തുസങ്കൽപ്പത്തെയെല്ലാം പൊളിച്ചെഴുതുന്നുണ്ട് ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന കൃതി. എസ്.ആർ.ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിന്‌ മുന്നൂറ്റിനാൽപതോളം പേജുകളുണ്ട്. യു.പി.തലം തൊട്ട് മുതിർന്നവർ വരെയുള്ളവരെ ഈ കൃതി ലക്ഷ്യമിടുന്നുണ്ട്. കുഞ്ഞുണ്ണിയുടെ കഥാപശ്ചാത്തലമായി കേരളവും ബോംബെയും ആഫ്രിക്കയിലെ കെനിയയും ഉഗാണ്ടയും കോംഗോയുമെല്ലാം കടന്നുവരുന്നുണ്ട്.




കുഞ്ഞുണ്ണിയെന്ന പതിമൂന്നുകാരൻ തന്റെ ദൗത്യനിർവ്വഹണത്തിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വഴികളാണിവയെല്ലാം. വെറുതെ കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക, അവിടുത്തെ വിവരങ്ങൾ പറഞ്ഞുതരിക എന്ന രീതിയിലല്ല നോവലിന്റെ പോക്ക്, മറിച്ച് കഥാഗാത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നു വിസ്മയിപ്പിക്കുന്ന ഓരോ യാത്രയും. അതിസാഹസികമായ സഞ്ചാരപഥങ്ങളാണ്‌ കുഞ്ഞുണ്ണി വരച്ചിടുന്നത്. മണിമലക്കുന്നിലെ നിധി അന്വേഷിക്കുന്ന മാർത്താണ്ഡനും കടലിലെ ആരും കണ്ടെത്താത്ത ഭൂവിഭാഗം കണ്ടെത്താൻ ശ്രമിക്കുന്ന കുറുപ്പും ആഫ്രിക്കയിലെ തേയിലത്തോട്ടത്തിലെ മനേജരായ മലബാറുകാരൻ ചെക്കിനിയും ആഫ്രിക്കൻബാലൻ രാമങ്കോലെയും ആഫ്രിക്കൻ മന്ത്രവാദി മനമ്പാടിയും ആഫ്രിക്കൻ വനാന്തരങ്ങളിൽ നിധി തേടിനടക്കുന്ന മാർത്താണ്ഡന്റെ മകൻ വൈശാഖനും സഞ്ചാരി എസ്.കെ.പൊറ്റക്കാട്ടും എല്ലാം ചേർന്നൊരുക്കുന്ന വിസ്മയപ്രപഞ്ചമുണ്ട് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിൽ.


O


Phone: 9895734218



No comments:

Post a Comment

Leave your comment