Monday, February 26, 2018

സംസ്കാരജാലകം-33

സംസ്കാരജാലകം-33
ഡോ.ആർ.ഭദ്രൻസൈബർ ഫെമിനിസം:സാംസ്കാരിക സംവാദംവിജ്ഞാനകൈരളി ജനുവരി 1, 2018 ൽ വന്ന ഡോ.സുജാറാണി മാത്യുവിന്റെ ‘സൈബർ ഫെമിനിസം: ഒരു സാംസ്കാരിക സംവാദം’ എന്ന ലേഖനം പുതിയ അറിവുകളുടെ ഒരു കലവറയാണ്‌. ഫെമിനിസം, എക്കോ ഫെമിനിസത്തിൽ നിന്നും സൈബർ ഫെമിനിസത്തിലേക്ക് വളർന്നുവെന്ന് ഈ ലേഖനം നമ്മെ അറിയിക്കുന്നു. സ്ത്രീ പ്രകൃതിയാണ്‌ എന്ന അറിവ് മാറി സ്ത്രീ സാങ്കേതികതയാണ്‌ എന്ന പുതിയ അറിവിലേക്ക് നമ്മെ വളർത്തുവാൻ ഈ ലേഖനം സഹായിക്കുന്നു. സ്ത്രീ മുന്നേറ്റങ്ങളുടെ ഒരു പുതിയ വഴിയാണിത്. സൈബർ ഫെമിനിസത്തിലേക്ക് നാം വളരുമ്പോഴും സ്ത്രീ ഒരു രാഷ്ട്രീയ പ്രയോഗമാണ്‌ എന്ന വലിയ അറിവിന്‌ ഉലച്ചിൽ സംഭവിക്കുന്നില്ല എന്ന കാര്യം എല്ലാ ഫെമിനിസ്റ്റുകളും തിരിച്ചറിയേണ്ടതാണ്‌.

ഗവൺമെന്റ് റേഡിയോയെ ഫലപ്രദമായി ഉപയോഗിക്കണം.


റേഡിയോ ഇന്നും ഒരു നിറംകെട്ട മാധ്യമമായി തുടരുകയാണ്‌. ശ്രാവ്യമാധ്യമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഗവൺമെന്റ് ആത്മാർത്ഥമായി വിചാരിച്ചാൽ റേഡിയോയെ ഫലപ്രദമായ ഒരു മാധ്യമമാക്കാൻ കഴിയും ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന്‌ ഗവൺമെന്റ് റേഡിയോയെ ശ്രദ്ധയോടെ ഉപയോഗിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. ഇതിൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ കേരളത്തിന്‌ മാതൃകയാക്കാവുന്നതാണ്‌.

ജോസഫ് പുലിക്കുന്നേൽ

മലയാള മനോരമയിൽ (29.12.2017) സക്കറിയ എഴുതിയ ‘കലർപ്പില്ലാത്ത കലാപം’ എന്ന ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചുള്ള ലേഖനം യാഥാർത്ഥ്യബോധം തുളുമ്പുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അത് ഗംഭീരമായിരുന്നു. സക്കറിയ സൂചിപ്പിച്ചതു പോലെ അദ്ദേഹം നിർഭയനായ പോരാളിയായിരുന്നു. സമൂഹത്തിലെ പല ദുർചെയ്തികൾക്കെതിരെയും പുലിക്കുന്നേൽ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കത്തോലിക്ക സഭയുടെ സൈദ്ധാന്തിക വിമർശകൻ എന്ന നിലയിൽ പുലിക്കുന്നേൽ എന്നും ഓർമിക്കപ്പെടും. പുലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന മലയാള ബൈബിൾ വിവർത്തനവും ശ്രദ്ധേയമായ കാൽവെയ്പ്പായിരുന്നു. അദ്ദേഹം ആരംഭിച്ച ‘ഓശാന’ മാസിക സമാനതകളില്ലാത്ത മറ്റൊരു നേട്ടമായിരുന്നു. ഞാൻ കോട്ടയം ബസേലിയോസ് കോളേജിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‌ ആതിഥ്യം അരുളാൻ സാധിച്ചത് ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.


കെ.എസ്.ആർ.ടി.സി പെൻഷൻ ഉടൻ കൊടുത്തുതീർക്കുക.കെ.എസ്.ആർ.ടി.സി പെൻഷൻ കൊടുത്തു തീർക്കാതിരിക്കുക വഴി കേരള ഗവൺമെന്റ് ഒരു പ്രാകൃത സംവിധാനമായി അധ:പതിക്കുകയാണ്‌. നമ്മുടെ പൊതു മനസാക്ഷി കെ.എസ്.ആർ.ടി.സി പെൻഷൻകാരോടൊപ്പം ഉണ്ട്. പെൻഷൻ ജന്മാവകാശമാണ്‌. അതിന്‌ ആരുടെയും ഔദാര്യം ആവശ്യമില്ല. ഇക്കാര്യം കേരള ഗവൺമെന്റ് മനസ്സിലാക്കണം. കെ.എസ്.ആർ.ടി.സി ക്കാരുടെ നീറുന്ന പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യത്തിൽ നമ്മുടെ പ്രിന്റ്-ദൃശ്യ മാധ്യമങ്ങൾ കാണിക്കുന്ന അലംഭാവം അവരെക്കാലവും തുടരുന്ന കപടമുഖത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌.ശെൽവമണിയുടെ കഥാവിമർശനങ്ങൾ
കെ.ബി.ശെൽവമണി എന്ന യുവവിമർശകൻ പല ആനുകലികങ്ങളിലായി എഴുതിയിട്ടുള്ള കഥാവിമർശനങ്ങൾ നമ്മുടെ കഥാവിമർശനശാഖയുടെ മുതൽക്കൂട്ടുകളാണ്‌. പ്രമോദ് രാമനുമായി ‘പ്രസാധകൻ’ മാസികയിൽ ഡോ.ശെൽവമണി നടത്തിയ ദീഘസംഭാഷണവും അതേ മാസികയിൽ എബ്രഹാം മാത്യൂ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവരുമായും ‘ഭാഷാപോഷിണി 2017 ഓണപ്പതിപ്പി’ൽ സന്തോഷ് എച്ചിക്കാനത്തിന്റെ കഥകളെക്കുറിച്ചെഴുതിയ ലേഖനവും മലയാള കഥാവിമർശനത്തിന്റെ നേട്ടങ്ങൾ ആണ്‌. കൂട്ടത്തിൽ എച്ചിക്കാനവുമായി നടത്തിയ സംഭാഷണമാണ്‌ മലയാള കഥാവിമർശനത്തിന്‌ ഏറെ ആഴം നൽകിയത്. ‘എഴുത്തിൽ ജനാധിപത്യം’ എന്ന പേരിലുള്ള ഈ വിമർശനം മലയാളത്തിലെ ശ്രദ്ധേയനായ കഥാകാരൻ സന്തോഷ് എച്ചിക്കാനത്തെ അദ്ദേഹം ഉൾക്കൊള്ളുന്ന മഹത്വത്തോടുകൂടി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

വാർത്തകളും ചാനലുകളും

നമുക്ക് അനവധി ചാനലുകൾ ഉണ്ടെങ്കിലും പക്ഷപാതരഹിതമായും സംതൃപ്തിയോടെയും വാർത്തകൾ കാണാൻ കഴിയുന്ന ഒന്നുമില്ല. എല്ലാ ചാനലുകളും വർത്തമാനപത്രങ്ങളെപ്പോലെ ചില അജണ്ടകളോടുകൂടിയാണ്‌ പ്രവർത്തിക്കുന്നത്. ജനങ്ങളുടേതായ ഒരു ചാനൽ ഇനി എന്നാണ്‌ ഉണ്ടാവുക?


സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും

ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രണ്ട് നേതാക്കന്മാരാണ്‌ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും. ഇവർ രണ്ടുപേരും ഇന്ത്യൻ പാർലമെന്റിൽ വരേണ്ടവരുമാണ്‌. പുതിയ ഇന്ത്യൻ സാഹചര്യങ്ങൾ ഇവരെ എവിടെക്കൊണ്ടെത്തിക്കുമെന്ന് പറയാറായിട്ടില്ല. ജനങ്ങൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ്‌.

ചാനലുകളിലെ സീരിയലുകൾ

നമ്മുടെ ചാനലുകളിൽ ജനപ്രിയമായി തീർന്നിട്ടുള്ള ‘കറുത്തമുത്ത്’, ‘വാനമ്പാടി’, ‘പരസ്പരം’, ‘ഭാര്യ’ തുടങ്ങിയ സീരിയലുകൾ എല്ലാം അന്ത:സാരശൂന്യങ്ങളാണ്‌. കലയുടെ മഹത്തായ ലക്ഷ്യവുമായി പുലബന്ധം പോലും അതിനില്ല. ഈ സീരിയലുകളിലെ ചില നടീനടന്മാരുടെ അഭിനയം പരാമർശയോഗ്യമാണ്‌. ഉദാഹരണമായി കറുത്തമുത്തിലെ ഗായത്രി, വാനമ്പാടിയിലെ മോഹൻ സർ, ചന്ദ്രേട്ടൻ, നിർമ്മല, പദ്മിനി, രുക്മിണി, തംബുരുമോൾ, അനുമോൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാർ നല്ല അഭിനയശേഷിയാണ്‌ കാഴ്ചവെക്കുന്നത്.


അബിക്ക് അന്ത്യാഞ്ജലികേരളത്തിലെ മിമിക്രി വേദികളിലെ സൂപ്പർതാരമായിരുന്ന അബി യാത്രയായി. മിമിക്രി വേദികളിലൂടെയും ആക്ഷേപഹാസ്യ കാസറ്റുകളിലൂടെയും അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. അമ്പതോളം ചലച്ചിത്രങ്ങളിലും അബി അഭിനയിച്ചിട്ടുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം അബിയുടെ മകനാണ്‌. മിമിക്രി കലയ്ക്ക് പുതിയ മാനം കൊടുത്ത അബിക്ക് അന്ത്യാഞ്ജലി.

O

Thursday, February 15, 2018

സംസ്കാരജാലകം-32

സംസ്കാരജാലകം-32
ഡോ.ആർ.ഭദ്രൻ
ഉത്തരാധുനികജീവിതം ഡോട്ട് കോം
2017 മെയ് 14 കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച കാർത്തിക.എസ്.ബി യുടെ ‘ഉത്തരാധുനികജീവിതം ഡോട്ട് കോം എന്ന കവിത പുതിയകാലത്തിന്റെ എല്ലാ തുടിപ്പുകളെയും ആവാഹിച്ച കവിതയാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നു എന്നതാണ്‌ ഈ കവിതയുടെ മേന്മ. പരിഹാസത്തിന്റെ മോമ്പൊടിയിലാണ്‌ എഴുത്തുകാരി ഇത് സാക്ഷാത്കരിച്ചിരിക്കുന്നത്. സ്വത്വനഷ്ടം സംഭവിച്ച ഉത്തരാധുനിക മനുഷ്യനെയും അതിന്‌ കാരണമായി ഭവിച്ച ചൂഷണ രാഷ്ട്രീയത്തെയും കവിതയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌ ഈ കവിതയെ ശ്രദ്ധേയമാക്കിത്തീർക്കുന്ന ഘടകങ്ങൾ. പാലാ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനിയാണ്‌ കാർത്തിക.എസ്.ബി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ’നിലയ്ക്കുന്ന കോട്ടയുടെ സംഗീതം‘ കാർത്തികയുടെ വിലപ്പെട്ട രചനയായിരുന്നു.

കേരള ദറീദ യാത്രയായി
പ്രഗത്ഭനായ അധ്യാപകനും നിരൂപകനും നടനും കുട്ടികളുടെ പ്രിയങ്കരനുമായ ’ കേരള ദറീദ’ ഡോ.വി.സി.ഹാരിസ് യാത്രയായി. പാശ്ചാത്യനിരൂപണത്തെ മലയാളസാഹിത്യത്തിന്‌ ചിരപരിചിതനാക്കിയ ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ചലച്ചിത്രസംബന്ധിയായി അദ്ദേഹം എഴുതിയ ഒരു പുസ്തകം വായിച്ചതിപ്പോഴും ഓർക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി വി.സി.ഹാരിസുമായി ഉള്ള വ്യക്തിബന്ധമാണ്‌ ഇപ്പോൾ ഓർമയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലും അദ്ദേഹത്തെ കാണുവാനിടയായി. അതുകൊണ്ട് ചൈതന്യധന്യമായ ആ മുഖം ഇപ്പോഴും മനസ്സിൽ തിളങ്ങുന്നു. അവാ ച്യമായ സ്നേഹത്തിന്റെ ഉടമയാണ്‌ വി.സി.ഹാരിസ് എന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ആൾരൂപമായി മാറുക എന്ന കലാകാരന്റെ സ്വഭാവം വി.സി.ഹാരിസിന്‌ ആവോളമുണ്ടായിരുന്നു. കെ.പി.അപ്പൻ, കെ.വി.തമ്പി, വി.സി.ഹാരിസ് തുടങ്ങിയ ഗുരുനാഥന്മാരെല്ലാം അരങ്ങു വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണനുഭവപ്പെടുന്നത്.

ഏഴംകുളം മോഹൻകുമാർ

ഏഴംകുളം മോഹൻകുമാർ കഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിൽ ശോഭിക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹത്തിന്റെ ‘പാർത്ഥസാരഥീപുരത്തെ പരുന്തുകൾ’ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ്‌. മിത്തും യാഥാർത്ഥ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന ഒരു രചനാരീതിയാണ്‌ ഇതിൽ കാണുന്നത്. ഇരുപതോളം വിവിധ രചനകൾ ഏഴംകുളത്തിൽ നിന്ന് മലയാള സാഹിത്യത്തിന്‌ ലഭിച്ചിട്ടുണ്ട്. ഇത് വിലമതിക്കാനാവാത്ത നേട്ടമാണ്‌.

സാഹിത്യ നൊബേൽ 2017

2017 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന്‌ അർഹനായത് കാഷ്യോ ഇഷിഗുരോ (Kazuo Ishiguro) ആണ്‌. 1954ൽ ജപ്പാനിലെ നാഗസാക്കിയിലാണ്‌ ഇഷിഗുരോയുടെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബിലൂടെ തകർത്ത നാഗസാക്കിയിൽ ജനിച്ച ഒരെഴുത്തുകാരന്‌ നൊബേൽ സമ്മാനം ലഭിച്ചത് തികച്ചും അഭിമാനാർഹമാണ്‌. അദ്ദേഹത്തിന്റെ കൃതികളിലെ പ്രധാനവിഷയം ഓർമ, സമയം, സെല്ഫ്-ഡിലൂഷൻ എന്നിവയാണ്‌. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതി ‘The remains of the Day' സിനിമയാക്കിയിട്ടുണ്ട്. 'A Pale view of the Hills'(1982), 'An artist of the floating world' (1986), 'Never let me go' (2005), Noctumes- Five stories of Music and Nightfall'(2009), 'The Buried Giant' (2015)  എന്നിവയാണ്‌  മറ്റ് പ്രശസ്തമായ രചനകൾ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ സ്വന്തമായ പേര്‌ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇഷിഗുരോ.


ഗൗരി ലങ്കേഷ് കവിതയായി മാറിയപ്പോൾ
മാധ്യമപ്രവർത്തകയും സാംസ്കാരികപ്രവർത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഈ മരണം നമ്മെ ഓരോരുത്തരെയും ഗൗരി ലങ്കേഷായി മാറ്റുന്നു. ഗൗരി ലങ്കേഷിനെക്കുറിച്ച് സഹോദരി കവിത ലങ്കേഷ് മനോഹരമായ ഒരു കവിത കുറിച്ചിട്ടുണ്ട്. വായിച്ചു കൊള്ളുക.

My Sister, My Soul mate;
A poem for Gauri by Kavitha Lankesh

She raved, she ranted,
Many times she burst out....
Uppercaste this... Brahmincal that...
At the inhumanity of it all...
At the injustice of it all..

Wait a minute..
Is it the same woman?
Who spoke soft words, and tenderly hugged
And embraced
Little kids,
The untouchables,
The Muslims,
The  women,
The minorities...
The Maoists..

Few Rabids  barked she is a bitch,
some even called her prostitute,
just because she was single
and lived her life the way she wanted to...

But hundreds  called her sister,  

thousands  called her mother    
a million now are saying
‘We are all Gauri...”

She blasted when someone threw a
cigarette butt from the car window
Lest it would hurt a two wheeler rider..

Her house is a garden
Where many a snake wandered
And she would wait patiently
For it slither by,
 Not stopping , not harming , not killing it
Waiting patiently for it pass and continue to live...
But finally a snake came which didn’t slither away,
A human snake
on a two wheeler
to stop the fire out of Gauri  ...
and silence  her..

Silence Gauri?
Ha ha!! What a joke!!
She  burst like sunflower seed
scattered all over
In India
And across the seas...
Now  the silence is chanting ....echoing,  ..
“ We are all Gauri!!”പുരോഗമനവാദിയും നിഷ്കളങ്കയും ഹ്യൂമനിസ്റ്റും മറ്റുള്ളവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പരജീവിസ്നേഹത്തിന്റെ നിറകുടമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം നമ്മെയെല്ലാം ഗൗരി ലങ്കേഷാക്കി മാറ്റിയിരിക്കുകയാണ്‌. ഫാസിസ്റ്റുകൾ മനസ്സിലാക്കേണ്ട ഒരു പ്രപഞ്ചപാഠമാണിത്. ഇത് തന്നെയാണീ കവിതയും.


ബിനീഷ് കൊട്ടാരത്തിൽഅമൃത ചാനലിലെ പ്രധാന റിപ്പോർട്ടർ ആണ്‌ ബിനീഷ് കൊട്ടാരത്തിൽ. മികച്ച ഒരു റിപ്പോർട്ടർ എന്ന നിലയിൽ ബിനീഷ് പേരെടുത്തു കഴിഞ്ഞിരിക്കുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ ബി.എസ്.സി കെമിസ്ട്രിക്ക് പഠിക്കുമ്പോൾ അദ്ദേഹത്തെ ഞാൻ മലയാളം പഠിപ്പിച്ചിട്ടുണ്ട്. അന്നേ മിടുക്കനായ വിദ്യാർത്ഥി ആയിരുന്നു. കുറച്ചുനാൾ മാതൃഭൂമി പത്രത്തിലും ലേഖകനായി ഇദ്ദേഹം ഉണ്ടായിരുന്നു. ശിഷ്യന്റെ ഉയർച്ചയിൽ അഭിമാനം തോന്നുന്നു.


പുനത്തിൽ കുഞ്ഞബ്ദുള്ള

യാഥാർത്ഥ്യ-അതീത ലോകങ്ങളിൽ ഉൾക്കാഴ്ച നേടിയ നോവലിസ്റ്റായിരുന്നു കുഞ്ഞബ്ദുള്ള പഠിക്കുന്ന കാലം മുതൽ തന്നെ അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു. 'മലമുകളിലെ അബ്ദുള്ള' എന്ന കഥാസമാഹാരമാണ്‌ ഈ ആരാധനയ്ക്ക് തുടക്കം കുറിച്ചത്. ഈ ആരാധനയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ നോവലുകൾ ഗവേഷണത്തിന്‌ വിഷയമാക്കാൻ എന്നെ പ്രേരിപ്പിച്ചത്. മെഡിസിന്‌ അഡ്മിഷൻ കിട്ടുന്ന എല്ലാ വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ ‘മരുന്ന്' എന്ന നോവൽ വായിക്കണമെന്ന് ഞാൻ എപ്പോഴും ക്ലാസ്സിൽ പറയാറുണ്ട്. മലയാളത്തിലെ മികച്ച പത്തു നോവലുകൾ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകൾ’ ഞാൻ അതിൽ ഉൾപ്പെടുത്തും. കാരണം അത് അത്രയ്ക്ക് ഗ്രേറ്റ് ആയ നോവലാണ്‌.


ഐ.വി.ശശി
മലയാളസിനിമയ്ക്ക് പുതുപരീക്ഷണങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശി. ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശിയുടെ ആദ്യ സിനിമയായിരുന്നു 'ഉത്സവം'. 1978 ലെ ‘അവളുടെ രാവുകൾ’ എന്ന സിനിമയിലൂടെ ഹിറ്റ് മേക്കറായി. പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1982 ൽ ‘ആരൂഢം’ എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 2009 ൽ സംവിധാനം ചെയ്ത ‘വെള്ളത്തൂവൽ’ ആണ്‌ അവസാനചിത്രം. വിടവാങ്ങിയ ചലച്ചിത്രപ്രതിഭയ്ക്ക് അന്ത്യാഞ്ജലി.


ഗ്രേസിയുടെ ഗൗളിജന്മംഗ്രേസിയുടെ ഗൗളിജന്മം മികച്ച ഒരു ഉത്തരാധുനിക കഥയാണ്‌. ആശുപത്രി പശ്ചാത്തലം ആക്കിയിട്ടുള്ള ഈ കഥ വൈദ്യശാസ്ത്രരംഗത്ത് നടമാടുന്ന ഈഗോ ക്ലാഷുകളെയും അതിന്റെ ദുരന്തഫലങ്ങളെയും ഭംഗിയായി ആവിഷ്കരിക്കുന്നുണ്ട്. സ്വയം ശക്തിയായി തീരുന്ന സ്ത്രീയെയാണ്‌ ഈ കഥ നമുക്ക് കാണിച്ചുതരുന്നത്. എല്ലാ പുരുഷാധിപത്യ മേൽക്കോയ്മകളെയും ഈ കഥ തട്ടിത്തകർക്കുകയാണ്‌. ബുദ്ധന്റെ ഫിലോസഫിയെ ഇതിന്റെ ഭാഗമായി ആണ്‌ കഥ പിച്ചിച്ചീന്തുന്നത്. എല്ലാ ദുഖങ്ങളുടെയും കാരണം മമതാ ബന്ധമാണെന്ന് ഏത് അടുക്കളക്കാരിക്കും അറിയാം എന്ന് ഈ കഥ പറയുമ്പോൾ ഫിലോസഫിയുടെ മേലുള്ള പുരുഷാധിപത്യ മേൽക്കോയ്മയാണ്‌ ഗ്രേസി തട്ടിത്തെറിപ്പിക്കുന്നത്. ആൺപല്ലിയിൽ നിന്നും പെൺപല്ലി സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് രക്ഷപ്പെടുമ്പോൾ പുരുഷനിഷേധത്തിന്റെയും സ്വയംശാക്തീകരണത്തിന്റെയും പുതിയൊരു അധ്യായം നിർമ്മിക്കുകയാണ്‌ ഗൗളിജന്മം.

O


Monday, December 4, 2017

ധനുഷ്കോടി-കാറ്റ് ബാക്കിവെച്ച മൃതനഗരം

യാത്ര
പ്രദീഷ്കുമാർ എം.പി
    രു വാരയ്ക്കപ്പുറമുള്ള കാഴ്ചകളെ മറച്ച്, തകർത്തു പെയ്യുന്നൊരു മഴയിലൂടെയാണ് ധനുഷ്കോടിയിലേക്കുള്ള യാത്രക്കായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പരശുറാമിലേക്ക് കയറിയത്. സഹയാത്രികനായ പ്രിയ ചങ്ങാതി നിധിഷ് കോട്ടയത്ത് നിന്ന് ഇതേ തീവണ്ടിയിൽ കയറിയിട്ടുണ്ടായിരുന്നു. പുറത്ത് ഇടതടവില്ലാതെ പെയ്യുന്ന മഴയിലൂടെ പാടത്തിനു നടുവിലൊരു തുരുത്തുപോലെ നീങ്ങുന്ന തീവണ്ടിയിലിരിക്കുമ്പോൾ മനസ്സിലേക്ക് ഒരു ചെറുനഗരത്തെ മുഴുവനായി തകർത്തെറിഞ്ഞ കൊടുങ്കാറ്റും പേമാരിയും വിഴുങ്ങിയ രാമേശ്വരം-ധനുഷ്കോടി ബോട്ട് മെയിൽ പാസഞ്ചറിന്റെ അവസാനയാത്രയും കയറി വന്നു. പുറത്ത് പെയ്യുന്ന മഴയും അതു പോലെയാവുമോ എന്ന് തോന്നിപ്പോയി. രാത്രി പത്ത് ഇരുപതിന് നാഗർകോവിലിലെത്തുന്ന കന്യാകുമാരി-രാമേശ്വരം എക്സ്പ്രസ്സിൽ കയറുകയാണ് ലക്ഷ്യം. ഒരു മണിക്കൂർ വൈകിയോടുന്ന പരശുറാം ചതിക്കുമോ എന്ന ഭയത്തെ വെറുതേയാക്കി ഒൻപതരയോടെ നാഗർകോവിലെത്തി. കൃത്യസമയത്ത് തന്നെയെത്തിയ രാമേശ്വരം എക്സ്പ്രസ്സിന്റെ റിസർവേഷൻ ബർത്തിലിരുന്ന് നേരിയ നിലാവിലൂടെ പിന്നോട്ടോടി പോകുന്ന തമിഴ് ഗ്രാമീണഭംഗിയാസ്വദിച്ച് മെല്ലെ ഉറക്കത്തിലേക്ക്...വെളുപ്പിന് ഉറക്കമുണർന്നത് പാമ്പൻപാലത്തിൽ നിന്നുള്ള കടൽക്കാഴ്ചകളിലേക്കായിരുന്നു. പാതിതുറന്ന ജനാലയിലൂടെ കടൽക്കാഴ്ചകൾക്കൊപ്പം കടന്നുവന്ന തണുത്ത കാറ്റ് ഉറക്കത്തെ കണ്ണുകളിൽ നിന്നിറക്കിവിട്ടു. ഒരു നൂറ്റാണ്ടിനപ്പുറം ബ്രിട്ടിഷ് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട പാലമാണ് പാമ്പൻ. അക്കാലത്ത് മാത്രമല്ല ഇന്ന് പോലും അത്ഭുതമുളവാക്കുന്ന എഞ്ചിനിയറിംഗ് വൈഭവമാണ് 2435 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ നിർമ്മാണത്തിലുള്ളത്മദ്ധ്യത്തിൽ കപ്പൽചാലിലൂടെ കപ്പലുകൾ വരുമ്പോൾ ഉയർന്ന് താഴുന്ന ഭാഗം ഇന്നും പ്രവർത്തനസജ്ജമാണ്. 1964 ലെ കൊടുങ്കാറ്റിൽ സാരമായ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഇ.ശ്രീധരനായിരുന്നു. മോട്ടോർവാഹനങ്ങൾ കടന്നുപോകുന്നതിനായി മറ്റൊരു പാലം കൂടി ഉണ്ടെങ്കിലും ആ പേരിന്റെ പ്രൗഢി എക്കാലവും ഏറ്റുവാങ്ങിയത് പാമ്പൻ റെയിൽപാലമാണ്. മുംബൈയിലെ ബാന്ദ്ര-വർളി  കടൽപ്പാലം ഉദ്ഘാടനം ചെയ്യുന്നത് വരെ ഇതായിരുന്നു ഇന്ത്യയിലെ  ഏറ്റവും  വലിയ പാലം. പാമ്പനിൽ നിന്ന് അധികം ദൂരമില്ല രാമേശ്വരത്തേക്ക്. അവിടെയാണ് മുനമ്പിലേക്കുള്ള പാളങ്ങൾ അവസാനിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്രഭാതതിരക്കിലൂടെ ഒഴുകി വെളിയിലെത്തിയപ്പോൾ കുറഞ്ഞ നിരക്കിലുള്ള മുറികൾ വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർമാർ മുന്നിൽ നിറഞ്ഞ് നിൽക്കുന്നു. അവയിലൊന്നിൽ കയറി അധികം ദൂരെയല്ലാതെ ഒരു ഇടത്തരം ലോഡ്ജ് തെരഞ്ഞെടുത്തു. അല്പം വിശ്രമിച്ച് എട്ട് മണിയോടെ സഞ്ചാരിയുടെ ജിജ്ഞാസ നിറഞ്ഞ മനസ്സുമായി മഴ പെയ്തു തോർന്ന രാമേശ്വരത്തിന്റെ തെരുവിലൂടെ  ഭക്തജനങ്ങളുടെ മോക്ഷമന്ത്രങ്ങൾക്കിടയിലൂടെ കുറച്ച് നടന്നു. തൃപ്തി തന്ന പ്രഭാത ഭക്ഷണത്തിന്റെ രുചി ആസ്വദിച്ച് കഴിച്ച് കാശിനൊപ്പം നല്ലൊരു ചിരിയും ഹോട്ടൽ ജീവനക്കാരന് നൽകി ഞാനും നിധീഷും ധനുഷ്കോടിയിലേക്കുള്ള മൂന്നാം നമ്പർ ബസ് കാത്ത് ക്ഷേത്രഗോപുരത്തിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു. അതിനിടയിൽ വീണ്ടും പെയ്ത മഴ ഒന്ന് അങ്കലാപ്പിലാക്കി. വാങ്ങിയിട്ടധികമാവാത്ത ക്യാമറയെക്കുറിച്ചായിരുന്നു വേവലാതി. സമീപത്ത് നിന്നൊരാൾ പ്രവചിച്ചത് പോലെ ആ മഴയും പത്ത്  നിമിഷം കൊണ്ട് പെയ്തുതീർന്നു. അപ്പോഴേക്കും ധനുഷ്കോടിയിലേക്കുള്ളരാമേശ്വരം ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മൂന്നാം നമ്പർ ബസ്സ് മുന്നിലെത്തി. വിൻഡോസീറ്റിൽ ചേർന്നിരുന്ന് തണുത്ത കാറ്റേറ്റ് ഒരു രാത്രി കൊണ്ട് കടൽ വിഴുങ്ങി മൃതനഗരമാക്കിയ ധനുഷ്കോടിയിലേക്ക്...
ചരിത്രവും ഐതിഹ്യവും കൂടിച്ചേർന്ന മണൽപാളിക്കു മുകളിലൂടെയാണ് രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള യാത്ര. ഹിന്ദുവിശ്വാസത്തിലെ കാശി-രാമേശ്വരയാത്രയുടെ പൂർണ്ണതയാണ് ധനുഷ്കോടി മുനമ്പിലെ ബലിസ്നാനം. പതിനെട്ട് കിലോമീറ്റർ  ദൂരമുണ്ട്  രാമേശ്വരം പട്ടണത്തിൽ നിന്ന് ധനുഷ്കോടിയിലേക്ക്. കഴിഞ്ഞവർഷം വരെ മുകുന്ദരായർ ചതിരം എന്ന സമീപസ്ഥലം വരെയെ ബസ്സ് സർവ്വീസ് ഉണ്ടായിരുന്നുള്ളു. ടാക്സികളിലും ട്രാവലറുകളിലുമായി കടൽ കയറിയിറങ്ങി കിടക്കുന്ന മണൽതിട്ടകളിലൂടെ വേലിയിറക്ക സമയം നോക്കിയുള്ള  സാഹസികമായ ഓഫ് റോഡ് യാത്രയാണ് മുൻപ് ഉണ്ടായിരുന്നത്. ഇപ്പോൾ അങ്ങേയറ്റത്ത് അറിച്ചൽ മുനമ്പ് വരെ നല്ല റോഡ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇരുവശത്തും വിശാലമായ കടൽക്കാഴ്ചകളാണ് യാത്രികരെ കാത്തിരിക്കുന്നത്. രണ്ട് കടലുകൾക്കും രണ്ട് സ്വഭാവവും അതിനൊത്ത പേരുകളും പ്രാദേശികമായി നൽകപ്പെട്ടിട്ടുണ്ട്. ഇടതുവശത്തുള്ള പൊതുവേ ശാന്തമായ ബംഗാൾ ഉൾക്കടലിനെ പെൺകടലെന്നും മറുവശത്തുള്ള പ്രക്ഷുബ്ധമായ ഇന്ത്യൻ  മഹാസമുദ്രത്തെ ആൺകടലെന്നും വിളിക്കുന്നു. ധനുഷ്കോടിയിലെ തകർന്നുപോയ ടൗൺഷിപ്പിനു മുന്നിലൂടെ കടന്നുപോയപ്പോൾ വാഹനത്തെ തന്നെ വല്ലാത്തൊരു നിശബ്ദത കീഴടക്കിയ പോലെ തോന്നി. അവിടെ നിന്ന് മുന്നോട്ട് ചെല്ലുംതോറും റോഡിന് പുറത്തുള്ള മണൽപരപ്പിന്റെ വീതി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരുവശത്തും കടൽഭിത്തി കെട്ടിയിട്ടുണ്ട്. മുനമ്പിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റി ബസ്സ് യാത്രയവസാനിപ്പിച്ചു.
അറിച്ചൽ എന്ന് വിളിക്കപ്പെടുന്ന ഈ മുനമ്പിലാണ് ഉപഭൂഖണ്ഡമവസാനിക്കുന്നത്. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിന്നും കടലിലൂടെ കേവലം 33 കിലോമീറ്റർ ദൂരമേയുള്ളു. പുരാണ പ്രാധാന്യമുണ്ട് അറിച്ചിലിന് ഇവിടെ നിന്നാണ് രാവണൻ തട്ടിക്കൊണ്ട് പോയ സീതാദേവിയെ തിരികെ കൊണ്ടുവരാൻ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്കു പോകാൻ പാലമിട്ടത്. ഇവിടെ നിന്നാണ് അതിനായി രാമൻ തന്റെ ധനുസ്സിനാൽ അടയാളമിട്ടതിനാലാണ് ഇവിടം ധനുഷ്കോടി എന്നറിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. രാവണനെ കൊന്ന് സീതാദേവിയുമായി തിരികെ മൺചിറയിലൂടെ ധനുഷ്കോടിയിലെത്തിയ രാമൻ വിഭീഷണന്റെ നിർദ്ദേശപ്രകാരം ധനുസ്സിന്റെ അറ്റം കൊണ്ട് ചിറയെ പലതായി മുറിച്ചിട്ടുവെന്ന് ഐതിഹ്യം പറയുന്നു. ലങ്കയിൽ അവശേഷിച്ച രാക്ഷസർ ആരും പിന്തുടർന്ന് വരാതിരിക്കുവാനായിരുന്നു ഇങ്ങനെ ചെയ്തത്. അങ്ങനെയാണത്രേ രാമസേതു ഇന്നത്തെ പോലെ ആയത്. രാമസേതു എന്ന രാമായണത്തിൽ വിശേഷിപ്പിക്കപ്പെട്ട മൺചിറയെ ആണ് ആധുനിക ഭൂമിശാസ്ത്രം ‘ആദംസ് ബ്രിഡ്ജ്’ എന്ന് വിളിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെ നടത്തിയ പഠനങ്ങൾ ടെക്ടോണിക് ചലനങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന ഇവിടെ ഇതു പോലെയുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന പറയുന്നു. വർഷാവർഷം തീരം ചെറിയ അളവിൽ കടലെടുത്ത് പോകുന്നുമുണ്ട്.


രാമസേതു എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. 2013ൽ ഏഷ്യൻ വികസന ബാങ്കിന്റെ സഹായത്തോടെ ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഒരു പാലം നിർമ്മിക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മറുഭാഗത്ത് നിന്ന് അനുകൂല നിലപാട് ഇല്ലാതെ വന്നതിനാൽ ആ പദ്ധതി വേണ്ടെന്ന് വെച്ചു. വിശ്വാസപരമായ ചില പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണം സേതുസമുദ്രം ഷിപ്പിംഗ് പദ്ധതിയും നടക്കാതെ പോയി. തെളിഞ്ഞ അന്തരീക്ഷത്തിലെ ദൂരക്കാഴ്ച്ചകളിൽ ലങ്കയെ കാണാമെന്ന സ്വപ്നം  മഴക്കാറുകൾ മറച്ചത് നിരാശയുണ്ടാക്കി. ചെറിയ കടൽക്ഷോഭമുള്ളതിനാൽ  തീരത്തേക്കധികമിറങ്ങരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട്  പോലീസ് തീരത്ത് ജാഗ്രതയോടെ നിൽക്കുന്നുണ്ട്.


ധനുഷ്കോടി മുതൽ തൂത്തുക്കുടി വരെ നൂറ്റിയറുപത് കീലോമിറ്റർ നീളത്തിൽ അഞ്ഞൂറ്റിയറുപത്  ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഇരുപത്തിയൊന്ന്  ദ്വീപുകളെ ഉൾക്കൊള്ളുന്ന ഗൾഫ് ഓഫ് മന്നാർ മറൈൻ നാഷണൽ പാർക്ക് സമുദ്രത്തിലെ ജൈവവൈവിധ്യവും അപൂർവ്വ ജീവികളുടെ സാന്നിധ്യവും കൊണ്ട് മനോഹരമായ ആവാസവ്യവസ്ഥയാണ്. ഈ ദ്വീപുകളിൽ നല്ലതണ്ണി ,ക്രൂസൈഡൈ, മുസൽ എന്നിവിടങ്ങളിലെ മനുഷ്യവാസമുള്ളു. മറ്റു ദ്വീപുകളിലേക്കുള്ള പ്രവേശനം പരിസ്ഥിതി സംബന്ധമായ കാരണങ്ങൾ മൂലം സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ അക്വാ ബയോസ്ഫിയർ പാർക്കിന്റെ തീരത്ത് നൂറ്റിയിരുപത്തിയഞ്ചോളം ഗ്രാമങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. മത്സ്യബന്ധനം ഉപജീവനമാക്കിയ മാരക്കേയർ എന്ന സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ ഏറെയും. 1986 ൽ തമിഴ്നാട് സർക്കാരിന്റെ വനം പരിസ്ഥിതി വകുപ്പിന്റെ കീഴിൽ വരുന്ന സമുദ്ര ഉദ്യാനമായി  പ്രഖ്യാപിക്കപ്പെട്ട ഇവിടം ധനുഷ്കോടിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയും ബോദ്ധ്യപ്പെടുത്തുന്നു.

ചരിത്രവും ഐതിഹ്യവും സമന്വയിച്ച കഥകൾ മനസ്സിൽ നിറച്ച് തിരയൊഴിഞ്ഞ് തെളിഞ്ഞ് വന്ന മൺതിട്ടകളിലൊന്നിൽ  നിശബ്ദമായി നിന്നപ്പോഴനുഭവിച്ച  ശാന്തതയിലും വേർതിരിച്ചെടുക്കാനാവാത്ത ഒരു വിഷാദം വന്നുനിറഞ്ഞു. സമയസൂചികളെ വിസ്മരിച്ച് കടലിരമ്പങ്ങളിൽ ലയിച്ച നിന്ന നിമിഷങ്ങളോട് വിടപറഞ്ഞ് തിരികെ നടക്കുമ്പോൾ എനിക്കും സഹയാത്രകനുമിടക്കുള്ള ചെറിയ അകലത്തിൽ പോലും വാക്കുകളെ ബന്ധിച്ച മനസ്സിന്റെ നിശബ്ദത തിരയൊച്ചയെ പോലും നിശബ്ദമാക്കി. രാമേശ്വരത്ത് ക്ഷേത്രദർശനം കഴിഞ്ഞ് മുനമ്പിലെക്കത്തുന്ന ഭക്തരുടെ നാമജപങ്ങൾക്കും,  തീരസേനയുടെ ജാഗ്രതയാർന്ന കണ്ണുകൾക്കുമിടയിലൂടെ ഞങ്ങൾ തിരികെ റോഡിലെത്തി. അവിടെ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റിനിന്ന യാത്രബസ്സിലെ ജീവനക്കാർ രാമേശ്വരം പോവാനായി ക്ഷണിക്കുന്നുണ്ടായിരുന്നു. ഇനിയും കാണാൻ ബാക്കി നിൽക്കുന്ന കടലെടുത്തു പോയ പഴയ ടൗൺഷിപ്പിലേക്ക് ആ ബസ്സിൽ കയറിയിറങ്ങാമെങ്കിലും കിലോമീറ്ററുകൾ അപ്പുറം കാഴ്ചയുടെ അങ്ങേത്തലക്കൽ കണ്ണിലുടക്കി നിൽക്കുന്ന മൃതനഗരത്തിലേക്ക് ആൺകടലിന്റെ ഹുങ്കാരത്തിനും പെൺകടലിന്റെ കൊഞ്ചൽ തിരകൾകൾക്കുമിടയിലെ പുതുവഴിയിലൂടെ നടക്കാനാണ് തോന്നിയത്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന നടത്തത്തിനിടെ പുരാണത്തിലെ മഹോദിയും  (ബംഗാൾ ഉൾക്കടൽ) രത്നകരവും (ഇന്ത്യൻ മഹാസമുദ്രം) എല്ലാവരോടുമെന്ന പോലെ ഞങ്ങളോടും തിരക്കൈകളിളക്കി  ഒരുപാട് കഥകൾ പറഞ്ഞു തരുന്നുണ്ടായിരുന്നു.


അറിച്ചൽ മുനമ്പിൽ നിന്ന് ധനുഷ്കോടിയിലെ പഴയ ടൗൺഷിപ്പിലേക്ക് മനോഹരമായ റോഡിലൂടെ നടക്കുന്നത് സുഖകരമായൊരനുഭവം തന്നെയാണ്. ചരിത്ര-ഐതിഹ്യങ്ങളിൽനിന്ന് ഹൃദയത്തെ നീറ്റുന്ന ഓർമ്മകളിലേക്കു നടക്കുമ്പോഴും ചുറ്റിലുമുള്ള കടൽക്കാഴ്ച്ചയുടെ നീലയും പച്ചയും നിറത്തിലുള്ള മനോഹാരിത ആസ്വദിക്കാതിരിക്കാനാവില്ല. അനുഭൂതിയായി മാറിയ കാഴ്ചകളെ ക്യാമറയിലാക്കി  ഞങ്ങൾ നടന്നെത്തിയത് കടലെടുത്തു പോയൊരു  പട്ടണത്തിന്റെ പ്രേതാവശിഷ്ടങ്ങളിലേക്കാണ്. 1964 ഡിസംബർ 28 ന് മുൻപ് തെക്കെയിന്ത്യയിലെ ഏതൊരു നഗരത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടായിരുന്നു ധനുഷ്കോടിയിൽ. സ്കൂൾ, ആശുപത്രി, വിവിധ മതസ്ഥരുടെ ദേവാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ ഇവയ്ക്ക് പുറമേ സർക്കാർ സംവിധാനങ്ങളുടെ കുറ്റമറ്റ ശ്രൃംഖല തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കപ്പലുകൾ വഴി ധനുഷ്കോടിയിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. കൊല്ലത്ത് നിന്നും കോട്ടയത്തും നിന്നും എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് കപ്പൽ കയറി തലൈമന്നാറിലിറങ്ങി കൊളംബോ വരെ പോകുവാൻ സാധിക്കുമായിരുന്നു. ലോകമത സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സ്വാമി വിവേകാനന്ദൻ കൊളംബോയിൽനിന്ന് കപ്പൽ മാർഗ്ഗം ധനുഷ്കോടി വഴിയാണ് തിരികെ ഇന്ത്യയിലെത്തിയത്. അവിടെ ഒരു പാസ്പോർട്ട് കാര്യാലയവും പ്രവർത്തിച്ചിരുന്നു. ചെന്നൈ എഗ്മൂറിൽ നിന്ന് വന്നിരുന്ന ബോട്ട്മെയിൽ എന്ന ട്രെയിൻ സർവ്വീസും, തലൈമന്നാറിലേക്ക് സർവ്വീസ് നടത്തിയിരുന്ന എസ് എസ് ഇർവിൻ എന്ന ആവിക്കപ്പലുമായിരുന്നു ആക്കാലത്ത് പുറംനാടുകളിൽ ധനുഷ്കോടിക്ക് പെരുമ നേടിക്കൊടുത്തത്.
ഓർമ്മകളെ പോലും വിറങ്ങലിപ്പിക്കുന്ന ചരിത്രമാണ് 1964 ഡിസംബർ 17 ന് സൗത്ത് ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിനുള്ളത് സൈക്ക്ളോണായി ശ്രീലങ്കയിലെ വാവുവനിയിയെ തകർത്ത് 22-ാം തീയതി രാത്രി 11: 30 ന് ധനുഷ്കോടിയിലെത്തുമ്പോൾ കാറ്റിന്റെ വേഗത 250 മുതൽ 350 മൈൽ വരെയായിരുന്നു.  കൂറ്റൻ തിരകൾ ആ പട്ടണത്തലേക്ക് ഇരച്ചുകയറുമ്പോൾ അവയുടെ ഉയരം 23 അടിയായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന 1800ൽ നാട്ടുകാരെയും അവിടേക്കത്തിയിരുന്ന കുറച്ച് സഞ്ചാരികളു ഉൾപ്പെടെ 2000 ഓളം ആൾക്കാൾ ദുരന്തത്തിനിരയായി. രാമേശ്വരത്ത് നിന്ന് വരികയായിരുന്ന 653 നമ്പർ പാമ്പൻ-ധനുഷ്കോടി പാസഞ്ചറിലെ,യാത്രക്കാരും ജീവനക്കാരുമടക്കം 120 പേരെയാണ് കടൽ വിഴുങ്ങിയത്.  വാർത്താവിനിമയസൗകര്യങ്ങളും തകരാറിലായിരുന്നതിനാൽ ഈ ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞത് രണ്ട് ദിവസത്തോളം കഴിഞ്ഞാണ്. ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാമ്പൻ പാലത്തിനും സാരമായ തകർച്ച ഉണ്ടായതിനാൽ ആർക്കും പെട്ടെന്ന് എത്തിച്ചേരാനാവാത്ത അവസ്ഥയുമുണ്ടായി. തുടർന്നുള്ള  പുനരുദ്ധാരണപ്രവർത്തനങ്ങളും ആയാസകരമായതിനാൽ തമിഴ്നാട് സർക്കാർ ധനുഷ്കോടിയെ മൃതനഗരമായി പ്രഖ്യാപിച്ചു.  2004 ലെ സുനാമിയിലും ധനുഷ്കോടിയിലെ തീരം ഒരുപാട് കടലെടുത്തു പോയി. അതോടെ ധനുഷ്കോടി പൂർണ്ണമായും ജീവിതം വിലക്കപ്പെട്ട സ്ഥലമായി പ്രഖ്യാപിക്കപ്പട്ടു. ഇപ്പോൾ അവിടെ സ്ഥിരതാമസക്കാരായുള്ളത് കുറച്ച് മത്സ്യത്തൊഴിലാളികൾ മാത്രമാണ് താത്കാലിക കുടിലുകളിലാണവർ കഴിയുന്നത്. അടുത്ത് സംസാരിച്ച ഓരോരുത്തർക്കും പറയുവാനുള്ളത് ഉറ്റവരുടെ വേർപാടിന്റെ നൊമ്പരങ്ങൾ ആയിരുന്നു. തകർന്ന പള്ളിയുടെ സ്മാരകത്തിനു മുന്നിൽ വെച്ച് പരിചയപ്പെട്ട മുനിസ്വാമിയും ഹോട്ടൽ നടത്തുന്ന രാമലക്ഷ്മി അക്കയുമൊക്കെ തന്ന നിഷ്കളങ്ക സ്നേഹത്തിനുള്ളിലെ വിങ്ങുന്ന വേദനകൾ യാത്ര തീർന്നിട്ടും വിട്ടുപോവാതെ മനസ്സിലുണ്ട്. ഒടുവിൽ അവിടെ മത്സ്യബന്ധന ഗ്രാമത്തിലൂടെ നടക്കുമ്പോൾ പറഞ്ഞുകേട്ട കടൽത്തീരത്തെ ഉപ്പില്ലാത്ത മധുരമുള്ള വെള്ളം തരുന്ന കിണറുകളെയും പലതവണ മുനമ്പിൽ നിന്ന് ലങ്കയിലേക്ക് നീന്തിപ്പോയെന്ന് പറയുന്ന ഒരു ധീരനെയും അടുത്ത വരവിൽ കാണമെന്നുറച്ച് തിരികെ രാമേശ്വരത്തേക്ക് മടങ്ങി. വൈകുന്നേരത്തെ മധുര പാസഞ്ചറിൽ തമിഴ് സന്ധ്യയുടെ  ഗൃഹാതുരതയിലൂടെ മടങ്ങുമ്പോൾ ധനുഷ്കോടി ഹൃദയത്തോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം  വൈരമുത്തുവിന്റെ  ഈ വരികളും ഓർമ്മയിൽ വന്നു.

‘വിടൈകൊട് എങ്കൾ, നാടൈ
കടൽ വാസൽ തെളിക്കും, വീടൈ
പനൈമരക്കാടെ, പറൈവകൾ കൂടൈ
മറുമുറയ് ഒരു മുറൈ പർപ്പോമാ
ഉതട്ടിൽ പുന്നഗൈ പുതയ്ത്തോം
ഉയിരൈ ഉടമ്പുക്കുൾ പുതയ്ത്തോം
വെറും കൂടുകൾ മട്രും ഊർവലം പോകിണ്ട്രോം.
വിടൈ കൊട്.’
   
കടലെടുത്ത് പോയൊരു നാടിന്റെ സ്വപ്നങ്ങളും വേർപാടിന്റെ നൊമ്പരവും ചേർന്ന് ആ തമിഴ് വരികളുടെ അർത്ഥവും മനസ്സിലേക്കാഴ്ന്നിറങ്ങി.
    
‘വിടതരൂ, എൻ ജന്മനാടേ
കടൽ, വാതിൽപ്പടി തെളിച്ചിടും വീടേ
ഹേ പനങ്കാടെ,  കിളിക്കൂടുകളെ
ഒരിക്കൽക്കൂടി ഇനി നമ്മൾ കാണുമോ?
ചുണ്ടിൽ മന്ദസ്മിതമൊതുക്കി,
ആത്മാവിനെ ശരീരത്തിലൊളിപ്പിച്ച്,
വെറും കൂടുകൾ മാത്രമായി സഞ്ചാരം തുടരുകയാണ്‌.
വിടതരൂ...’

O