Saturday, September 3, 2011

എട്ടിതളുകളിൽ കവിതയുടെ ചെറുതേനും കുറുന്തോട്ടിയും.

കുരീപ്പുഴ ശ്രീകുമാര്‍


















              കിര കുറസോവ സത്യജിത്ത്‌ റായിയെക്കുറിച്ച്‌ പറഞ്ഞത്‌ ഉയരമുള്ള സംവിധായകന്‍ എന്നാണ്‌. ലോക ചലച്ചിത്രരംഗത്തെ ഉന്നതപ്രതിഭ എന്ന അര്‍ത്ഥത്തിനിപ്പുറം ജപ്പാന്‍കാരനും ഇന്ത്യക്കാരനും തമ്മിലുള്ള ശാരീരിക വലിപ്പച്ചെറുപ്പത്തിന്റെ സൂചനയും ഈ പ്രസ്‌താവത്തില്‍ ഉണ്ട്‌. മലയാളത്തിന്റെ പ്രിയപ്പെട്ട കവി തിരുനല്ലൂര്‍ കരുണാകരന്റെ കാര്യത്തിലും ഈ പ്രസ്‌താവം ശരിയാണ്‌. കവിതയില്‍ മാത്രമല്ല, ഏതു ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാവുന്ന ഉയരം അദ്ദേഹത്തിനുണ്ടായിരുന്നു. അഷ്‌ടമുടിക്കായല്‍ ഒരു കാവ്യസംസ്‌കാരമായി സ്വന്തം രചനയില്‍ അലിയിപ്പിച്ചെടുത്ത തിരുനല്ലൂരിന്‌ സഹ്യന്റെ തലപ്പൊക്കം തന്നെയുണ്ടായിരുന്നു. അഷ്‌ടമുടിക്കായലിനെക്കുറിച്ച്‌ ഒരു കവിതയെഴുതുന്നതും കായലിനെ സ്വന്തം രചനകളുടെ മുഴുവന്‍ ആന്തരികശോഭയാക്കി മാറ്റിയെടുക്കുന്നതും രണ്ടാണ്‌. കായലും സാഗരവും തമ്മിലുള്ള വ്യത്യാസം ഇതിലുണ്ട്‌.


നീണ്ട കവിതകള്‍ അനായാസം രചിച്ച കവിയായിരുന്നു തിരുനല്ലൂര്‍ . അദ്ദേഹത്തിന്റെ കഥാകാവ്യങ്ങള്‍ സമീപകാലത്തെ കേരളീയതയെ ഉന്മേഷഭരിതമാക്കി. രാത്രി, റാണി, പ്രേമം മധുരമാണ്‌ ധീരവുമാണ്‌, ചെറുതേനും കുറുന്തോട്ടിയും, വയലാര്‍ തുടങ്ങിയ ദീര്‍ഘകവിതകള്‍ കായലില്‍ മണ്‍സൂണ്‍ മഴയെന്നതുപോലെ വര്‍ഷിച്ച തിരുനല്ലൂര്‍ കവിതയുടെ കൊടുമുടികള്‍ കീഴടക്കി. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്ത വിഷയമാകട്ടെ, ചെറിയവരുടെ ജീവിതവും.


തിരുനല്ലൂരിന്റെ കാവ്യമേഖലയില്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്ന ഒരു പ്രത്യേക വിഭാഗം അദ്ദേഹത്തിന്റെ ചെറുകവിതകളാണ്‌. കരിമണല്‍ത്തരിയില്‍ വിസ്‌ഫോടനശക്തി അടക്കം ചെയ്‌തിരിക്കുന്നതുപോലെയാണ്‌ ഈ കവിതകള്‍ അദ്ദേഹം കുറിച്ചിട്ടത്‌. നാലുവരിക്കവിതകളില്‍ പൂര്‍ണമായ ഒരു ആശയം പ്രകാശിപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കവിതയുടെ വലിപ്പച്ചെറുപ്പങ്ങളെപ്പറ്റി സുവ്യക്തമായ ധാരണയായിരുന്നു തിരുനല്ലൂരിനുണ്ടായിരുന്നത്‌. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒറ്റശ്ലോകമായാലും ദീര്‍ഘകാവ്യമായാലും ഒരു ജൈവപൂര്‍ണിമയാണ്‌. അത്‌ ഒരു നിലയില്‍ സാക്ഷാത്‌കൃതമാകുന്നതുവരെ കാത്തിരിക്കുക ആനന്ദമയമായ അനുഭവമാണെങ്കിലും സൃഷ്‌ടിപരമായ അനസ്യൂതത എപ്പോള്‍ വേണമെങ്കിലും ഭഞ്‌ജിക്കപ്പെടാം. സമാനമായ ഒരു സര്‍ഗോന്മേഷം പിന്നെ ലഭിച്ചെന്നുവരില്ല. ഇത്രയും കൃത്യമായി കാവ്യരചനയുടെ മാനസികതലത്തെ തിരുനല്ലൂര്‍ രേഖപ്പെടുത്തി. ജൈവപൂര്‍ണമായ കവിതയ്‌ക്ക്‌ വലിപ്പച്ചെറുപ്പം ഒരു പ്രശ്‌നമല്ലെന്ന്‌ തിരുനല്ലൂര്‍ ചൂണ്ടിക്കാണിച്ചു. അതുവഴി മഹാകാവ്യരചന മലയാളത്തില്‍ അപ്രസക്തമായി.



തിരുനല്ലൂര്‍ കരുണാകരന്‍


എട്ടു വരികളില്‍ ഒരു ആശയത്തെ സമഗ്രമായി അവതരിപ്പിക്കുന്നത്‌ തിരുനല്ലൂരിന്‌ ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു. എട്ടടി കവിതയുടെ ഉയര്‍ച്ചയും ഗാംഭീര്യവും അതിനുണ്ട്‌. വിവര്‍ത്തനങ്ങള്‍ക്കും എട്ടു ഇതളുകളെ ഓര്‍മിപ്പിക്കുന്ന കാവ്യരീതിയാണ്‌ അദ്ദേഹം അവലംബിച്ചത്‌. മേഘസന്ദേശത്തിലെ ഒരു സന്ദര്‍ഭം നോക്കുക:

`ജലദ, കൈവന്ന നിദ്രാസൂഖത്തിലാ-
ണലസമേനിയാളപ്പൊഴെന്നാകിലോ
ഇടിമുഴക്കങ്ങളെന്നിയേ ചെന്നുതെ-
ല്ലിടയടുത്തുനീ കാത്തുനിന്നീടണം.
ഒരു വിധത്തില്‍ കിനാവിലീ എന്നെയെ-
ന്നരുമയാള്‍ കണ്ടു കെട്ടിപ്പുണരവേ
ശിഥിലമാക്കുവാന്‍ പാടില്ലവള്‍ക്കെഴും
ഭുജലതാഗാഢബന്ധം പൊടുന്നനേ'.



കാളിദാസന്റെ മേഘത്തിനോട്‌ യക്ഷന്‍ നടത്തുന്ന അഭ്യര്‍ഥന സംസ്‌കൃതത്തിലെ നാല്‍ക്കാലിയില്‍ നിന്നും അഴിച്ചുമാറ്റി മധുരമലയാളത്തിലെ എട്ടിതളിലേക്ക്‌ ആവാഹിച്ചു, തിരുനല്ലൂര്‍ കരുണാകരന്‍. സംസ്‌കൃതകവിതകള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുമ്പോള്‍ കഠിന സംസ്‌കൃതമായിപ്പോകുന്ന, വന്‍വീഴ്‌ചകളില്‍ നിന്നും തിരുനല്ലൂര്‍ , കാളിദാസന്റെ മേഘത്തെ മാറ്റിപ്പെയ്യിച്ചു. ഒമര്‍ഖയാമിന്റെ റുബായിത്ത്‌ വിവര്‍ത്തനം ചെയ്‌തപ്പോഴും അദ്ദേഹം ഈ രീതിയാണ്‌ സ്വീകരിച്ചത്‌.

`ചാഞ്ഞപച്ചിലച്ചില്ലപ്പടര്‍പ്പിനു
താഴെ വല്ലതുമല്‌പ മാഹാരവും
പാനപാത്രം നിറയും മദിരയും
ഭാവസാന്ദ്രമധുരം കവിതയും
ഗാഢമൗനവിജനതാലീനമാം
ഗാനമാലോലമാലപിച്ചങ്ങനെ
കൂടെനീയുമുണ്ടെങ്കില്‍ കൊടുംവനം-
കൂടി നന്ദനമാണെനിക്കോമനേ'.


യത്‌നസൗന്ദര്യത്തിന്റെ കവിയായിരുന്നല്ലോ തിരുനല്ലൂര്‍ . 'ശിലാരേഖ' എന്ന എട്ടുവരിക്കവിത ശ്രദ്ധിക്കുക:


`തമ്പൂരാന്‍ മുദാ നിര്‍മിച്ചുതന്‍ യശഃ
സ്‌തംഭമാകുമീയത്ഭുതഗോപുരം
അപ്പുരത്തില്‍ പുരാതനഗോപുര-
ശില്‍പമൊന്നിലീ രേഖ വായിക്കവേ
വിസ്‌മയത്താല്‍ വിരിയും മിഴിയുമായ്‌
സസ്‌മിതം സ്വയം ചൊന്നു സന്ദര്‍ശകന്‍
എത്ര ശക്തനാ തമ്പൂരാന്‍ ദൂരെ നി-
ന്നിത്രയും കല്ലുതാനേ ചുമന്നവന്‍'.


എട്ടേ എട്ടു വരികളിലാണ്‌ തിരുനല്ലൂര്‍ അതിപ്രസക്തമായ ഈ ചോദ്യമുന്നയിക്കുന്നത്‌. ചരിത്രത്തിന്റെ അടിസ്ഥാനരഹിതമായ അവകാശങ്ങളെ പൊളിച്ചു കാണിക്കുവാന്‍ മലയാളത്തില്‍ എട്ടുവരികള്‍ മാത്രം മതിയെന്ന്‌ തിരുനല്ലൂര്‍ വ്യക്തമാക്കി. പ്രയത്‌ന സൗന്ദര്യത്തിനോടൊപ്പം പ്രണയസൗന്ദര്യവും തിരുനല്ലൂരില്‍ നിക്ഷിപ്‌തമായിരുന്നു. പരസ്‌പര സ്‌നേഹമില്ലാത്തിടത്ത്‌ അദ്ധ്വാനത്തിന്റെ കൊടി തുടരുകയില്ല. സ്‌നേഹമില്ലായ്‌മയില്‍നിന്നും സ്‌നേഹത്തിലേക്കാണല്ലോ അതിന്റെ പ്രയാണം. തൊഴിലാളിയുടെ പ്രണയം എങ്ങനെയാണ്‌ എട്ടുവരിക്കവിതയില്‍ തിരുനല്ലൂര്‍ വരച്ചിരിക്കുന്നതെന്ന്‌ നോക്കുക.

`പാറപൊട്ടിച്ചുനന്നേപരുക്കനായ്‌
മാറിയൊരെന്‍ തഴമ്പാര്‍ന്ന കൈത്തലം
നിന്‍ ചുരുള്‍മുടിക്കാട്ടിലലസമായ്‌
സഞ്ചരിക്കവേ പൂവായതെങ്ങനെ?
കല്ലുടയും കഠിനശബ്‌ദങ്ങളെ-
ത്തല്ലിവീഴ്‌ത്തുമെന്‍ കണ്‌ഠത്തിലോമനേ
നിന്നോടൊന്നു ഞാന്‍ മിണ്ടുമ്പൊഴേയ്‌ക്കു തേന്‍
നിന്നു തുള്ളിത്തുളമ്പുന്നതെങ്ങനെ?



അഷ്‌ടമുടിക്കായലിനെക്കുറിച്ച്‌ തിരുനല്ലൂര്‍ 'റാണി'യുടെ ആമുഖത്തില്‍ പറഞ്ഞത്‌ താമരയുടെ കുരുന്നിലയില്‍ ഇറ്റുവീണ ആകാശനീലിമയുടെ ഒരു തുള്ളി എന്നാണ്‌. തുടര്‍ന്ന്‌ കായലിനെക്കുറിച്ചു പറയാന്‍ രണ്ടു ഖണ്‌ഡികകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ മീനമാസത്തിലെ വെയില്‍ എന്ന എട്ടിതള്‍ കവിതയില്‍ കായല്‍ ജീവിതത്തിന്റെ അന്തഃസ്സത്തയായി മാറുന്നു.

ഇഷ്‌ടമാണെനിക്കേറ്റം
മീനമാസത്തെക്കൊടു
നട്ടുച്ചവെയി,ലതു
തീപോലെയാണെന്നാലും.
കായലിന്‍ നിമ്‌നോന്നത-
നീലിമയുടെ ദര്‍ശ-
നീയമം വെട്ടിത്തിള-
ക്കത്തിലാണതിന്‍ഭംഗി.
അങ്ങിങ്ങുപെട്ടെന്നോള-
പ്പാത്തിയില്‍ വീണുംപിന്നെ-
പ്പൊങ്ങിയും തുഴഞ്ഞുപോം
കൊച്ചുവഞ്ചികളെല്ലാം
പളുങ്കില്‍ മണികള്‍ പോല്‍
തെറിച്ചുവീഴുന്ന പൈ-
ങ്കുളിരാലറിവീല
സൂര്യന്റെ കാഠിന്യത്തെ.



കഠിനമായ അദ്ധ്വാനവും കവിതയും തമ്മില്‍ രക്തബന്ധമാണുള്ളത്‌. പാട്ടുകള്‍ പണിയെടുക്കുന്നവരെ ഉത്സാഹപ്പെടുത്തുകയും കൊടുംവെലിയിനെ പൂനിലാവാക്കി മാറ്റുകയും ചെയ്യുമല്ലോ. അതിനാല്‍ കഠിനാദ്ധ്വാനത്തിനുമുമ്പ്‌ ഒരു പാട്ടു നല്ലതാണ്‌. ഈ ആശയം കൊയ്‌ത്തിനുമുമ്പേ എന്ന കവിതയില്‍ സമ്രഗ്രതയോടെ ആവിഷ്‌കരിക്കാനും തിരുനല്ലൂര്‍ എട്ടുവരികളേ ഉപയോഗിച്ചുള്ളൂ.


നീളുമദ്ധ്വാനമാവശ്യമുള്ളതാം
നാളുകളാണിനിയുള്ള നാളുകള്‍ .
ചെങ്കനല്‍വെയിലാളും വയലിലെ-
പൊന്‍കതിരുകള്‍ കൊയ്യേണ്ട നാളുകള്‍
ആകയാലെന്റെ മെയ്യും ഹൃദയവു-
മാകെയൊന്നു നവീകരിച്ചീടുവാന്‍
ഇന്നുസന്ധ്യതന്‍ സൗന്ദര്യവാടിയില്‍
ചെന്നിരുന്നൊരു പാട്ടുപാടട്ടെ ഞാന്‍.



ജാപ്പനീസ്‌ കാവ്യരീതിയായ ഹൈക്കു-മഞ്ഞുതുള്ളിയില്‍ മഴവില്ലു സൃഷ്‌ടിക്കുന്നതാണ്‌. ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ ഹൈക്കുവിന്റെ പ്രത്യേകതയാണ്‌. ഒറ്റനോട്ടത്തില്‍ ലളിതമെന്നു തോന്നാവുന്ന ആ വരികളില്‍ സ്‌നേഹത്തിന്റെ ദൃഢതയും താരള്യവും ഒന്നിച്ചു സമ്മേളിക്കുന്നതുകാണാം. 'ഒരു മൂളിപ്പാട്ടെങ്കിലും' എന്ന എട്ടുവരിക്കവിതയില്‍ ഒരു നാടന്‍ദൃശ്യവും അതു സൃഷ്‌ടിക്കുന്ന വൈകാരികതയും തിരുനല്ലൂര്‍ വരച്ചിട്ടിരിക്കുന്നു.


`നല്ലെണ്ണ തേച്ചുകുളിച്ചു പൂഞ്ചായലില്‍
മുല്ലപ്പൂ ചൂടിയ പെണ്‍കിടാവും,
മുറ്റത്തുപൂന്നെലും, നാടായ നാടാകെ
മുറ്റിത്തെളിയുന്ന പൂനിലാവും!
പൈക്കള്‍ക്കെരുത്തിലിലിപ്പോള്‍ത്തിടുക്കത്തില്‍
വൈക്കോല്‍കൊടുക്കും ചെറുപ്പക്കാരാ
മൂകതവിട്ടു നീ പാടുക കൊച്ചൊരു
മൂളിപ്പാട്ടെങ്കിലും കൂട്ടുകാരാ'.



കടലിലെ ഒരു ദൃശ്യമാണ്‌ `മീന്‍പിടിത്തക്കാരില്‍ ' ഉള്ളത്‌. കൊടുങ്കാറ്റടിക്കുകയും പെരുമഴ പെയ്യുകയും പെയ്യുന്ന കടലില്‍ കരയ്‌ക്കു വരാന്‍ മടിച്ചുനില്‍ക്കുന്ന മീന്‍പിടിത്തക്കാര്‍ ഒരസാധാരണ ദൃശ്യമാണ്‌. ഇതു പകര്‍ത്താനും തിരുനല്ലൂര്‍ പതിന്നാലക്ഷരം വീതമുള്ള എട്ടുവരികളെ ഉപയോഗിച്ചിട്ടുള്ളൂ.


`കൂരിരുട്ടെങ്ങും, കൊടു-
ങ്കാറ്റടിക്കുന്നു, ഘോര-
മാരിയും ചൊരിയുന്നു
സാഗരമലറുന്നു.
തോണികള്‍ക്കാഴങ്ങളി-
ലെങ്ങുമേ ശവക്കുഴി
തോണ്ടുന്നു മലകളായ്‌
മറിയും തരംഗങ്ങള്‍ .
എങ്കിലും വെറും കയ്യു-
മായ്‌ക്കരയ്‌ക്കണയുവാന്‍
ശങ്കിച്ചു നില്‍ക്കുന്നല്ലോ
മീന്‍പിടിത്തക്കാരെല്ലാം.
അണയാന്‍ തുടങ്ങുന്ന
മണ്‍വിളക്കുമായിപ്പോ-
ഇവരെ കുടിലുകള്‍
കാത്തിരിക്കുന്നു ദൂരെ.'



വന്‍കടലുകള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന കവിക്ക്‌ ചെറുതടാകങ്ങളെ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും അതിലുടനീളം മഴവില്ലും മേഘങ്ങളും ആദിത്യ ചന്ദ്രഗ്രഹതാരകങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നുമാണ്‌ ഈ എട്ടുവരിക്കവിതയില്‍ തെളിയിക്കുന്നത്‌. കവിതയിലും ജീവിതത്തിലും സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭൗതികബോധത്തിന്റെ വലിയ ഉദാഹരണമായിരുന്നു, തിരുനല്ലൂര്‍ കരുണാകരന്‍. യുക്തിചിന്തയുടെ ലാവണ്യധാര അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
തിരുനല്ലൂര്‍ കവിതകളുടെ സമ്പൂര്‍ണ സമാഹാരം ലഭ്യമല്ല എന്നുള്ളത്‌ മലയാള കവിതാസ്വാദകരുടെ ദുഃഖമാണ്‌. അല്‌പമെങ്കിലും വലിയ ഒരു സമാഹാരം പുറത്തിറങ്ങിയത്‌ 1984 ലാണ്‌. അതാകട്ടെ ഇപ്പോള്‍ തീരെ കിട്ടാനില്ല. ആ സമാഹാരത്തിലെ കവിതകളും, താഷ്‌ക്കന്റ്‌, ജിപ്‌സികള്‍ തുടങ്ങിയ കൃതികളും റാണിയും രാത്രിയുമടക്കം ഇപ്പോള്‍ ലഭ്യമായിട്ടുള്ള കൃതികളും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിവര്‍ത്തനകൃതികളും ചേര്‍ത്ത്‌ ഒരു ബൃഹത്‌ സമാഹാരം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ തിരുനല്ലൂര്‍ സ്‌മൃതികേന്ദ്രം മുന്‍കൈയെടുക്കേണ്ടതാണ്‌.




PHONE : 9895720984

4 comments:

  1. kavithayude ee kurunthotty kashayam kollam....then cherthappol madhuravumaayi...

    ReplyDelete
  2. പാറപൊട്ടിച്ചുനന്നേപരുക്കനായ്‌
    മാറിയൊരെന്‍ തഴമ്പാര്‍ന്ന കൈത്തലം
    നിന്‍ ചുരുള്‍മുടിക്കാട്ടിലലസമായ്‌
    സഞ്ചരിക്കവേ പൂവായതെങ്ങനെ?
    കല്ലുടയും കഠിനശബ്‌ദങ്ങളെ-
    ത്തല്ലിവീഴ്‌ത്തുമെന്‍ കണ്‌ഠത്തിലോമനേ
    നിന്നോടൊന്നു ഞാന്‍ മിണ്ടുമ്പൊഴേയ്‌ക്കു തേന്‍
    നിന്നു തുള്ളിത്തുളമ്പുന്നതെങ്ങനെ?

    ReplyDelete
  3. ഇന്നുണ്ടായ അനുഭവം
    അഷ്ടമുടികായലിന്റെ കരയ്കുള്ള സ്കൂളിലെ വലിയ പുസ്തകോൽസവത്തിൽ പങ്കെടുത്തു.
    അഷ്ടമുടിയെക്കുറിച്ച് എഴുതപ്പെട്ട പാടപ്പെട്ട ഏറ്റവും ജനകീയമായ കാവ്യമായ റാണി ഒരുപാട് അന്വേഷിച്ചു. ഒരു മാതിരി എല്ലാ സ്റ്റാളിലും കയറി ഇറങ്ങി.
    രമണനു ശേഷം മലയാളക്കര കേട്ട ഏറ്റവും ഹൃദ്യമായ പ്രേമകാവ്യം എന്നൊക്കെ റാണി യെക്കുറിച്ച് വായിച്ചിട്ടുണ്ട്.
    എവിടെ ? പുസ്തകമഹാ സാഗരത്തിൽ റാണിയുടെ അഡ്രസ്സില്ല. റാണി പോയിട്ട് അന്നാട്ടുക്കാരനായ തിരുനെല്ലൂരിന്റെ തന്നെ ഒറ്റ കൃതിപോലുമില്ല പ്രസാധനത്തിൽ. എൻ.ബി. എസ്സ്, ഡി.സി, കറന്റ് , മാതൃഭൂമി. ങേ ഹെ. എന്തൊരു കാവ്യ ഗതി.!! കാവ്യ അനീതി എന്നൊന്നുണ്ടോ ?
    വാൽ: തിരികെ വന്നു 30രൂപയ്ക്ക് ഡൗൺ ലോഡ് ചെയ്തു.

    My facebook post

    ReplyDelete

Leave your comment