Saturday, October 16, 2010

ഹൃദയങ്ങളുടെ സുഹൃത്ത്‌

(ഗുരു നിത്യയ്ക്ക്)

മോഹന്‍കുമാര്‍.പി


റങ്ങാതെ ഉണരാതെ ഒരാള്‍
ഹൃദയങ്ങളോടൊട്ടിയിരുന്ന്
ബിഥോവന്‍റെ സിംഫണികളില്‍
നിറങ്ങള്‍ കൊരുക്കുന്നു.
ബ്രഹദാരണ്യകത്തില്‍ പ്രജാപതിയാകുന്നു.
ദത്തയും ദാമ്യതയും ദയത്വവുമാകുന്നു.



മഞ്ഞുകുപ്പായത്തില്‍ നിന്നും രണ്ടു സൂര്യന്മാര്‍
ഒരു ഊന്നുവടിയോടു സ്നേഹസംവാദം നടത്തുന്നു.
ഗോതമ്പു വയലുകളില്‍ നിന്നും വാന്‍ഗോഗ്
ഹാറ്റില്‍ നിന്നും റൂമി
ഒളികണ്ണില്‍ നിന്നും ഇരട്ട സൂര്യന്മാര്‍
ഇരുളില്‍ നിന്നും സിംഹസമമൊരു നോട്ടം.
മൌനത്തില്‍ നിന്നും അഭിനവനും
അദ്വൈതവും,കാളീനാടകവും
കാള്‍സാഗനും.



യുങ്ങിനോടൊപ്പം മലകയറി ഒരാള്‍
സൂര്യഗായത്രി ഉരുവിടുന്നു
അടുക്കളയില്‍ അച്ചാറുകളോടു
ധ്വനി രഹസ്യം തിരയുന്നു
നിജിന്‍സ്കിയുടെ അംഗലാവണ്യത്തില്‍
ഒപ്പേറ കളിക്കുന്നു
ക്രിസാന്തിമങ്ങള്‍ക്ക് ഒരു ഹൈക്കു
പാടി കൊടുക്കുന്നു.
 ബാഷയോടൊപ്പം മലമുകളില്‍
ചെറിപ്പഴങ്ങള്‍ പെറുക്കി നിലയ്ക്കാത്ത യാത്രയാകുന്നു.



കുട്ടികളോടൊപ്പം മിഠായി നുണഞ്ഞു മുത്തശ്ശനാകുന്നു
കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി കരയുന്നു
ഉടന്‍ ഒരു മേഘം വന്നു മാനം മറയ്ക്കുന്നു
പെരുമഴയില്‍ കുടയില്ലാതെ,
മഴ നനയാതെ ഒരാള്‍ വീട്ടിലെത്തുന്നു.
 സെയ്ഗയോടൊപ്പം യോഷിമാ മലയില്‍
ഒരു 'വാക' രചിക്കുന്നു
മേഘമല്‍ഹാറില്‍ നിന്നും
അയ്യപ്പമഹാകവിയ്ക്ക് നിലാവിന്‍റെ ഗീതം വര്‍ഷിക്കുന്നു.



ഒടുവില്‍ മഴയോടൊപ്പം
എല്ലാവരെയും കബളിപ്പിച്ചു
പ്ലംമരങ്ങളുടെ ഇടയിലേക്കോ
ഗന്ധര്‍വന്മാരുടെ നാട്ടിലേക്കോ
കടന്നു കളഞ്ഞിരിക്കുന്നു അയാള്‍ !
                                       
                                                                  O 


( 2008 ലെ തിക്കുറിശ്ശി കവിതാപുരസ്കാരം നേടിയ 'അയാള്‍ വെറും ഗോളിയാണ് ' എന്ന കവിതാസമാഹാരത്തില്‍ നിന്നും)



PHONE - 9895675207

No comments:

Post a Comment

Leave your comment