Saturday, June 8, 2013

പ്രണയത്തിന്റെ ഗന്ധമാദനങ്ങൾ

പുസ്തകം
മീരാ കൃഷ്ണ











സോളമന്റെ ഉത്തമഗീതം
വിവർത്തനം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ
ഗ്രീൻ ബുക്സ്‌

             ക്ഷരങ്ങൾ ഇന്ദ്രിയങ്ങളിലുണർത്തുന്ന പ്രതിസ്പന്ദമാണ്‌ സംവേദനം. ഇതു സാഹിത്യകൃതികളിൽ സംഭവ്യമാണ്‌. നിർവൃതിയുടെ മധുരമായ ഒരു തലമാണ്‌ ഈ ഇന്ദ്രിയാനുഭൂതി. ആശയങ്ങളും ഇന്ദ്രിയങ്ങളും തമ്മിലുള്ള അതിതീവ്രമായ അനുരാഗത്തിന്റെ ആദ്യ ചുംബനലഹരി. ഇങ്ങനെ ഒരനുഭൂതിയിൽ ഇന്ദ്രിയങ്ങളെത്തുമ്പോൾ ആ കൃതി മഹത്വമാർജ്ജിക്കുന്നു. സൗന്ദര്യബോധത്തിന്റെ കിളിവാതിലിലൂടെ അരിച്ചെത്തുന്ന പ്രണയത്തിന്റെ അരളിപ്പൂക്കളുടെ ഗന്ധം മനുഷ്യന്റെ ഘ്രാണശക്തിയെ തൊട്ടുണർത്തുന്നു. സമസ്ത ഇന്ദ്രിയങ്ങൾ കൊണ്ടും ഒരു കൃതിയെ എങ്ങനെ ആസ്വദിക്കാം എന്നു പഠിപ്പിക്കുക കൂടിയാണ്‌ സോളമന്റെ ഉത്തമഗീതം എന്ന വിവർത്തനസാഹിത്യത്തിലൂടെ മുഞ്ഞിനാട്‌ പത്മകുമാർ. ഗന്ധമായ്‌, നാദമായ്‌, രൂപമായ്‌, രസമായ്‌, സ്പർശമായ്‌ ആസ്വാദനത്തിന്റെ ആയിരം ജാലകങ്ങൾ തുറന്നിട്ടുകൊണ്ടാണ്‌ സോളമന്റെ ഉത്തമഗീതം വിവർത്തനം ചെയ്തിരിക്കുന്നത്‌. ആധുനിക ലെബനോൻ ലോകത്തിനു സമ്മാനിച്ച ഖലീൽ ജിബ്രാൻ, ജിബ്രാന്റെ പ്രണയക്കുറിപ്പുകൾ ഭാഷാന്തരീകരിച്ച്‌ മലയാളത്തിനു സുപരിചിതനാക്കിയ പത്മകുമാറിന്റെ തത്വചിന്താപരവും മന:ശാസ്ത്രപരവും ജൈവശാസ്ത്രപരവും ആത്മീയപരവുമായുള്ള അന്വേഷണങ്ങൾ നിറയുന്ന പ്രണയകാവ്യമാണ്‌ സോളമന്റെ ഉത്തമഗീതം. വിശുദ്ധ ഹീബ്രു ബൈബിളിൽ ഇയ്യോബിന്റെ പുസ്തകത്തിനു ശേഷമുള്ള മെഗില്ലോത്ത്‌ എന്നറിയപ്പെടുന്ന അഞ്ചു ധ്യാനഭാഗങ്ങളിൽ ആദ്യത്തേതാണ്‌ പത്മകുമാർ വിവർത്തനം ചെയ്ത ഉത്തമഗീതം. പുരാതന ഈജിപ്ഷ്യൻ മെസപ്പെട്ടോമിയൻ കൃതികളുമായി ഏറെ സാമ്യമുള്ള ഉത്തമഗീതം രചിച്ചത്‌ സോളമൻ രാജാവാണെന്നു പറയപ്പെടുന്നു. ദൈവവുമായുള്ള പ്രണയമാണ്‌ ഉത്തമഗീതം എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്‌. 


പത്മകുമാറിന്റെ വിവർത്തനഗീതങ്ങളേക്കാൾ ശ്രേഷ്ഠതയേറിയ ഭാവഗീതമാണ്‌ അതിന്റെ ആമുഖക്കുറിപ്പ്‌. "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്‌" എന്ന ആമുഖത്തിൽ ചില ഓർമ്മകൾക്ക്‌ കുന്തിരിക്കത്തിന്റെ മണമാണ്‌ എന്നു പറഞ്ഞാണ്‌ തുടങ്ങുന്നത്‌. മാർക്വേസ്‌ കൃതികളിൽ ബദാമിന്റെ കടുംനിറമുള്ള രാവുകളും പേരയ്ക്കയുടെ സുഗന്ധവും നേപ്പിൾ മരങ്ങളുടെ ഗന്ധവുമുണ്ട്‌. ട്രോയിലെ ഹെലനും വെനീസിലെ ഡെസ്ഡിമോണയ്ക്കും ഡോസ്റ്റോയെവ്സ്കിയുടെ സോഫിയയ്ക്കും ടോൾസ്റ്റോയിയുടെ അന്നയ്ക്കും കുന്തിരിക്കത്തിന്റെ മണമായിരുന്നു എന്ന് ഓർമ്മിക്കുന്ന പത്മകുമാർ എല്ലാ മുത്തശ്ശിമാർക്കും വയണയുടെ മണമാണെന്നു പറയുന്നു. ബാലാമണിയമ്മയ്ക്ക്‌ ചന്ദനത്തിന്റെ സുഗന്ധമായിരുന്നെന്നും അയ്യപ്പനു ലഹരിയിൽ കുതിർന്ന മണമാണെന്നും കുഞ്ഞിരാമൻനായർക്ക്‌ കർപ്പൂരത്തിന്റെ മണമാണെന്നും ഒക്കെ പറയുമ്പോൾ സുഗന്ധത്തിന്റെ ഗന്ധമാദനം തന്നെ ഇവിടെ ദർശിക്കുന്നു. ഗന്ധം അനുഭവമാകുന്നു. പുതുമണങ്ങൾ തേടിനടന്ന കാലം ഉണ്ടായ പ്രണയം അതും പ്രണയത്തിന്റെ അഗാധതയിലേക്ക്‌ അറിയാതെ അറിയാതെ എത്തിക്കുന്നു. ഒരിക്കലും ഈ പുസ്തകം വായിക്കുകയാണ്‌ എന്ന തോന്നൽ ഉണ്ടാകുന്നില്ല. അനുഭവിപ്പിക്കുകയാണ്‌. അതായത്‌, വായന അനുഭവമാകുന്ന ഇന്ദ്രജാലം.

ഡോ.മുഞ്ഞിനാട്‌ പത്മകുമാർ

കലാലയസ്മരണകളിൽ - എപ്പോഴോ കൂട്ടുവന്ന ബാല. അവൾക്ക്‌ കുന്തിരിക്കത്തിന്റെ ഗന്ധമായിരുന്നു. അവൾ പ്രാണകോശങ്ങളിൽ തീനാമ്പുകൾ പടർത്തിയതും ഒരണലിയെപ്പോലെ പതുങ്ങിക്കിടന്ന പ്രണയം ഞരമ്പുകളിലൂടെ ഇഴഞ്ഞ്‌ ഹൃദയത്തിലെത്തിയതും ഒക്കെ വായനക്കാരന്റെ മനസ്സിനെ തരളിതമാക്കുന്നു. "ചിരികൾ വാടിത്തളർന്നപ്പോൾ ചിത്രക്കടലാസിൽ പൊതിഞ്ഞ ഉത്തമഗീതം അവളെനിക്ക്‌ നീട്ടി. റോസാപ്പൂക്കളുടെ പടമുള്ള അത്‌ വളരെ പതുക്കെ തുറക്കാൻ തുടങ്ങി. അവളുടെ വിരലുകൾ എന്റെ വിരലുകളെ സഹായിക്കാൻ എത്തി. വിരലുകൾ ഉരുമ്മി, ഉമ്മവച്ചു, മിണ്ടി, തലോടി." ഇവിടെ പ്രണയത്തിന്റെ ആദ്യാനുഭവങ്ങൾ വികാരതീവ്രതയോടെ വിവരിക്കുന്നു. വിരൽത്തുമ്പു സ്പർശിക്കുമ്പോഴുണ്ടാകുന്ന പ്രണയത്തിന്റെ വിദ്യുത്‌പ്രവാഹത്തിന്റെ കാന്തികശക്തി അതിലളിതമായി വിവരിക്കുന്നു. ഇത്‌ പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും പ്രണയിച്ചു തുടങ്ങുന്നവർക്കും അനുഭൂതി ഉണർത്തുന്നു. റോസാപ്പൂക്കളുടെ ചിത്രങ്ങൾ കൊണ്ട്‌ മനോഹരമായി പൊതിഞ്ഞ ഉത്തമഗീതം എന്നു പറയുന്നിടത്ത്‌ പത്മകുമാറെന്ന തത്വചിന്തകനെ നാം കാണുന്നു. വിശുദ്ധബൈബിളിലെ ഉത്തമഗീതത്തിന്റെ സാരാംശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന മതത്തിന്റെ മുൾച്ചെടികളിൽ വിടരുന്ന റോസാപുഷ്പങ്ങളെ അടർത്തിമാറ്റി പുനർചിന്തയ്ക്കൊരുങ്ങുന്ന തത്വജ്ഞാനിയെ നമുക്കു കാണാം. ഈ ജ്ഞാനം ഈ വിവർത്തനഗീതങ്ങളിൽ എല്ലാം കാണുന്നു. ഉത്തമഗീതം തുറന്നുകഴിഞ്ഞ്‌ ആദ്യത്തെ പ്രണയഗീതം വായിച്ചുതീരും മുമ്പേ ബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിരലുകൾ തമ്മിൽ ഉമ്മവെച്ചു. ഒരുമിച്ചു നൃത്തം ചവുട്ടി. ഞങ്ങളുടെ വിരലുകൾ വേദിയിൽ തളർന്നു വീണു. ഇവിടെ പരോക്ഷമായി ഒരു രതിമൂർഛയുടെ അനുഭവം സാധ്യമാക്കുന്നു. അതോടൊപ്പം കൗമാരപ്രണയാനുഭവത്തിന്റെ മധുരോദാത്തമായ ചിത്രീകരണത്തിൽ കൂടി വായനക്കാരന്റെ ഗതകാലസ്മരണകളെ ഉണർത്തുന്നു. കൗമാരപ്രണയത്തിൽ പ്രണയത്തെ മറ്റൊരു വഴിയിലേക്ക്‌ തിരിച്ചുവിട്ട പ്രണയിനി നിശബ്ദതയുടെ വാതുക്കലെ സംഗീതമാകുന്നു. ഒടുവിൽ മറ്റൊരാളുടെ മണവാട്ടിയായി ഒരു ശൈത്യകാലത്ത്‌ ജീവൻ അവസാനിപ്പിച്ച അവളുടെ "വയറ്റിലെ കുഞ്ഞിനും കുന്തിരിക്കത്തിന്റെ മണമായിരുന്നോ" എന്നു വായിക്കുമ്പോൾ അറിയാതെ നാം വിതുമ്പിപ്പോകുന്നു. "അവൾ തൊട്ടതിനെല്ലാം കുന്തിരിക്കത്തിന്റെ മണമായിരുന്നു. എന്റെ വിരലുകൾ, ഹൃദയം, മിഴികൾ, നിശ്ശബ്ദത"- വിശുദ്ധ പ്രണയമെന്ന നനുത്ത വികാരത്തിന്റെ അതിലോലതന്ത്രികളിൽ വിരൽ തൊട്ട്‌ പൊട്ടിക്കരയിക്കുന്നു പത്മകുമാർ. സമസ്തകോശങ്ങളും സ്തംഭിക്കുന്നു. പേനയുടെ തുമ്പിൽ പ്രണയത്തിന്റെ ഹൃദയരക്തം നിറച്ച്‌ എഴുതിയ ആമുഖം അവസാനിക്കുമ്പോൾ, കപ്പുച്ചിൻ വൈദികനായ സുനിൽ.സി.ഇ യുടെ 'പ്രണയക്കാവടികൾ' എന്ന ലേഖനം കാണാം. തന്റെ പതിവുഭാഷ കൊണ്ട്‌ ഈ കൃതിയെ പോഷിപ്പിക്കുന്നു സുനിൽ. "ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്കുള്ള അതിസാഹസിക കുടിയേറിപ്പാർക്കലാണ്‌ പ്രണയം. ഓരോ ആൺപെൺ ഹൃദയവും ഓരോ പുതിയ സ്ഥലങ്ങളാണ്‌. ഈ പുതിയ സ്ഥലവുമായുള്ള ഇഴയടുപ്പമാണ്‌ പ്രണയം." പത്മകുമാർ സോളമന്റെ ഉത്തമഗീതം രചിച്ചിരിക്കുന്നത്‌ എട്ടു ശിൽപങ്ങളിലൂടെയാണ്‌. മണവാളനും മണവാട്ടിയും തോഴിമാരുമടങ്ങുന്ന ഒരു ഭാവനാടകകാവ്യ ശില്‌പമാണ്‌ ഈ വിവർത്തനഗീതം - ഒന്നാം ശില്‌പത്തിൽ മണവാട്ടിയുടെ കാവ്യസംഭാഷണമാണ്‌ തുടങ്ങുന്നത്‌. ബൈബിളിലെ ഉത്തമഗീതത്തിന്റെ പശ്ചാത്തലം മതപരമായ അനുഷ്ഠാന അന്തരീക്ഷമോ, വിവാഹ പശ്ചാത്തലമോ, വെറും പ്രണയകാവ്യമോ എന്നറിയില്ല - ഗ്രീക്ക്‌ ബൈബിളിലെ മണവാളൻ മണവാട്ടി പ്രയോഗങ്ങളാണ്‌ പത്മകുമാർ സ്വീകരിച്ചിരിക്കുന്നത്‌.  കൊത്തിയൊരുക്കിയ 8 ശില്‌പങ്ങളിലും പ്രണയത്തിന്റെയും പ്രകൃതിയുടെയും രതിയുടെയും വിരഹത്തിന്റെയും ഭക്തിയുടെയും അനുഭൂതിയുടെയും ചിത്രങ്ങളാണ്‌ ദൃശ്യമാക്കുന്നത്‌.   
 

ഹീബ്രു ഭാഷയിൽ 'Syr hsyrym' എന്നും ലത്തീനിൽ 'Canticum Canticorum' എന്നും സുറിയാനിയിൽ 'hkmmtdhkmtta'(വിജ്ഞാനങ്ങളുടെ വിജ്ഞാനം) എന്നും ഇംഗ്ലീഷിൽ 'Song of Songs' എന്നും പറയുന്ന ഉത്തമഗീതം രചിച്ചത്‌ സോളമൻ തന്നെയാണോ എന്നുള്ളത്‌ ബൈബിൾ പണ്ഡിതന്മാരുടെ ഇടയിൽ തന്നെ തർക്കവിഷയമായിരിക്കുമ്പോൾ പത്മകുമാർ തന്റെ വിവർത്തനസാഹിത്യത്തിന്റെ മൂലകഥയ്ക്ക്‌ കോട്ടം വരുത്താതെ 'സോളമന്റെ ഉത്തമഗീതം' എന്നാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌. വിശുദ്ധബൈബിളിൽ ഉത്തമഗീതം വായിക്കുന്നത്‌ ദൈവ മനുഷ്യബന്ധത്തിന്റെ ധ്യാനവിശുദ്ധിയിലാണ്‌. ആത്മാവിനെ പ്രകാശിതമാക്കുന്ന സ്ത്രീപുരുഷ സംയോഗത്തിനായുള്ള അന്തർദാഹങ്ങളാണ്‌ വിവർത്തനകൃതിയിലെ ഓരോ ശില്‌പവും കാഴ്ചവെക്കുന്നത്‌. ഭാരതത്തിന്റെ ആദ്ധ്യാത്മിക സ്രോതസ്സുകളുമായി സംയോജിപ്പിക്കാൻ ഭാഷയുടെ ആവരണങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്‌. ഋതുക്കൾ മാറുമ്പോൾ പുളകിതയാകുന്ന പ്രകൃതിയെയും ചില ശില്‌പങ്ങളിൽ അവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. വേദാന്തങ്ങളിലെ പുരുഷനും പ്രകൃതിയും തമ്മിലുള്ള രതിഭാവങ്ങളും സ്ത്രീയിലും പുരുഷനിലുമുള്ള ധന-ഋണ കാന്തികശക്തിയെയും തുടർവായനയിൽ കാണുന്നുണ്ട്‌.- സ്ത്രീപുരുഷ സംയോഗത്തിന്റെ അനുഭവതലങ്ങൾ ശില്‌പങ്ങളിലുണ്ട്‌ - രതിചിന്തകളിലെ സ്ത്രീപുരുഷ സമത്വം, പ്രലോഭന മധുരമൊഴികൾ, അംഗപ്രത്യംഗ വർണ്ണനകൾ ഇവയൊക്കെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. എട്ടാം ശില്‌പത്തിൽ സ്ത്രീപുരുഷ സംയോഗത്തിനു ശേഷം അസംതൃപ്തയായ സ്ത്രീയെ കവിതയിൽ കാണുന്നു - അതുകൊണ്ടാണ്‌ അവളിങ്ങനെ പറയുന്നത്‌ - എന്റെ അമ്മയുടെ മുലപ്പാലു കുടിച്ച കൂടപ്പിറപ്പായിരുന്നെങ്കിൽ നീ എന്നു ഞാനാഗ്രഹിക്കുന്നു. ഇവിടെ രതിയും സ്നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ കാണുന്നത്‌. മുഖവുരയിൽ പ്രണയിനിയുടെ വിരൽത്തുമ്പിൽ നിന്നു തുടങ്ങി ക്രമാനുഗതമായി മുന്നേറുന്ന പ്രണയമെന്ന ദിവ്യവികാരത്തിന്റെ അതിസൂക്ഷ്മ അനുഭവതലങ്ങളിലൂടെ പ്രണയത്തിന്റെ ഗന്ധമാദനങ്ങളിലേക്ക്‌ വായനക്കാരെ എത്തിക്കുമ്പോൾ മുഞ്ഞിനാട്‌ പത്മകുമാർ വിവർത്തനം ചെയ്ത സോളമന്റെ ഉത്തമഗീതം പൂർണ്ണമാകുന്നു.

Dr.Munjinadu Padmakumar : 9447865940

O




2 comments:

Leave your comment