Tuesday, April 14, 2015

മനുഷ്യാവസ്ഥകളുടെ ആവിഷ്കാരം

പുസ്തകം
ജോർജ്ജ്‌ ഓണക്കൂർ










സാബു.കെ.സി രചിച്ച 'കേന്ദ്രൻ' എന്ന നോവലിന്റെ വായന


         വേറിട്ട ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകമാണ്‌ 'കേന്ദ്രൻ'. രചനയുടെ ഏതെങ്കിലും വിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തുക സാധ്യമല്ല. യാത്രാനുഭവങ്ങൾ, ചരിത്രപഠനങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ സൂര്യനു താഴെ മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിന്റെയും അടയാളങ്ങൾ ദർശിക്കാം. ഒരു സാക്ഷിയെപ്പോലെ എല്ലാം കണ്ടും കേട്ടും ഒപ്പം നടന്നുനീങ്ങുന്ന ഗ്രന്ഥകാരൻ. ആ യാത്രയുടെ കേന്ദ്രസ്ഥാനം സ്വന്തം ജീവിതപരിസരം തന്നെയാണ്‌. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്ക്‌, അവിടെ പുലരുന്ന സാധാരണ മനുഷ്യജന്മങ്ങൾ; അവരുടെ ഇടയിൽ സംഭവിക്കുന്ന പരിണാമങ്ങൾ; മാറ്റങ്ങൾ, മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഹൃദ്യമായി കോറിയിട്ടിരിക്കുന്നു. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ശ്രീ.കെ.സി.സാബുവിന്റെ സാമൂഹികപഠനത്തിന്റെ ഹൃദയഭംഗികൾ ആകർഷകമാണ്‌. ഗവേഷണസമാനമായ സാമർത്ഥ്യത്തോടും നിരീക്ഷണവ്യഗ്രതയോടും കൂടി തന്റെ ഗ്രാമഭൂമികയുടെ സവിഷേഷതകൾ ഗ്രന്ഥകാരൻ പുന:സൃഷ്ടിക്കുന്നു.




ശ്രീ.സാബുവിന്റെ സ്വന്തം ഗ്രാമമായ കങ്ങരപ്പടി തൃക്കാക്കരെ ക്ഷേത്രത്തിനു സമീപസ്ഥമാണ്‌. ജീവിതത്തിൽ അവിസ്മരണീയമായ ഒരു കാലഘട്ടം ഞാൻ കഴിച്ചുകൂട്ടിയത്‌ ക്ഷേത്രത്തിനു തൊട്ടരികിലുള്ള വാടകവീട്ടിലായിരുന്നു. തൃക്കാക്കരെ ഭാരതമാതാ കോളേജിൽ അദ്ധ്യാപകനായിരുന്നതുകൊണ്ട്‌ ആ പ്രദേശത്തുനിന്നും ധാരാളം കുട്ടികളെ ശിഷ്യരായി കിട്ടാനും എനിക്ക്‌ ഭാഗ്യമുണ്ടായി. കോളേജിന്റെ പ്രാരംഭഘട്ടമായിരുന്നു അത്‌. പ്രീഡിഗ്രിതലം വരെ മാത്രം അദ്ധ്യയനസൗകര്യം. ആ ചെറിയ നാട്ടുരാജ്യത്തിൽ എനിക്ക്‌ നല്ല പ്രാധാന്യവും അംഗീകാരവുമുണ്ടായിരുന്നുവെന്നും സന്തോഷപൂർവ്വം ഓർമിക്കുന്നു. സ്നേഹമുള്ള പ്രജാസഞ്ചയം; ഏറെയും കൃഷിക്കാർ. നാടിന്റെ സാംസ്കാരികപാരമ്പര്യത്തിൽ അവർക്കു വലിയ അഭിമാനമായിരുന്നു. മഹാഭാരതകാലത്ത്‌ വനവാസശേഷം അജ്ഞാതവാസമനുഷ്ഠിക്കുമ്പോൾ പാണ്ഡവർ കണയന്നൂർ പ്രദേശത്തുകൂടി കടന്നുപോയിരുന്നുവത്രേ. ഓണത്തോടു ബന്ധപ്പെട്ട മാവേലിക്കഥയിൽ ബലിചക്രവർത്തി നാടുവാണിരുന്നത്‌ തൃക്കാക്കര ആസ്ഥാനമാക്കി ആയിരുന്നുവെന്നും പരാമർശമുണ്ട്‌. അങ്ങനെ സാംസ്കാരികമഹിമ നേടിയ സ്വന്തം ഗ്രാമഭൂമികയെക്കുറിച്ചുള്ള എഴുത്തുകൾ വായനയുടെ ഉന്മേഷം സമ്മാനിക്കുന്നു.

'കേന്ദ്രൻ' എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ്‌ ഈ ഗ്രന്ഥത്തിലെ സംഭവങ്ങൾ പുനർവായിക്കപ്പെടുന്നത്‌. കേന്ദ്രന്റെ ബന്ധുവായ ഉപ്പിലിയുടെ വിവരണവും ഗ്രാമീണഛായ നിലനിർത്തിക്കൊണ്ട്‌ പുരോഗമിക്കുന്നു. കേന്ദ്രന്റെ പലചരക്കുകടയും ഉപ്പിലിയുടെ മുറുക്കാൻകടയും ഗ്രാമത്തിലെ പ്രധാനവാണിജ്യസ്ഥാപനങ്ങളാണ്‌. അനുബന്ധമായി ഒരു ഹെയർകട്ടിംഗ്‌ സലൂൺ, നാട്ടിൻപുറത്ത്‌ രാസവളം ചേർക്കാതെ ഉത്പാദിപ്പിക്കുന്ന ജൈവകാർഷിക വിഭവങ്ങളുടെ വിനിമയസൗകര്യങ്ങൾ, പ്രധാനനിരത്തിലൂടെ കടന്നുപോകുന്ന പെരുമ്പാവൂർ-എറണാകുളം ഐ.എം.എസ്‌ ബസ്‌, അങ്ങനെ അചലവും സചലവുമായ കാഴ്ചപ്പുറങ്ങൾ.


സാബു.കെ.സി

വാഹനങ്ങളുടെ സ്വഭാവത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി ഒരു നാടിന്റെ ചരിത്രം നിർമ്മിക്കാവുന്നതാണ്‌. കാളവണ്ടികളുടെയും സൈക്കിളുകളുടെയും കാലം; പിന്നീട്‌ ഒറ്റപ്പെട്ട ഒരു പ്രൈവറ്റ്‌ ബസ്‌, ചരക്കുലോറി, സ്വകാര്യകാറുകൾ, ടാക്സികൾ എന്നിങ്ങനെ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. നാട്ടിൻപുറത്തെ ആദ്യകായികവിനോദങ്ങളിലൊന്ന് വോളിബോൾ. കൊയ്ത്തുകഴിഞ്ഞ പാടത്തും നഗ്നമായ കരഭൂമിയിലും സ്ഥലപരിമിതി തടസ്സപ്പെടുത്താതെ നടന്നിരുന്ന ആ പന്തുകളി എവിടെയും സാധാരണ കാഴ്ചകൾ. ഇടയ്ക്കിടെ വന്നുപോകുന്ന സർക്കസ്‌ സംഘങ്ങളുടെ പ്രകടനങ്ങൾ, സൈക്കിൾ യജ്ഞങ്ങൾ, പിന്നീടെപ്പോഴോ ഉദയം ചെയ്ത സിനിമാക്കൊട്ടക, അവിടെ നിന്നുയരുന്ന പാട്ടുകൾ; ചാച്ചൻസ്‌ ടാക്കീസിൽ നിന്നും സോണിയാ തിയേറ്ററിലേക്കുള്ള വികാസം; എല്ലാം കഥാഭംഗിയിൽ ഹൃദ്യമായി ചിത്രീകരിക്കപ്പെടുന്നു. 'പന്നിമലത്തു' നടത്തുന്ന ചീട്ടുകളിസംഘങ്ങൾ സുലഭം. റേഡിയോ, വാർത്താവിനിമയരംഗങ്ങളിൽ വിപ്ലവകരമായ മാറ്റമാണ്‌ ഗ്രാമങ്ങളിൽ സൃഷ്ടിച്ചത്‌. ലോകത്തെ ശബ്ദംകൊണ്ട്‌ ബന്ധിപ്പിച്ച സംവിധാനം. ആകാശവാണിയിലൂടെ ലോകം ഗ്രാമത്തിലേക്കു ചുരുങ്ങി. കൃഷിയിൽ നിന്ന് ഗ്രാമീണർ കച്ചവടത്തിലേക്കു പുരോഗമിച്ചു. സംസ്ഥാനാന്തരബന്ധങ്ങൾ വളർന്നു. ചെറുകിടവ്യവസായ സംരംഭങ്ങളും ആവിർഭവിച്ചു. ആളുകൾക്ക്‌ പണികിട്ടി. അതോടെ പണിമുടക്കുകളും സാധാരണമായി. ചൂഷണത്തിനെതിരെ ജനകീയമുന്നേറ്റങ്ങൾ!

കൃഷിയിൽ നിന്നും കച്ചവടത്തിലേക്ക്‌ കാലുമാറിയവർ പിൽക്കാലത്ത്‌ അദ്ധ്വാനിക്കാൻ കന്നിമണ്ണു തേടി മലബാറിലേക്കു കുടിയേറി. കൊച്ചിയിലെ കണയന്നൂരിൽ നിന്നും കർണ്ണാടക അതിർത്തിയിലേക്കു നടന്ന കുടിയേറ്റത്തിന്റെ ചരിത്രം കെ.സി.സാബു ഹൃദയംഗമമായി വിവരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ജീവിതരേഖകളാണ്‌ ഈ പുസ്തകം. മനുഷ്യാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ സത്യസന്ധമായ ആവിഷ്കാരം. ഇത്‌ കഥയാണ്‌, ചരിത്രമാണ്‌, സഞ്ചാരവിവരണമാണ്‌. ഇതിൽ സാമ്പത്തികശാസ്ത്രവും സാമൂഹികവികസനചരിത്രവുമുണ്ട്‌. മനുഷ്യാവസ്ഥയുടെ ഭൗതികതയും ആദ്ധ്യാത്മികതയുമുണ്ട്‌.

അങ്ങനെ തികച്ചും വേറിട്ടൊരു പുസ്തകമായിരിക്കുന്നു, കേന്ദ്രൻ. നൂതനമായ സർഗാത്മക പഥത്തിലൂടെ കെ.സി.സാബു യാത്ര ചെയ്യുന്നു. ആ ചടുലഗതി ആസ്വദിച്ച്‌ ഒപ്പം സഞ്ചരിക്കുക ആഹ്ലാദകരമാണ്‌.


കേന്ദ്രൻ
നോവൽ
കെ.സി.സാബു
സാഹിത്യപ്രവർത്തകസഹകരണ സംഘം
വില- 100 രൂപ


O


No comments:

Post a Comment

Leave your comment