Saturday, July 14, 2012

അറ്റ കൈപ്പത്തി

കവിത
രാജീവ്‌ ദാമോദരൻ











ന്നലെ,
ഏഴാമത്തെ രാത്രിയും ഒരേ സ്വപ്നം
ആവർത്തിച്ചു കണ്ട ഞാൻ
സത്യമായും സാക്ഷ്യപ്പെടുത്തുന്നു-
സ്വപ്നത്തിനും ഭ്രാന്തു പിടിക്കും!


ഇന്നലെയും,
സമനില നഷ്ടപ്പെടുവോളം
ഒരേ ദൃശ്യങ്ങളുടെ ഘോഷയാത്ര തുടർന്നു.


സിമിത്തേരിയിൽ ശവകുടീരങ്ങൾ പോലെ
സ്വപ്നം നിറയെ അറ്റുപോയ കൈപ്പത്തികൾ.
കാഴ്ചയുടെ അതിരുകളോളം
എന്നെ തനിച്ചാക്കി
അവ പെരുകിക്കൊണ്ടേയിരുന്നു.


എന്നിട്ടും
എത്ര പെട്ടെന്നാണ്‌ ഞാൻ
നമ്മുടെ കൈപ്പത്തികൾ തിരിച്ചറിഞ്ഞത്‌.
കുട്ടിക്കാലത്തെന്ന പോലെ
ഇവിടെയും നാം അടുത്തടുത്ത്‌.


എന്റെ കൈപ്പത്തിയിലെ വരണ്ട മണ്ണ്‌.
നിന്റെ കൈപ്പത്തിയിലെ ഊർവ്വരഭൂമി.
എന്റെ കൈരേഖകളുടെ മുറിപ്പാടുകൾ.
നിന്റെ കൈരേഖകളുടെ ഉഴവുചാലുകൾ.


സ്വപ്നങ്ങൾക്ക്‌ മാത്രം പ്രാപ്യമായ
പ്രകാശത്തിന്റെ മാന്ത്രികപ്രഭയിൽ
എല്ലാം എത്ര വ്യക്തം.


നിന്റെ വിരലുകളുടെ
പ്രതീക്ഷ നിറഞ്ഞ തുമ്പിലൊന്നു തൊടാൻ
സുഷുപ്തിയുടെ സുതാര്യമായ വിരിപ്പിലൂടെ
എന്റെ വലതുകൈ
സ്വപ്നത്തിലേക്ക്‌ കടന്നതും,
എനിക്ക്‌ കൈപ്പത്തിയില്ലെന്ന്
ഞാൻ തിരിച്ചറിഞ്ഞതും
ഒരേ നൊടിയിൽ.


ഉണർവ്വിനും സ്വപ്നത്തിനുമിടയിലെ
ലക്ഷ്മണരേഖ കടന്നെത്തിയ
എന്റെ കയ്യിൽ തറഞ്ഞ്‌
വിറച്ച്‌
വിറച്ച്‌
സ്വപ്നത്തിനു ഭ്രാന്തിളകി.


തൊണ്ടയിൽ തങ്ങി
ക്കുരുങ്ങിപ്പിടഞ്ഞിരു
ളാണ്ടു വരണ്ടൊച്ചയില്ലാ-
തമർന്നു പോം
പേടി ദംശിച്ച നിലവിളി പോൽ
സ്വപ്നരംഗങ്ങളിങ്ങനെ
കിടിലം മറിഞ്ഞുപോയ്‌-


ഉഴവുചാലിൽ നീ
സീതയായ്‌ പിറക്കുന്നു.


കൈപ്പത്തിയറ്റ ഞാൻ
എഴുത്തുപേക്ഷിക്കുന്നു.


അറുകൊല, മറുകൊല, കൂട്ടക്കൊല.
ആത്മഹത്യ, ഭ്രൂണഹത്യ, നരഹത്യ.
കത്തി, കഠാര, വടിവാൾ, വിഷം.
തോക്കുകൾ, ബോംബുകൾ, ടാങ്കുകൾ.


രാപ്പകൽ തോറും മരണം വിതച്ചു
ചുറ്റിപ്പറക്കുന്ന യന്ത്രപ്പറവകൾ.


വിരലരണി കടയുന്നു.
കൈപ്പത്തി കർപ്പൂരം.
കൈരേഖയുരുകുന്നു.


അറ്റ്‌ തെറിച്ച കൈപ്പത്തികൾ
കുന്നുകൂടുന്നു മൂടുന്നു സർവ്വവും.


അരുതരുത്‌ കഥകളിത്‌ വ്യഥകളിത്‌ തുടരരുത്‌
കരകടലുടലുടലിരുമനമുരുകരുതിനിയൊരുകവികുലമുണരരുത്‌...


വേദന തിങ്ങുമീ സ്വപ്നക്കണ്ണു പൊട്ടിക്കുവാൻ
എനിക്കില്ല
കൈപ്പത്തി പോലും
സഖേ!


O


2 comments:

  1. അരുതരുത്‌ കഥകളിത്‌ വ്യഥകളിത്‌ തുടരരുത്‌
    കരകടലുടലുടലിരുമനമുരുകരുതിനിയൊരുകവികുലമുണരരുത്‌...
    wah! nalloru kavitha.. enthukondo 'amma ariyan' cinemayile oru rangam orma varunnu.. enthu kondo enik vishamam varunnu..

    ReplyDelete
  2. അറ്റുപോയ കൈപ്പത്തികള്‍ തുടരെ നമ്മുടെ സ്വപ്‌നങ്ങളില്‍ ആധിപത്യമുറപ്പിക്കുന്നതില്‍ അതിശയമില്ല. നമുക്കുചുറ്റും നിണമെഴുതിയ കഥകളല്ലേ വിരിയുന്നത്? കൈപ്പത്തികള്‍ നഷ്ടപ്പെട്ട നാമിനി എന്തു ചെയ്യും?

    ReplyDelete

Leave your comment