Sunday, March 18, 2012

ഭൂതം

കഥ
സിയാഫ്‌ അബ്ദുൾഖാദിർ












                    ദ്യേ തന്നെ ഒരു കാര്യം പറയാം. കഥയുടെ ആ ഒരു ഇത് പോകും, എന്നാലും പറഞ്ഞില്ലെങ്കില്‍ എന്റെ ഇതും അതും എല്ലാം പോകും. ഇതിലെ ഭൂതം ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്ന ഒരു പാവം മനുഷ്യന്‍ ആണ്, അല്ലാതെ ഭൂതം ഒന്നുമല്ല. ഇനി ഭൂതത്തിനെ ആരാധിക്കുന്ന ആരെങ്കിലും അവരുടെ ഭൂതവികാരം വ്രണപ്പെട്ടു എന്നും പറഞ്ഞു എന്നെ കൊല്ലാന്‍ വരരുത്... പറഞ്ഞേക്കാം. രൊക്കം രണ്ടു ഭാര്യേം അതിനൊത്ത പിള്ളാരും ഉള്ളവനാ... ഓര്‍ത്തോണം !

ഞാന്‍ നാലക്കശമ്പളം മാത്രം വാങ്ങിക്കുന്ന ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഡി.എ കൂട്ടാത്തത് എന്തെന്നും ഹൗസിംഗ് ലോണിനും എല്‍ .ഐ.സിക്കും വാടകക്കും ഒക്കെ കാഷ്‌ എങ്ങനെ ഉണ്ടാക്കും എന്ന് തല പുകഞ്ഞു ചിന്തിക്കുന്ന ഒരു പാവം വില്ലേജ്‌ എക്സ്റ്റൻഷൻ
ഓഫീസര്‍ . പേരിന്റെ അറ്റത്ത് ഒരു ഓഫീസര്‍ ഉണ്ടെന്നു വെച്ച് അതിനുള്ള വരാഴികയൊന്നും ഇല്ലപ്പാ, എന്നാലും പറയുമ്പോ നമ്മളും ഓഫീസര്‍ .


എനിക്ക് ഒരു ചുറ്റിക്കളി ഉണ്ട്. പേരൊന്നും ചോദിക്കരുത് ഒരു ചുറ്റിക്കളി, അത്രേം അറിഞ്ഞാല്‍ മതി. (അമ്പടാ വേല മനസ്സില്‍ വെച്ചാല്‍ മതി ), കണക്കുകളുടെ, പിള്ളാരുടെ പഠിത്തത്തിന്റെ, ചെവിതല തരാത്ത ഓഫീസിലെ പരാതിക്കാരുടെ, വീട്ടിലെ പരാതിക്കാരിയുടെ ഒക്കെ ടെന്‍ഷനില്‍ നിന്ന് ഒരു സമാധാനം, അത്രേയുള്ളൂ.

അവള്‍ക്കും അങ്ങനെ തന്നാ. അവള്‍ടെ കെട്ട്യോനും ഉണ്ടെന്നു തോന്നുന്നു ഒന്നോ രണ്ടോ ചുറ്റിക്കളി. അപ്പോ പകരത്തിനു പകരം. അത്രേയുള്ളൂ. ഇപ്പോഴത്തെ കാലത്ത് ഇതൊന്നും ഒരു കാര്യാല്ലെന്നേ ! എന്തിനു; എന്റെ ഒറിജിനല്‍ ഭാര്യക്ക്‌ വരെ അറിയാം ഈ വിഷയം. രാത്രീല്‍ എങ്ങാനും ചുറ്റിക്കളിയുടെ ഫോണ്‍ വന്നാല്‍ ഉറങ്ങുന്ന മാതിരി അഭിനയിച്ചോളും അവള്‍ , അങ്ങനെ വേണം ഭാര്യമാരായാല്‍ . ഞാനും അതെ, പെണ്ണുങ്ങള്‍ക്ക് വരുന്ന ഫോണ്‍ ഒക്കെ തപ്പുക, അവരുടെ ഇന്‍ബോക്സില്‍ പോയി അടയിരുന്ന് ഒരു 'ന്യൂ ഇയര്‍ വിഷോ' 'ഹാപ്പി ബര്‍ത്ത് ഡേ' ആശംസയോ കണ്ടാല്‍ ഉടനെ ഏതാവനാടീ ലവന്‍ എന്ന് ചോദിച്ചു ലഹളയുണ്ടാക്കുന്ന പുരാതനഭര്‍ത്താവൊന്നും അല്ല ഞാന്‍. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നാ എന്റെ ഒരു ലൈന്‍.

ചുറ്റിക്കളി കൊണ്ട് എനിക്ക് പക്ഷെ ഒരു ഉപദ്രവമുണ്ട്. അവള്‍ക്കു നാഴികക്ക് നാല്‍പ്പതുവട്ടം എന്റെ വായീന്നു തന്നെ കമ്പിക്കഥ കേള്‍ക്കണം, അതും ചുമ്മാതൊന്നും പോരാ; അവള്‍ക്കു മതീന്ന് തോന്നും വരെ വേണം. പാവം ഞാന്‍, കിട്ടുന്ന കൈക്കൂലി മുഴുവന്‍ ഇങ്ങനേ പോകും. മാസാന്തം മനുഷ്യന്റെ ഊപ്പാട് വരും. എന്നാലും ഞാന്‍ അവളെ പിണക്കാറില്ല, ജീവിച്ചു പോകണമല്ലോ.

കുറച്ചു ദിവസം മുന്‍പ് അങ്ങനെ അവളുമായിട്ടു ചിരിച്ചു സല്ലപിച്ചു റോട്ടീക്കൂടെ വരുവാരുന്നു. നമ്മള്‍ ഫോണില്‍ കൂടെ വര്‍ത്താനം പറയുമ്പോ എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കത്തില്ലേ ? ചിലര്‍ ആംഗ്യം കാണിക്കും, ചിലര്‍ പേന കൊണ്ട് എന്തെങ്കിലും എഴുതും, ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. വര്‍ത്താനത്തിന്റെ ഒരു ഹരത്തില്‍ ഞാന്‍ റോട്ടില്‍ കിടന്ന ഒരു ഒഴിഞ്ഞ കൊക്കോകോള കാനില്‍ (ഇരുപതു രൂപയോ മറ്റോ ആണെന്ന് തോന്നുന്നു അതിന്റെ വില ) ഊക്കില്‍ ഒരു തട്ട് തട്ടി.

അപ്പുറത്ത് കിലുകിലാന്നുള്ള ചിരി കേട്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ഹരമിത്തിരി കൂടിപ്പോയെന്ന് ! കൊക്കോകോള കാന്‍ തെറിച്ചു ദൂരേക്ക്‌ പോയതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. എവിടെ ചെന്ന് വീണെന്നോ, എപ്പോള്‍ വീണെന്നോ ഒന്നും. സെക്കന്റ്‌ വെച്ച് ഞാന്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒരു ചുഴലിക്കാറ്റ്‌ എന്നെ വലിച്ചു വായുവില്‍ നിറുത്തി വട്ടം കറക്കി. ഇതെന്തരാ സുനാമിയാണോ എന്ന് ആര്‍ത്തുകരഞ്ഞു ഞാന്‍. ഫോണില്‍ക്കൂടി അപ്പുറത്ത് അവള്‍ കേക്കും എന്ന് ഒന്നും അന്നേരം ഓര്‍ത്തില്ല, അവള്‍ ചോദിക്കേം ചെയ്തു :

"എന്തുവാ നടക്കുന്നെ?."

"ജീവന്‍ പോകാന്‍ നേരത്താണോ അതിനൊക്കെ മറുപടി പറയുന്നത് ?"

എന്റെ ഫോണ്‍ തന്നെ അപ്പോഴത്തേക്കും കയ്യീന്ന് തെറിച്ചു പോയി.

ജന്മമേ, ഞാന്‍ ചത്തെന്നു തോന്നുന്നു. അല്ലെങ്കില്‍ ചുഴലിക്കാറ്റ്‌ ഒടുങ്ങിയെന്നോ? ഞാന്‍ എന്തായാലും നിലത്തെത്തിയിരിക്കുന്നു. തലതിരിച്ചില്‍ കുറയാന്‍ ഇച്ചിരി സമയമെടുത്തു. ഇപ്പം ഞാന്‍ റോഡിന്റെ നടുക്ക് നിന്ന് ഫുട്‌പാത്തില്‍ എത്തിയിട്ടുണ്ട്. കൈ-കാൽ-മുഖം ഒക്കെ അവിടവിടെതന്നെയുണ്ട്‌. എല്ലാം ഭദ്രം. അടുത്തുകൂടെ ഘര്ര്‍ എന്നോരൊച്ചയുണ്ടാക്കി ഒരു ടിപ്പര്‍ലോറി പാഞ്ഞു പോയി.

അപ്പോള്‍ അതാണ്‌ സംഭവം. ഞാന്‍ റോഡിന്റെ നടുക്കായിരുന്നു. ആ ചുഴലിക്കാറ്റു വന്നില്ലേല്‍ എന്‍റെ കാര്യം ഇപ്പോള്‍ തീരുമാനമായിട്ടുണ്ടാവുമായിരുന്നു. നൂറ്റി എട്ടിലേക്ക്‌  ആരെങ്കിലും വിളിച്ചേനെ. ആംബുലന്‍സില്‍ , കിട്ടിയ ഏതെങ്കിലും പഴന്തുണിയില്‍ പൊതിഞ്ഞു വീട്ടില്‍ എത്തിച്ചേനെ. ഓഫീസിലെ ക്ലാര്‍ക്ക്‌ രാധാമണി (അവള്‍ക്കൊരുത്തിക്കേ ഉള്ളൂ അവിടെ എന്നോടിത്തിരി മമത) എന്‍റെ മഞ്ചത്തിനടുത്ത് മൂക്ക് പിഴിഞ്ഞ് നിന്നേനെ.

ചുഴലിക്കാറ്റ്‌ എന്റെ അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവന്റെ കൈയുടെ ഒടുക്കത്തെ അരംകൊണ്ട് എന്റെ ഇടുപ്പോ നെഞ്ചോ ഒക്കെ നീറുന്നുണ്ടായിരുന്നു. കള്ളിമുണ്ടും ഒരു നീലഷര്‍ട്ടും ഒക്കെ ഇട്ട എല്ലിച്ച ഒരുത്തന്‍. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ വേണ്ടാരുന്നു എന്ന് തോന്നി കേട്ടോ. അവന്‍റെ മഞ്ഞച്ച പല്ല് കാട്ടിയുള്ള ചിരി കണ്ടപ്പോള്‍ , ജീവന്‍ രക്ഷിച്ചതല്ലേ, ഒന്ന് പരിചയപ്പെട്ടേക്കാം എന്ന് ഞാനും കരുതി.

"എന്താ പേര് ?"

"ഭൂതം"

ഞാന്‍ കിടുങ്ങിപ്പോയി. എന്‍റെ പള്ളീ...  വെറുതെയല്ല ഞാന്‍ ഇത്രേം നേരം എയറില്‍ നിന്നത്. എല്ലും തോലുമായിരിക്കുന്ന ഇവന്, അല്ലെങ്കില്‍ പത്തു നൂറു കിലോയുള്ള എന്നെയെങ്ങനെ പൊക്കാന്‍ പറ്റും?

എനിക്കെന്നിട്ടും വിശ്വാസം വന്നില്ല. ഞാന്‍ ആന്തിയും ഏന്തിയും ഒക്കെ നോക്കി. രണ്ടു ദിവസമായി താടി വടിക്കാത്ത മുഖം, മഞ്ഞപ്പല്ല്, നെറ്റിക്ക് നടുവില്‍ ഒരു വെട്ടുപാട്, കയ്യില്‍ ഡി.കെ ടെക്സിന്റെ ഒരു പ്ലാസ്റ്റിക്‌ കാരിബാഗ്, ഇപ്പോഴത്തെക്കാലത്ത് ഇങ്ങനെയാണോ ഭൂതം വരിക ? കണ്ടിട്ട് ഒരു സി.ഐ.ടി.യു. ക്കാരന്‍ ചുമട്ടുതൊഴിലാളിയെ മാതിരിയുണ്ട്. പട്ടണത്തില്‍ ഭൂതം സിനിമേല്‍ ; അത് പിന്നെ പോട്ടെ, മമ്മൂട്ടി ആണെന്ന് വെക്കാം; അലാവുദീന്‍, സീരിയലില്‍ എന്നാ ഗ്ലാമര്‍ ആയിരുന്നു? എന്തിനു ആ ജീമ്പൂംബാ പോലും എന്നാ പെഴ്സണാലിട്ടി ആണ് ? ഇതൊരു മാതിരി മെനയില്ലാത്ത ഭൂതം!

ഏതായാലും ജീവന്‍ രക്ഷിച്ചതല്ലേ. എന്തെങ്കിലും പ്രത്യുപകാരം ചെയ്തേ പറ്റൂ.

"വാ അളിയാ; നമ്മുക്ക് രണ്ടു പെഗ്ഗടിക്കാം"

ഞാന്‍ പറഞ്ഞു . എന്‍റെ സന്തോഷം അങ്ങനെയാ വന്നത്. ഇന്നത്തെ കൈക്കൂലി അങ്ങനെ പോകും. എന്നാലും .. "ഞാന്‍ കുടിക്കാറില്ല " ഗൗരവത്തിൽ പറഞ്ഞു ഭൂതം റോഡിനടുത്ത ഇടുക്ക് വഴിയിലൂടെ  തിരിഞ്ഞു എങ്ങോട്ടോ പോയി.

അല്ലേ! ഞാന്‍ അയ്യത്തടാ എന്നായിപ്പോയി. ഇക്കാലത്ത് എതവനാണ്ടാ ഒരു പെഗ് ഓസിനു കിട്ടും എന്ന് കേട്ടാല്‍ കമന്ന് വീഴാത്തത് ? അപ്പോള്‍ ആ നിമിഷം എനിക്ക് ഇത് ഒറിജിനല്‍ ഭൂതം തന്നെയാണെന്ന് ഒറപ്പായി. അല്ലെങ്കില്‍ മനുഷ്യന്‍ ആയിട്ടുള്ള ഒരുത്തന്‍; വേണ്ട ഭൂതം പോലും നിഷേധിക്കുമോ ഈ സാധനം ? ഞാന്‍ എന്തായാലും അന്ന് ഒരു ഉപകാരസ്മരണക്ക് ഭൂതത്തിനുള്ളതും കൂടെ കേറ്റി !

പതിവിലും കൂടുതല്‍ പാമ്പ്‌ ആയത് കൊണ്ടാകും മിസ്സസ്സ്  ചോദിച്ചു.

 "ഇന്നെന്നാ വല്ല പാര്‍ട്ടിയും ഒണ്ടാരുന്നോ ?"

ഞാന്‍ സത്യസന്ധമായി നടന്നതൊക്കെ അങ്ങ് പറഞ്ഞു . പക്ഷെ അത് അബദ്ധമായി കേട്ടോ. അവള്‍ കേറിയങ്ങ് റെയിസായി. ഞാന്‍, എന്‍റെ സംശയം, ഒക്കെ പറഞ്ഞിട്ട് അവള്‍ ഒന്ന് സമ്മതിക്കേണ്ടേ. അവള്‍ പറയുന്നത് അത് ഒറിജിനല്‍ ഭൂതം തന്നെയാണെന്നാ. അവള്‍ക്ക് ആ കൊക്കോകോള കാനിനെ ആണ് സംശയം. ആ തട്ട്, ആ ഒരൊറ്റ തട്ടിന്, അതില്‍ അടച്ചിരുന്ന ഭൂതത്തിന് സ്വാതന്ത്ര്യം കിട്ടിക്കാണും എന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു . പിന്നെ കൊക്കോകോള കാനിലല്ലേ  ഭൂതത്തിനെ ഇട്ടുവെക്കുന്നെ എന്നൊന്നും പറഞ്ഞിട്ട് എവിടെ സമ്മതിക്കാന്‍ ? ഒടുവില്‍ അവള്‍ ചോദിച്ചു -

"വിളക്കെവിടെ?'

ഭൂതത്തിനെ കണ്ടാല്‍ പിന്നെയും പിന്നെയും വിളിച്ചു വരുത്താന്‍ വേണ്ടി ഒരു വിളക്ക് തരും പോലും! ഇതൊക്കെ എനിക്കറിയാമോ? സന്ധ്യാസമയത്ത് ബാറില്‍ ആയിരിക്കുന്നത് കൊണ്ട് ഞാന്‍ വരുമ്പോള്‍ ആ അലാവുദ്ദീന്‍ സീരിയല്‍ കഴിഞ്ഞു പോകും. മിക്കവാറും വല്ല ഹര്‍ത്താലിനോ മറ്റോ ആണ് കാണുന്നത്, അല്ലെങ്കിലും എനിക്ക് ഈ  പെണ്ണുങ്ങളെ പോലെ സീരിയല്‍ കാണുന്നതൊന്നും ഇഷ്ടമല്ല. അതല്ലേ ഇപ്പൊ കുരിശായത്. ആ വിളക്ക് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ വിളിച്ചു വരുത്തമായിരുന്നു !

മിസ്സിസ് എന്നെ ഇനി പറയാന്‍ ഒന്നും ബാക്കിയില്ല, നല്ലൊരു ചാന്‍സ്‌ മിസ്സാക്കിയതില്‍ എനിക്കും ശരിക്കും വിഷമം തോന്നി കേട്ടോ. ആ കൊക്കോകോള കാന്‍ ഒന്ന് എടുത്തു നോക്കാന്‍ പോലും തോന്നിയില്ല. ഏതായാലും ഒരു കാര്യത്തിലെ എനിക്ക് ഒരു സമാധാനം തോന്നിയുള്ളൂ. എന്‍റെ ജീവന്‍ രക്ഷിച്ചതിനു പകരം ഒന്നും ചെയ്യാത്ത ആ സങ്കടം അങ്ങ് മാറിക്കിട്ടി. ചുമ്മാതൊന്നുമല്ലല്ലോ, ഭൂതത്തിനെ 'കൊക്കോകോള തടവി'ല്‍ നിന്നു ഞാനും രക്ഷിച്ചില്ലേ ? എന്‍റെ അടിമ ആക്കാമായിരുന്നിട്ടും ഞാന്‍ വെറുതെ വിടുകയും ചെയ്തു.

പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ദൈവമായിട്ടു, തന്നെ ഭൂതത്തിനെ എന്റെയടുത്തെത്തിച്ചു. ഓഫീസില്‍ നിന്ന് ഒരു കക്ഷിയുടെ ലോണ്‍ ശരിയാക്കികൊടുത്ത സന്തോഷം വകയില്‍ അയാളുടെ ചെലവില്‍ ബിരിയാണി അടിക്കാന്‍ മുബാറക്‌ ഹോട്ടലില്‍ കേറിയപ്പോള്‍ ദേ ഇരിക്കുന്നു ഭൂതം. കൂടെ ഇത്തിരിപ്പോന്ന ഒരു പെൺകൊച്ചും ഉണ്ട് . അതിനു  ബിരിയാണി വാങ്ങിക്കൊടുത്തു അരികത്തു നോക്കിയിരിക്കുന്നു.

ഞാന്‍ ഒന്ന് ചിരിച്ചു. ഭൂതം ചിരിച്ചില്ല, ഞാന്‍ ചമ്മിപ്പോയി. ഓര്‍മ്മയില്ലെന്നു തോന്നുന്നു. വിളക്ക് അന്ന് ചോദിച്ചു വാങ്ങിക്കാഞ്ഞതിന്റെ ദോഷം. കക്ഷി ഇരിക്കുന്നത് കൊണ്ട് ഇപ്പോള്‍ ചോദിക്കാനും മേലാ. അയാള്‍ എങ്ങാനും ഭൂതത്തെ അടിച്ചു മാറ്റിയാലോ? ഭൂതത്തിനും പേറ്റന്റ്‌ ഉണ്ടെന്നു വരുമോ? എന്തായാലും ഞാന്‍ ബിരിയാണി തിന്നോണ്ടിരിക്കുമ്പോൾ ഭൂതത്തിന്റെ മേല്‍ ഒരു കണ്ണ് വെച്ചു. ഇത്തവണ വിളക്ക് എങ്ങനേലും അടിച്ചെടുക്കണം .

അപ്പോഴത്തേക്ക് ഒരു സംഭവം ഉണ്ടായി. കുറെ തിന്നു കഴിഞ്ഞപ്പോള്‍ കൊച്ചിന് മതിയായി എന്ന് തോന്നുന്നു. മുബാറക്കിലെ ബിരിയാണി എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബിരിയാണി ആണ്. കായിക്ക അറുത്തു കാശു വാങ്ങും. പക്ഷെ കാശിനു മുതലാ ബിരിയാണി. കൊച്ചു തിന്നിട്ടും തിന്നിട്ടും തീരണ്ടേ, അത് നീക്കി ഭൂതത്തിന്റെ മുന്നിലേക്ക്‌ വെച്ചു കൊടുത്തു. ആ കൊച്ചിന്റെ കയ്യില്‍ നഖത്തിന്റെടേൽ ആണെങ്കില്‍ ഒരു ലോഡ്‌ ചെളി ഉണ്ട്. അത് വെച്ചു കുഴച്ച ആ ബിരിയാണി വെക്കേണ്ട താമസം, ഭൂതം ആര്‍ത്തി മൂത്ത് വാരി വാരി ഒരു തീറ്റ തുടങ്ങി. ഇത് കണ്ട എനിക്ക് എങ്ങനെ തടുത്തിട്ടും  മനം മറിച്ച് വന്നു.

ബ്ലേഏഏഏഏഏഏഎ !!

ഞാന്‍ ഓടിപ്പോയി വാഷ്‌ബേസിനില്‍ മുഴുവന്‍ കൊട്ടി.


വാള്‍ വെച്ചോണ്ട് നിന്നാ കാര്യമൊന്നും നടക്കത്തില്ല എന്നത് കൊണ്ട് കക്ഷിയെ കൊണ്ട് കാശ് കൊടുപ്പിച്ചു ഞാന്‍ പുറത്തിറങ്ങി. സംഗതി ഭൂതം ഒക്കെ ആണെങ്കിലും എനിക്ക് ആരും എച്ചില്‍ തിന്നുന്നത് കണ്ടൂടാ. നല്ല വെയില്‍ ആയത് കൊണ്ട് തണലത്തേക്ക് മാറി നിന്നു. ഭൂതം പിന്നെ എങ്ങോട്ട് പോയെന്നു മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല, ഭൂതമല്ലേ. മാജിക്‌ അറിയാവുന്നതല്ലേ ! മാഞ്ഞു പോയിക്കാണും എന്നൊക്കെ ഞാനും സമാധാനിച്ചു .

ഇത്തവണ കഥയൊന്നും മിസ്സിസ്സിനോട്  ഞാന്‍ പറഞ്ഞില്ല. വെറുതെ എന്തിനു വേലിയില്‍ ഇരിക്കുന്നതിനെ എടുത്തു ബാങ്കില്‍ വെക്കണം? അടുത്ത തവണ ഞാന്‍ ഭൂതത്തിനെ കണ്ടത് ഡോക്ടറുടെ അടുത്തു പോയപ്പോഴാ. ഇടയ്ക്കിടെ ഞാന്‍ എല്ലാം ഒന്ന് ചെക്ക്‌ ചെയ്തു വെക്കും. എന്തെങ്കിലും കാര്യമായ കുഴപ്പം കണ്ടാല്‍ അന്ന് പോയി ഒരു പോളിസി എടുക്കണം. അത് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി പോയതാ, ദേ.. അവിടിരിക്കുന്നു ഭൂതത്താന്‍, എല്ലാരും പറയുന്നത് ശരി തന്നെയാ ..... നമ്മടെ പ്രപഞ്ചം തന്നെ പഞ്ചഭൂതം കൊണ്ട് നിര്‍മ്മിച്ചതല്ലിയോ ? അതിലൊരു ഭൂതം ആയിരിക്കും ഇവനും. ഇല്ലെങ്കില്‍ ഇങ്ങനേ പോകുന്നിടത്തെല്ലാം കാണുമോ?

ഞാന്‍ ആണെങ്കില്‍ ബോറടിച്ചു പണ്ടാരടങ്ങി ഇരിക്കുവാരുന്നു. രോഗികള്‍ കുറെയെണ്ണം ഉണ്ട്. എല്ലാരും അങ്ങനെ തൂങ്ങി ഇരിക്കുന്നു. എന്‍റെ ടേണ്‍ ആകാന്‍ ഇനിയും കുറെ സമയം എടുക്കും. നമ്മുക്ക്‌ പറ്റിയ ആരെയും കാണാനും ഇല്ല. ഒന്ന് ഒരു തള്ള, പിന്നെ ഏമ്പക്കം വിട്ടുകൂട്ടുന്ന ഒരു കിളവന്‍, ഒരു ഗര്‍ഭിണി, പിന്നെ ഒരു പര്‍ദ്ദയിട്ട പെണ്ണ് (ആയിരിക്കും ), പിന്നെ ഒരു ഓന്ത് പോലത്തെ ചെറുക്കനും അവന്‍റെ അപ്പനും ..എന്നാ മിണ്ടാനാ ഇവരോടൊക്കെ ..

ഭൂതം എന്‍റെ അടുത്താ ഇരുന്നത്. ഒരു മൈന്‍ഡ് ഇല്ല. പക്ഷെ, ഒരു പ്രാവശ്യം ചിരിച്ചതിന്‍റെ അനുഭവം ഉള്ളത് കൊണ്ട് ഇത്തവണ ഞാന്‍ ചിരിച്ചില്ല. തല ചെരിച്ചു ചോദിച്ചു.

"ഏതു കാസ്റ്റ് ആണ് ?"

ഭൂതത്തിന് മനസ്സിലായില്ല എന്നുറപ്പ്. അവന്‍റെ അന്തംവിട്ട നോട്ടം കണ്ടു ഞാന്‍ വീണ്ടും ചോദിച്ചു

"ഏതു മതത്തില്‍ പെട്ട ആളാ?"

ഭൂതം ചുണ്ട് എന്‍റെ ചെവിയോടടുപ്പിച്ചു വെച്ചു ഒരു വാക്ക് ഉരുവിട്ടു. എന്റമ്മേ. ചെവിക്കല്ല് തെറിച്ചു പോയി. എന്തൊരു മുട്ടന്‍ തെറി ! സംസ്കാരമില്ലാത്തവന്‍. നമ്മുടെ മതത്തില്‍ പെട്ട ഭൂതം ആണെങ്കില്‍ രണ്ടു വാക്ക് മിണ്ടീം പറഞ്ഞും ഇരിക്കാലോ എന്ന് കരുതിയതിനുള്ള ശിക്ഷ .. ശോ ... ഞാന്‍ മിണ്ടാതിരുന്നു, വിളക്കും വേണ്ടാ ഒന്നും വേണ്ടാ.


പക്ഷെ ഭൂതത്തിന് പണി കൊടുക്കാനുള്ള ചാന്‍സ്‌ എനിക്കിന്നലെ കിട്ടി കേട്ടോ. ഓഫീസില്‍ ചെന്നപ്പോ അവിടിരിക്കുന്നു ഭൂതം. നമ്മുടെ ഓഫീസില്‍ നിന്നും ഈ വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള ലോണ്‍ കൊടുക്കുന്നുണ്ട്. ഞാന്‍ വേണം അതിനു ശിപാര്‍ശ ചെയ്യാന്‍. നല്ല തിരക്കാണ് ആ ലോണ്‍ വാങ്ങാന്‍.

രാവിലെ ഒരു ലോണിനുള്ള അപേക്ഷ നോക്കുമ്പോള്‍ ഉണ്ടെടാ നമ്മുടെ ഭൂതം ആ അപേക്ഷയുടെ കൂടെ ഫോട്ടോ ആയി ഒട്ടിയിരിക്കുന്നു. കുറച്ചു നേരം കാത്തിരുത്തിയിട്ട് വിളിപ്പിച്ചു. ഇപ്പോള്‍ ഭൂതം ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. ഞാന്‍ മുഖത്ത് നോക്കാതെ ഒരല്‍പം കനത്തില്‍ത്തന്നെ ചോദിച്ചു.
"മുന്നാധാരം എവിടെ ?" പ്ലാസ്റ്റിക്‌  കൊണ്ട് പൊതിഞ്ഞ ഒരു കടലാസ്സ്‌ കൂട്ടം, ഭൂതം എനിക്ക് നേരെ നീട്ടി. എല്ലാമുണ്ട്. കീഴാധാരം, അടിയാധാരം, പറ്റുചീട്ട്, ലൊക്കേഷൻ സ്കെച്ച്‌, എല്ലാം ..കോപ്പ് ലേശം ചില്ലറ കിട്ടാന്‍ എന്താ വകുപ്പ് ? കടലാസ് മറിക്കുമ്പോഴും എന്റെ ആലോചന അതായിരുന്നു. കിട്ടിയല്ലോ, ഞാനാരാ മോന്‍ ?

"ഏതാ മതം ?"

"മതമില്ല" ...സമാധാനം, തെറി പറഞ്ഞില്ല.

"ജാതി ഏതാ?"

"മനുഷ്യ ജാതി "; അമ്പട ഭൂതമേ! ലോണ്‍ കിട്ടാന്‍ വേണ്ടി മനുഷ്യനായി മതം മാറുന്നോ ?

ഞാന്‍ ഗൗരവം വിടാതെ പറഞ്ഞു ."മതമില്ലാത്തതിന്‍റെ  പേരില്‍ ചില്ലറ കോലാഹലമല്ല ഇവിടെ നടന്നത്, കുറച്ചു നാള്‍ മുന്‍പ്‌. അത് കൊണ്ട് ലോണ്‍ വേണമെങ്കില്‍ ജാതിയും മതവും ഒക്കെ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വാ "

ഭൂതം മങ്ങിയ മുഖത്തോടെ എഴുന്നേറ്റു. പുറത്തേക്ക് നടക്കുമ്പോള്‍ ഭൂതത്തിന്റെ മുണ്ടിന്‍തലപ്പീന്നോ മറ്റോ ആണെന്ന് തോന്നുന്നു  ഒരു  പൊതി താഴെ വീണു. എന്‍റെ ദൈവമേ !

കണ്ണ് തള്ളിപ്പോയി എന്‍റെ ..രൂപാ ..... നോട്ടുകള്‍ , അഞ്ഞൂറിന്റെ, നൂറിന്‍റെ.... അത് നിലത്ത് മുഴുവന്‍ പരന്നുകിടന്നു. ഫാനിന്റെ കാറ്റില്‍ പറന്നു കളിച്ചു. എന്‍റെ ഒരു വര്‍ഷത്തെ ശമ്പളം ഇത്രേം വരത്തില്ല. അതിനു മാത്രം പൈസ .... ഇതിന്‍റെ പത്തിലൊന്ന് എനിക്ക് തന്നിരുന്നേല്‍ എപ്പോഴേ അവന്‍റെ  കാര്യം നടന്നേനെ.

ഞാനും ഭൂതവും കൂടെ പൈസ പെറുക്കിക്കൂട്ടി. എല്ലാം പെറുക്കിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കേറി ഭൂതത്തിന്റെ മടക്കിക്കുത്തില്‍ ഒരു പിടുത്തം പിടിച്ചു. രാധാമണി പിന്നെ പറഞ്ഞത് അത് പോലൊരു പിടുത്തം അവളെ പിടിച്ചിരുന്നെങ്കില് അപ്പൊത്തന്നെ അവള്‍ കാലിയാകുമെന്നാ..ഏതായാലും കലികൊണ്ട കാളക്കൂറ്റനെ പോലെ ഭൂതം എന്‍റെ പിടിയില്‍ നിന്നു കുതറിക്കൊണ്ടിരുന്നു .ഞാന്‍ വിടുവോ? ഞാന്‍ ആരാ മോന്‍?

"പറയെടാ, നിനക്കെവിടുന്നാ ഇത്രേം കാശ് ?നീ ഇത് കട്ടതല്ലേ? "

ഞാന്‍ അലറി.

"പൊന്നു സാറേ, കെട്ട്യോൾടെ  കെട്ട്താലി പണയം വെച്ച കാശാണ് " ഭൂതം ദയനീയത അഭിനയിച്ചു. എനിക്ക് അതങ്ങു മനസ്സിലായിരുന്നു കേട്ടോ, ഞാന്‍ പിടുത്തം വിട്ടില്ല.

"പണയ ചീട്ടെവിടെ  ... മോനെ " ഞാന്‍ കട്ടി കൂട്ടി ചോദിച്ചു. ഭൂതം മിണ്ടിയില്ല. ഇത് അടവാ സാറെ, "ഇപ്പൊ ഇത് പോലത്തെ ഒരു പാട് കള്ളന്മാര്‍ ഇറങ്ങിയിട്ടുണ്ട് .."രാധാമണി എരികൂട്ടി.

"സത്യം പറയെടാ; ഇത് നീ പോക്കറ്റടിച്ചതല്ലേ?"

എത്ര ചോദിച്ചിട്ടും ഭൂതം ഒരു മാതിരി കണ-കുണ വര്‍ത്താനമേ പറയുന്നുള്ളൂ. ഭൂതം, മന്ത്രം ചൊല്ലി കിട്ടിയ പൈസ ആണെന്ന് പറഞ്ഞാല്‍ ഞാനവനെ വിട്ടേനെ. സര്‍ക്കാരിനു കൊടുക്കാനുള്ള നികുതി അടച്ചാ മതിയല്ലോ .. അതിന്റെ നിയമം ഒക്കെ നമുക്കറിഞ്ഞൂടെ?

"നമുക്ക് പോലീസിനെ വിളിച്ചാലോ സാറെ "പ്യൂണ്‍ സദാനന്ദന്‍.

"എന്നാത്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ ? ഇതൊക്കെ നമുക്ക് തീര്‍ക്കാന്നെ " ഞാന്‍ ഭൂതത്തിനെ ഒരു തള്ളു വെച്ചു കൊടുത്തു.

പൊത്തോന്നു ചെന്നുവീണു, റോട്ടില്‍ . അടി തുടങ്ങിയാപ്പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നത് നേരാ. ഞാന്‍ ഒരെണ്ണം കൊടുത്തേയുള്ളൂ. ബസ്‌ കാത്തു നിന്നവരും ചായ കുടിച്ചോണ്ട് നിന്നവരും ഒക്കെ വന്നു പൊതിരെ, ഒരുത്തനും എന്താ കാര്യം എന്ന് പോലും ചോദിച്ചില്ല . ആളാം വീതം കൊടുത്തു   ....ആഹാ .. അവനോടു മതം ഏതാണെന്ന് ചോദിച്ചപ്പോ പുച്ഛം. ഇപ്പോള്‍ നോക്കിയെ, ആരെങ്കിലും ഉണ്ടോ ഒന്ന് തിരിഞ്ഞു നോക്കാന്‍....

തുടക്കം വെച്ചതേയുള്ളൂ. അപ്പോഴത്തേക്ക് ബ്ലോക്കില്‍ നിന്നു ഫോണ്‍ വന്നൂന്ന് പറഞ്ഞു കേട്ട് ഞാന്‍ ഓഫീസിലേക്കോടി. ഒള്ളത് പറയാവല്ലോ പിന്നെ ഭൂതത്തിന്‍റെ കാര്യവും എന്‍റെ കയ്യിലിരുന്ന അവന്‍ കട്ട പൈസയുടെ  കാര്യവും ഒക്കെ ഞാന്‍ അങ്ങ് മറന്നേ പോയി .. ദേ ഇപ്പോള്‍ ബാറില്‍ നിന്നു തൊണ്ണൂറു അടിച്ചു അതിനു കാശ് തികയാഞ്ഞിട്ടു അവന്‍റെ പൈസയില്‍ നിന്നു നൂറു രൂപ എടുത്തപ്പോഴാ ആ സംഭവം പിന്നെ ഞാന്‍ ഓര്‍ക്കുന്നത് തന്നെ.

വീട്ടില്‍ വന്നു റിലാക്സ് ആയി അലാവുദീന്‍  സീരിയല്‍ കാണാന്‍ ഇരുന്നപ്പോള്‍ അതാ ഇടയ്ക്കു ഒരു ഫ്ലാഷ് ന്യൂസ്‌ " ഒരുത്തനെ, (എന്തോ ഒരു പേര്, ഇതൊക്കെ ആരു ഓര്‍ക്കാന്‍?)  പോക്കറ്റടിക്കാരനെന്ന് അധിക്ഷേപിച്ചു ജനം തല്ലിക്കൊന്നു. ഞങ്ങടെ നാട്ടിലാ സംഭവം. കഷ്ടമേ, നമ്മുടെ നാട് എന്താ ഇങ്ങനെയായിപ്പോയത് ?

അവന്‍റെ ഭാര്യേം കൊച്ചുങ്ങളും നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ചിത്രം അതാ വാര്‍ത്താ ചാനലിൽ.
അതിലൊരു കൊച്ചിനെ കണ്ടു നല്ല പരിചയം ..? ഏതാണോഎന്തോ ?

ദേണ്ടെ ...  ഇത് ഞങ്ങടെ ഓഫീസിനപ്പുറത്തുള്ള ബാര്‍ബര്‍ കൊച്ചുകുട്ടനല്ലിയോ, വലിയ വായില്‍ കാര്യങ്ങളെക്കുറിച്ച് വിവരം വിളമ്പുന്നു. ഛെ, ടി.വി.ക്കാര് വന്നപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? ഇപ്പൊ നാലാളെ വിളിച്ചു കാണിച്ചു കൊടുക്കാരുന്നു.

ഇതിപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നേല്‍ ഇങ്ങനെ കണ്ടവനെ ഒക്കെ കേറി നിരങ്ങാന്‍ സമ്മതിക്കുമായിരുന്നോ? ഞാന്‍ ചാനല്‍ മാറ്റി. സ്റ്റാര്‍ സിംഗർ തുടങ്ങാറായി. രഞ്ജിനി ഹരിദാസ്‌ ശ്രീയേട്ടാ മാര്‍ക്സ്‌ എന്ന് കൊഞ്ചുന്നു. ചത്തവന് മുഖ്യമന്ത്രി അഞ്ചു ലക്ഷം സഹായധനം പ്രഖ്യാപിച്ച വാര്‍ത്ത സ്ക്രോൾ ചെയ്തു വരാന്‍ തുടങ്ങി. അടിയന്തിരമായി ഒരു ഇരുപത്തയ്യായിരം. അവന്‍റെയൊക്കെ ഒരു കാലം. ഈ കൊന്നവന്മാര്‍ക്കൊക്കെ എന്നെ കൊല്ലാന്‍ തോന്നിയില്ലല്ലോ.
എന്‍റെ പരിധിയില്‍ ഉള്ള സ്ഥലം ആയത് കൊണ്ട് ഇനിയിപ്പോ സഹായധനം എത്തിക്കാനും ഞാന്‍  ഓടണം.

പക്ഷെ എന്‍റെ ആധി അതല്ല. ആ ഭൂതം അടിച്ചു മാറ്റിയ പൈസ ആരുടെയാണോ എന്തോ? അത് അന്വേഷിച്ചു പിടിച്ചു വരുമ്പോഴേക്കും ആ പൈസ മുഴുവന്‍ എന്റെ കയ്യീന്നിങ്ങനെ ചില്ലറയില്ലാതെയും ബാറിലും ഒക്കെയായി ചെലവായിപ്പോയാല്‍ ഞാന്‍ എന്തോ ചെയ്യും ? ആകപ്പാടെ സത്യസന്ധന്‍ എന്ന ഒരു പേരേയുള്ളൂ സമ്പാദ്യം ... അതില്ലാതെയാവില്ലേ ? (ങാ, ഇടവേള കഴിഞ്ഞല്ലോ. അലാവുദീന്‍ സീരിയല്‍ വീണ്ടും തുടങ്ങി. ഇനി അബദ്ധം പറ്റാതിരിക്കാന്‍ എന്നും ഞാന്‍ ഈ സീരിയല്‍ കാണുന്നുണ്ട്. ജീംഭൂംഭാ .... )


O



PHONE : 9421155454
















12 comments:

  1. ആദ്യപാരഗ്രാഫ്‌ തന്നെ ഞെട്ടിച്ചു. ബാക്കി വായിച്ചിട്ട് പറയാം.

    ReplyDelete
  2. വൈറ്റ്‌കോളര്‍ മധ്യവര്‍ഗത്തിന്റെ സാമൂഹ്യപ്രതിബദ്ധത വരച്ചിട്ട ഒരൊന്നാന്തരം കഥ ഭൂതത്തെ കൂട്ട് പിടിച്ച് അവതരിപ്പിച്ചിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ നൃത്തമാടിയ ഭൂതത്തിന്റെ ടച്ചുള്ള ഭാഷയുടെ തെളിമയും ഒഴുക്കും പതിവ് പോലെ വായന സുഗമമാക്കി.ഇപ്രാവശ്യം തീവണ്ടിയില്‍ നിന്ന് ഇറങ്ങിയല്ലോ. കഥ പറയാനുള്ള മിടുക്ക് ദിനം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. ലോകമൊന്നാകെ ആഘോഷിക്കപ്പെടുന്ന ഒരു വലിയ കഥാകാരന്‍ തോട് പൊളിച്ച് പുറത്ത് വരാന്‍ ഇനി ഇത്ര കാത്തിരിക്കണം എന്നെ അറിയേണ്ടതുള്ളൂ.

    ReplyDelete
  3. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി‍ ശിക്ഷിക്കപ്പെട്ടു കൂടാ എന്നതൊക്കെ പഴയ പല്ലവി. ഇപ്പോള്‍ യഥാര്‍ത്ഥ കള്ളന്മാരാല്‍ നിരപരാധികള്‍ അകത്താക്കപ്പെടുന്നു. ഭൂതം രക്ഷകനാകുന്നു, സഹായി ആകുന്നു, സത്യസന്ധത കാണിക്കുന്നു. എന്നിട്ടും ജനം അവിശ്വസിച്ചതും ശിക്ഷിച്ചതും അയാളെ തന്നെ. അപ്പോഴും പകല്‍ മാന്യതയുടെ കുപ്പായ അഴുക്കു പുരളാതെ ശോഭിക്കുന്നു.

    സിയാഫിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ ഭൂതക്കഥ നടന്നത്, നടന്നു കൊണ്ടിരിക്കുന്നത്. കഥാവതരണം നന്നായിരിക്കുന്നു.

    ReplyDelete
  4. ഇത് രസികൻ, സിയാഫ്! മനുഷ്യനു ടെൻഷൻ ഇല്ലാതെ വായിയ്ക്കാലോ?

    എല്ലാ ചുറ്റിക്കളികളുമുള്ള ഒരു സത്യസന്ധൻ, അല്ലേ? പുവർ ഭൂതത്താൻ :(

    ReplyDelete
  5. വളരെ രസകരമായി വരച്ചിരിക്കുന്നു ഇന്നത്തെ സമൂഹത്തിന്റെ ഇരട്ടമുഖത്തെ. ഇഷ്ടപ്പെട്ടു.

    ReplyDelete
  6. സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. പത്രത്തില്‍ വന്ന ഒരു വാര്‍ത്ത‍ പിന്‍ പറ്റി എഴുതിയ കഥയാണെന്ന് മനസ്സിലാവും. പക്ഷെ കഥയുടെ narration ഗംഭീരം. readabilityക്ക് 100 il 101മാര്‍ക്ക്‌. മതം ചോദിച്ചപ്പോള്‍ ചെവിയില്‍ ചീത്ത പറഞ്ഞ ഭാഗം വായിച്ചു പൊട്ടി പൊട്ടി ചിരിച്ചു. കഥ തീര്‍ന്നപ്പോള്‍ ഒരു ഷോക്ക്‌ ബാക്കി. ഓള്‍ ദി ബെസ്റ്റ് ആന്‍ഡ്‌ congratulations .

    ReplyDelete
  7. സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. പത്രത്തില്‍ വന്ന ഒരു വാര്‍ത്ത‍ പിന്‍ പറ്റി എഴുതിയ കഥയാണെന്ന് മനസ്സിലാവും. പക്ഷെ കഥയുടെ narration ഗംഭീരം. readabilityക്ക് 100 il 101മാര്‍ക്ക്‌. മതം ചോദിച്ചപ്പോള്‍ ചെവിയില്‍ ചീത്ത പറഞ്ഞ ഭാഗം വായിച്ചു പൊട്ടി പൊട്ടി ചിരിച്ചു. കഥ തീര്‍ന്നപ്പോള്‍ ഒരു ഷോക്ക്‌ ബാക്കി. ഓള്‍ ദി ബെസ്റ്റ് ആന്‍ഡ്‌ congratulations .

    ReplyDelete
  8. ഇവിടെ കഥ എന്ന സാഹിത്യരൂപം അതിന്റെ സര്‍വ്വ തേജസ്സോടും കൂടി തിളങ്ങിനില്‍ക്കുന്നതായാണ് എന്റെ വായന.... നല്ല കഥ എന്നാല്‍ എന്ത് എന്നതിന് കൃത്യമായ ലക്ഷണ നിയമങ്ങളൊന്നുമില്ല.... ആദ്യാവസനം അത് അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാവണം... ഭാവുകത്വത്തിന്റെ പുത്തന്‍ മേഖലകള്‍ തേടണം.... ഭാഷയുടെയും ശൈലിയുടെയും ഇന്ദ്രജാലങ്ങളുടെ ആസ്വാദ്യത പ്രദാനം ചെയ്യണം... സര്‍വ്വോപരി വ്യവസ്ഥിതിയുടെ അപഥ സഞ്ചാരങ്ങളെ വിമര്‍ശന വിധേയമാക്കുകയും പുത്തനായൊരു ഉണര്‍വ്വിലേക്ക് വായനക്കരെ കൂട്ടിക്കൊണ്ടു പോവുകയും വേണം...നല്ല കഥകളുടെ ലക്ഷണങ്ങളായി ഞാന്‍ കരുതാറുള്ള ഈ പറഞ്ഞ ചേരുവകളെല്ലാം ഇവിടെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.....

    അഭിനന്ദനങ്ങള്‍ - അഭിനന്ദനങ്ങള്‍

    ReplyDelete
  9. വീണ്ടുമൊരു നല്ല കഥ വായിച്ചു. മനോഹരമായ അവതരണം. അതിരില്ലാത്ത ഭാവനയിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തിയതിന് കഥാകാരൻ അഭിനന്ദനങ്ങള്ളർഹിക്കുന്നു.
    സമകാലിക കേരളത്തിന്റെ ഈ ചിത്രം ഒരു സീരിയൽ പോലെ തുടർന്നു കൊണ്ടൊരിക്കുന്നു. ജീം ബൂം ബാ..

    ReplyDelete
  10. ഇന്നാണ് ഞാൻ വായിച്ചത് - യാദൃച്ച്ചികമായി വന്നു പെട്ടതാണ് -
    എന്താണ് ഭായീ - ഒന്നാന്തരം
    ആരിഫ് സൈന പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ.
    എന്ന് പുറത്തു വരും ??

    ReplyDelete

Leave your comment