Sunday, October 20, 2013

ലൈക്‌ ആൻഡ്‌ ഷെയർ

കഥ
ശിഹാബ്‌ മദാരി











"നിങ്ങളുടെ ഒരു ലൈക്‌ അല്ലെങ്കിലൊരു ഷെയർ ഒരു ജീവൻ രക്ഷിക്കുമെങ്കിൽ; വെറുമൊരു മൗസ്‌ ക്ലിക്ക്‌ ചെയ്യാൻ എന്തിനു മടിക്കണം? നിങ്ങൾ ഒരു ഹൃദയമുള്ളവനാണെങ്കിൽ, ഹൃദയത്തിലൽപം കരുണയുണ്ടെങ്കിൽ ഇത്‌ ഷെയർ ചെയ്യുക."

ഇങ്ങനെ രേഖപ്പെടുത്തിയ വിവരണത്തിനു താഴെ മൂന്നുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെ ഓമനത്തം നിറഞ്ഞ ചിത്രം. നിരാശ്രയത്വത്തിന്റെ രേഖകളുള്ള കുഞ്ഞുമുഖത്തേക്ക്‌ നോക്കിയിരുന്നപ്പോഴൊക്കെ ഉള്ളം നീറി. ചിത്രത്തിനു തൊട്ടുതാഴെ കൊടുത്തിരുന്ന വിവരണങ്ങളും, മേൽവിലാസവും, ടെലിഫോൺ നമ്പറും കൃത്യമായി തന്നെ എഴുതി കൈയിൽ വെച്ചു.

വിലാസത്തിലേക്കുള്ള ദൂരമവസാനിച്ചത്‌ ചുമരുകൾ തേക്കാത്ത ഒറ്റക്കെട്ടിനടുത്താണ്‌. കൽത്തിണ്ണയിൽ കൈലിമുണ്ടുടുത്ത്‌ മേൽക്കുപ്പായമില്ലാതെ അർദ്ധനഗ്നനായി ഇരുന്ന് സിഗററ്റ്‌ പുകയ്ക്കുന്ന മധ്യവയസ്കൻ നിർവ്വികാരതയുടെ നോട്ടമെറിഞ്ഞു.

"ആരാ?"

"ഞാൻ...അർബുദം ബാധിച്ച.... സഹായത്തിന്‌.... വിലാസം കണ്ടിരുന്നു..."

വിക്കിവിക്കിപ്പറയാൻ ശ്രമിച്ചു.

കുനിഞ്ഞ കരുവാളിച്ച മുഖം കണ്ടപ്പോൾ വാക്കുകൾക്ക്‌ ഭംഗം. നിറഞ്ഞ കണ്ണിനു താഴെ അയാൾ ചുണ്ടുകൾ കൂട്ടിക്കടിച്ചു. മുറ്റത്തു കളിക്കുന്ന രണ്ടുകുട്ടികൾ. ഒരാണും ഒരു പെണ്ണും. ജനലോരത്ത്‌ മങ്ങിത്തെളിയുന്ന നിഴൽ.

"വരൂ..."

അയാൾക്ക്‌ പിന്നിലായി നടന്നു.

മുറ്റത്തിനരികെ ഒരു കോണിൽ ചെറിയ മൺകൂന ചൂണ്ടി അയാൾ കരഞ്ഞു.

"ദാ സഹായിച്ചോളൂ"

കൂനയ്ക്ക്‌ മുകളിൽ ചുവന്ന മണ്ണ്‌. മുറ്റത്തുയർന്നു നിൽക്കുന്ന തുളസിത്തറയിൽ തിരികെട്ടുകിടക്കുന്ന മൺവിളക്ക്‌. 

മനസൊന്നു കാളി.

"ആരുടേം സഹായമൊന്നും...?"

നിഷേധാർത്ഥത്തിൽ അയാൾ തലവെട്ടിച്ചുകൊണ്ടിരുന്നു.

ഉപഗമനം ചെയ്യുമ്പോൾ നിരാശയുടെ നേർത്ത കമ്പിച്ചുരുകൾ എന്നെ വലിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. മണ്ണിനുള്ളിൽ ഇരുട്ടിലുറങ്ങുന്ന ബാലികയുടെ ചിത്രം തരംഗങ്ങളിൽ നിന്ന് തരംഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലും അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ കിനിച്ചു കുരുത്ത നിസ്സംഗത പുറത്തുപറയാൻ വാക്കുകളില്ലാതെ നിർജ്ജീവമായി തൂങ്ങിക്കിടന്നു.

പരിഹാസ്യമായ ഇത്തരം തുടർച്ചകളെ തടഞ്ഞേ തീരൂ എന്ന തോന്നലിലാണ്‌ ഫേസ്‌ബുക്ക്‌ തുറന്നുവെച്ചത്‌. സുഹൃത്തുക്കളിലാരോ വീതിച്ചു നൽകാനാഹ്വാനം ചെയ്ത സഹായാഭ്യർത്ഥനയുടെ മറ്റൊരു ചിത്രത്തിൽ കണ്ണുകൾ കുരുങ്ങി നിന്നു.

അത്യാസന്നനിലയിൽ അപൂർവ്വരോഗം ബാധിച്ച്‌ ആശുപത്രിക്കിടക്കയിലൊരു കുഞ്ഞുമുഖം കൂടി. അടിയിൽ കണക്കില്ലാത്ത ലൈക്കുകൾ... ഷെയറുകൾ.... ഒരുപക്ഷെ ഞാൻ കണ്ട അസ്ഥിത്തറയുടെ മുകളിലുള്ള മൺതരികളേക്കാൾ കൂടുതൽ!

മറ്റൊന്നും ചെയ്യുന്നതിൽ യാതൊരു ഫലവുമില്ലെന്നറിഞ്ഞു കൊണ്ട്‌ പുച്ഛത്തോടെ ഇത്രമാത്രം കുറിക്കുന്നു.

"ലൈക്‌ ആൻഡ്‌ ഷെയർ യുവർ മാക്സിമം".

O


8 comments:

  1. മണി ചെയിന്‍ തട്ടിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു ചില ഷെയര്‍ മാക്സിമങ്ങള്‍ !!!!

    ReplyDelete
  2. like and share ok ethil kalla nanayangal , pattippukal vannu chernnath kondu postinte sorse anweshikunnath nannaayirikkum, apa keerthi peduthaan vendi oraalude photo vech kodutha oru postaanu enne engane chinthippichath

    ReplyDelete
  3. തരക്കേടില്ല!

    ReplyDelete
  4. ഭായിയുടെ സ്ഥിരം നിലവാരത്തിനടുത്ത് എത്തിയില്ല.. വിഷയത്തിലും അവതരണത്തിലും പുതുമ ഇല്ല..

    ReplyDelete
  5. ലൈക്ക് ആന്‍ഡ്‌ ഷെയര്‍ ... ഇമ്മാതിരി വരുന്ന പലതും കാലങ്ങള്‍ പിന്നിട്ടാണ് വരുന്നത്, എന്നാലും അവ പിന്നെയും സഞ്ചരിക്കുന്നു, ഭൂമിവിട്ട ആത്മാക്കളെക്കാള്‍ വേഗത്തില്‍ ...!

    ReplyDelete
  6. ശിഹാബ് ...... നിന്റെ എഴുത്തിന്റെ ഒരു ശക്തി ഇതിൽ കണ്ടില്ല

    ReplyDelete
  7. അവസാനം ഇംഗ്ലീഷില്‍ അവസാനിപ്പിക്കുന്ന മലയാളിയുടെ കുരുകുരുപ്പ് . ! ചത്തുമലച്ചുപോയ മലയാളവാക്കുകള്‍ !

    ReplyDelete

Leave your comment