Sunday, April 1, 2012

ഇന്ദ്രനീലം

 കഥ
വി.ജയദേവ്‌











                           പായലിന്റെ പച്ചനിറമാണോ അതോ ആകാശം വീണലിഞ്ഞ നീലനിറമാണോ എന്നു കൃത്യമായി മനസിലാക്കാൻ പറ്റാത്ത തോട്ടിൽ മുങ്ങിനിവരുമ്പോൾ പരിചയമില്ലാത്തൊരു മീൻ വന്ന് അയാളെ തൊട്ടുരുമ്മി നീന്തിക്കടന്നുപോയി. എന്നുവെച്ച്‌ ആ തോട്ടിലെ എല്ലാ മത്സ്യങ്ങളെയും അടുത്തറിയാമെന്ന് അയാൾക്ക്‌ അഹങ്കാരം വന്നിട്ടൊന്നുമുണ്ടായിരുന്നില്ല. കണ്ടു പരിചയമുണ്ട്‌ ഒട്ടുമിക്കവയെയും എന്നുമാത്രം. താടിയിൽ കറുത്ത പൊട്ടുള്ള ഒന്നുണ്ടായിരുന്നു, അയാളുടെ നെഞ്ചിലേക്ക്‌ കയറിവന്ന് ഇക്കിളിയിടാൻ. ഏതാണ്ട്‌ തവിട്ടുവാലുള്ള മറ്റൊന്നുണ്ട്‌, എന്നും അയാൾക്കൊപ്പം നീന്തിയിരുന്നു. എന്തിനാ, നീയെന്നോടൊപ്പം നീന്തുന്നത്‌, നീന്തി ജയിക്കാനോ അതോ നീന്തുന്നത്‌ എങ്ങനെയെന്നു കാണിച്ചുതരാനോ എന്നോ മറ്റോ ചോദിച്ചുപോയാൽ പിന്നെ അത്‌ ആഴത്തിലേക്ക്‌  നീന്തിത്തുടങ്ങിയിരിക്കും. പായൽക്കൂട്ടത്തിനരികെ മാത്രം ചുറ്റിപ്പറ്റിനിന്നു വെറുതേ സാകൂതം നോക്കിയിരിക്കുന്ന ഒരു സുന്ദരി മീനുണ്ടായിരുന്നു. ആരാ ഇവിടെയിത്ര മെയ്‌വഴക്കത്തോടെ നീന്തിക്കൊണ്ടിരിക്കുന്നത്‌ എന്നൊരു ആകാംക്ഷയുണ്ടായിരുന്നു സുന്ദരിക്ക്‌ എപ്പോൾ കാണുമ്പോഴും. അതിനെ വെറുതേ പേടിപ്പിക്കാമെന്നു വെച്ച്‌ അതിനടുത്തെത്തുമ്പോൾ കൈയ്യും കാലും നന്നായി വീശിയെന്നിരിക്കും അയാൾ. എന്നാൽ അതു പായൽക്കൂട്ടം വിട്ട്‌ എങ്ങോട്ടും അധികം നീന്തിപ്പോയിക്കണ്ടില്ല.


പരിചയമില്ലാത്ത മീൻ അയാളോടു വലിയ പ്രതിപത്തിയൊന്നും കാണിച്ചിരുന്നില്ല. പരിചയക്കേട്‌ കൊണ്ടായിരിക്കുമെന്ന് അയാൾ കരുതി. ഒന്നു രണ്ടു ദിവസം കണ്ടു പരിചയമായാൽ തീരാവുന്നതേയുള്ളൂ പിണക്കമൊക്കെയെന്ന് അയാൾ കരുതി. അതു തന്നെയായിരുന്നു സംഭവിച്ചതും. രണ്ടുമൂന്നുനാൾ കഴിഞ്ഞപ്പോൾ തന്റെ സ്വന്തം തോട്ടിൽ ആരാണു പുതിയ മനുഷ്യൻ നീന്തിത്തുടിക്കുന്നതെന്ന ചോദ്യഭാവം അതിന്റെ മുഖത്തുണ്ടായിരുന്നത്‌ അയാൾ ശ്രദ്ധിച്ചു. അതങ്ങനെ ചോദിക്കണമെന്നു തന്നെയുണ്ടായിരുന്നു സത്യത്തിൽ അയാൾക്ക്‌. പുതുമഴയ്ക്ക്‌ വന്നുവീണ മത്സ്യമല്ലതെന്ന് അയാൾക്ക്‌ തോന്നി. പുതുമഴയ്ക്ക്‌ മത്സ്യങ്ങൾ വന്നുവീഴുമെന്നൊരു വിശ്വാസം നാട്ടിൻപുറത്തുണ്ടായിരുന്നു. മത്സ്യങ്ങൾ എവിടെനിന്നും വന്നുവീഴുന്നതല്ലെന്നും അവ പുഴയിൽ ജനിച്ചിറങ്ങുകയോ നീന്തിയെത്തുകയോ ആണെന്ന് അറിയാമായിരുന്നിട്ടും അയാൾ ആ നാട്ടുവിശ്വാസത്തിൽ എന്തുകൊണ്ടോ വിശ്വസിച്ചു. ഒന്നുമില്ലാതെ അങ്ങനെയൊരു വിശ്വാസം ഉണ്ടാവാനിടയില്ലായിരിക്കാം എന്നതുകൊണ്ടായിരിക്കണം അത്‌. അതിന്റെ ശാസ്ത്രീയതയിലേക്കൊന്നും അയാൾ കടന്നതേയില്ല.


'പുതിയമീൻ'-അതിനെ തൽക്കാലം അങ്ങനെത്തെന്നെ വിശേഷിപ്പിക്കാനാണ്‌ അയാൾ ഇഷ്ടപ്പെട്ടിരുന്നത്‌ - കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾക്കൊപ്പം നീന്തി. താൻ നീന്തി എവിടെയെല്ലാം പോകുന്നു എന്നറിയാനുള്ള ഒരു ആകാംക്ഷ അയാൾ അതിന്റെ മുഖത്ത്‌ തെളിഞ്ഞു കണ്ടിരുന്നു. അതയാൾക്കും അത്ഭുതം നൽകുന്ന ഒന്നായിരുന്നു. ഒരു മനുഷ്യൻ നീന്തുന്നതു കാണുമ്പോഴുള്ള കേവലമായ അത്ഭുതമല്ല അതിന്റെ കണ്ണുകളിലുണ്ടായിരുന്നത്‌. മറിച്ച്‌, തന്റെ നീന്തലിടത്തിൽ അപരിചിതനായ ഒരാൾ അതിക്രമിച്ചു കയറിയെന്നൊരു പരാതിയാണുണ്ടായിരുന്നത്‌. അയാളുടെ കണ്ണുകൾക്കു മുന്നിലൂടെ അതു തലങ്ങും വിലങ്ങും നീന്തി. നീന്തൽ തൽക്കാലം നിർത്തി അയാൾ തോട്ടിന്റെ കരയിൽ പിടിച്ച്‌ അണച്ചുകൊണ്ടിരുന്നപ്പോൾ അത്‌ അയാളുടെ നെഞ്ചോളം വന്നു ഹൃദയത്തോടു ചുണ്ടുകൾ മുട്ടിച്ചുനിന്നു. ഹൃദയമിടിപ്പിന്റെ ചെറിയ പ്രകമ്പനത്തിൽ തൊട്ടുനിന്നു. വീണ്ടും അയാൾ നീന്തിത്തുടങ്ങിയപ്പോൾ അയാൾക്കു മുന്നിലായി നീന്തി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി, അയാൾ അനുധാവനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. കുളി മതിയാക്കി തോട്ടിൻകരയിൽ മടക്കിവെച്ച കുപ്പായങ്ങളെടുത്തണിയുമ്പോൾ ശ്വാസം കഴിക്കാനെന്ന രീതിയിൽ പലതവണ മുകൾപ്പരപ്പിലേക്കു വന്ന് അയാളുടെ ഓരോ ചലനവും നീക്കവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. നിന്നെയൊരു ദിവസം ഞാനൊരു ചൂണ്ടയിൽ കുരുക്കുന്നുണ്ടെന്ന് അയാൾ വെറുതേ ഉറക്കെ പറഞ്ഞു. താൻ നോക്കുന്നത്‌ കണ്ടുപിടിക്കപ്പെട്ടുവോ എന്നു സംശയിച്ച്‌ അതു വീണ്ടും വെള്ളത്തിലേക്ക്‌ ഊളിയിട്ടുപോയി.


ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും കുളിക്കാൻ തോട്ടിലെത്തിയാൽ കുളി കഴിഞ്ഞു തോർത്ത്‌ പലവട്ടം പിഴിഞ്ഞു തിരിച്ചുപോകുന്നതു വരെ അയാളുടെ ശ്രദ്ധയെ പുതിയ മീൻ പൂർണ്ണമായും പിടിച്ചെടുത്തിരുന്നു. കുളിക്കാൻ വന്ന ആരോടൊക്കെയോ കുളത്തിലേതാ പുതിയ മീൻ എന്നയാൾ തിരക്കുകയും ചെയ്തിരുന്നു. അവരൊന്നും മീനുകളെ അങ്ങനെ ശ്രദ്ധിക്കുന്നവരല്ല. പുതുമഴയ്ക്ക്‌ പുതുമീൻ വരുമ്പോൾ തോട്ട പൊട്ടിച്ചോ വലയെറിഞ്ഞോ അവയെ പിടിക്കുകയെന്നല്ലാതെ അതിൽ കൂടുതൽ മീൻകൗതുകമൊന്നും അവർക്കുണ്ടായിരുന്നില്ല. അപ്പോൾ പുതിയതായി ഒരു മീൻ വന്നതൊന്നും അവരുടെ ശ്രദ്ധയെ അലോസരപ്പെടുത്തിയിരുന്നില്ല. ഒറ്റൊറ്റ മത്സ്യങ്ങളിലല്ല, മീൻകൂട്ടത്തിൽ മാത്രമായിരുന്നു അവരുടെ താൽപര്യം. അതുകൊണ്ടു തന്നെ ഒട്ടുമിക്ക എല്ലാവരും അയാളുടെ ചോദ്യത്തിന്‌ എന്തെങ്കിലും മറുപടി നൽകുകയോ ചോദ്യത്തിൽ തന്നെ എന്തെങ്കിലും താൽപര്യം കാണിക്കുകയോ ചെയ്തില്ല. ഓരോന്നു വരുന്നു പോകുന്നു എന്നൊരു തരം നിസംഗഭാവമായിരുന്നു അവരിൽ പലർക്കും.


അല്ലെങ്കിൽ, ഓരോ തത്രപ്പാടിനിടയിൽ വന്നു കുളിച്ചുപോകുന്നു, മീനുകളെയും മറ്റും ശ്രദ്ധിക്കാൻ എവിടെയാ നേരം എന്നൊരു നിഷ്കളങ്കതയായിരുന്നു മറ്റു ചിലർക്ക്‌. എന്നാൽ അയാൾക്ക്‌ അത്തരം തത്രപ്പാടൊന്നും ഉണ്ടായിരുന്നില്ല, പ്രത്യേകിച്ച്‌. അതുകൊണ്ട്‌, വിശദമായി കുളിക്കാനുള്ള സാവകാശവും സമയവും അയാൾക്കുണ്ടായിരുന്നു. പേരിന്‌ ഒന്നു ദേഹം നനച്ച്‌ ഓടിത്തിരിച്ചെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഏതെങ്കിലും തത്രപ്പാടിൽ നിന്ന് ഓടിക്കിതച്ചല്ല, കുളിക്കാനെത്തിയിരുന്നതും. വിശദമായി ഒന്നു തേച്ചുകുളിക്കാം, ഇഷ്ടം പോലെ നീ‍ന്താം, ആവോളം വെള്ളത്തിൽ ആണ്ടുകിടക്കാം, ഇന്ദ്രനീലാകാശത്തിന്റെ ഒരു കഷ്ണം തോട്ടിൽ വിരിച്ചിട്ടതു കാണാം എന്നൊക്കെയുള്ള ആഗ്രഹങ്ങളോടെയായിരുന്നു അയാൾ എന്നും രണ്ടും മൂന്നും തവണ തോട്ടിലെത്തിയിരുന്നത്‌.


ഇപ്പോൾ പുതിയമീനിനെപ്പറ്റിയുള്ള ആകാംക്ഷ കൂടിയായപ്പോൾ തോട്ടിലേക്കുള്ള അയാളുടെ യാത്രകൾക്ക്‌ തിടുക്കം കൂടി.  അപ്പോഴും അതിനെ പുതിയമീൻ എന്നു തന്നെയായിരുന്നു അയാൾ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്‌. അല്ലാതെ എന്തുപേരിട്ട്‌ അതിനെ വിളിക്കണമെന്നതിനെക്കുറിച്ച്‌ ഒരു ഊഹവും അയാൾക്കില്ലായിരുന്നു. പരിചയപ്പെട്ടുവരുന്ന മുറയ്ക്ക്‌ പുതിയരീതിയിൽ അതിനെ വിശേഷിപ്പിക്കാം എന്നയാൾ കരുതി. അതിങ്ങോട്ടു വന്ന് പരിചയപ്പെടുമെന്ന പ്രതീക്ഷ ഏതായാലും വേണ്ടെന്ന് അയാൾക്ക്‌ മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബോധ്യമായി. അതിന്റെ കണ്ണിൽ താനിപ്പോഴും അതിന്റെ ഇടത്തിലേക്കുള്ള ഒരു കടന്നുകയറ്റക്കാരൻ എന്നാണെന്നും അയാൾ മനസിലാക്കി. തന്റെ ഇടത്തിലേക്ക്‌ അതു കടന്നുകയറിയതായിരുന്നില്ലേ ശരിക്കും എന്നു വിചാരിക്കാൻ അയാൾക്കായില്ല. വെള്ളം, മീനുകളുടെ ജീവശാസ്ത്രപരമായ ജീവൻ നിലനിർത്താനുള്ള ഇടമാണ്‌ എന്ന കാര്യത്തിൽ സംശയമുണ്ടായിട്ടല്ല. എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ അധികാരപ്രദേശമുണ്ടായിരിക്കുമെന്ന കാര്യത്തിലും സംശയമുണ്ടായിട്ടല്ല. എന്നാലും ഇന്നലെ കയറിവന്ന അതിന്‌ അതു പ്രകടിപ്പിക്കുന്ന തരത്തിലുള്ള  പ്രതിഷേധത്തിന്‌ അവകാശമുണ്ടോ എന്നതായിരുന്നു അയാളുടെ കാതലായ ചിന്ത. അയാൾ വെള്ളത്തിൽ ആഴ്‌ന്നു കിടന്ന് ഈ വിധമൊക്കെ ചിന്തിക്കുമ്പോഴും പുതിയമീൻ അയാളിൽ നിന്ന് ശ്രദ്ധ മാറ്റിയിരുന്നില്ല. അയാളുടെ ഓരോ വിചാരം പോലും അതു ശ്രദ്ധിക്കുന്നതായി തോന്നി. അയാൾക്ക്‌ ചുറ്റും വട്ടമിട്ടു നീന്തി. അയാളുടെ ശരീരത്തിലെ പലഭാഗങ്ങളിൽ അടുത്തുചെന്നു പരിശോധനകൾ നടത്തി.


നാളുകൾ കഴിയുന്തോറും താനും പുതിയമീനും തമ്മിലുള്ള ഈ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് അയാൾക്കു തോന്നിത്തുടങ്ങി. താൻ അതുമായി ഒരു മത്സരത്തിനോ ഏറ്റുമുട്ടലിനോ അല്ല ഒരുങ്ങിയിരിക്കുന്നതെന്നും സഹവർത്തിത്വത്തോടെ രണ്ടുപേർക്കും തോട്ടിൽ കഴിയാമെന്നൊരു മനോഭാവമേ തനിക്കുള്ളുവെന്നും അതിനെ അറിയിക്കണമെന്നും അയാൾക്ക്‌ തോന്നിത്തുടങ്ങിയിരുന്നു.


മാനസികമായ ഉല്ലാസത്തിനു മാത്രമല്ല, തോട്ടിലെ കുളിയും ജീവിതവും മത്സ്യങ്ങളെപ്പോലെ തനിക്കും അനിവാര്യമായിരിക്കുകയാണെന്നും അതിനെ അറിയിക്കുക മാത്രമാണ്‌ പോംവഴി. തങ്ങൾ ഇരുവരും പരസ്പരം മത്സരിച്ചോ മല്ലടിച്ചോ കഴിയേണ്ടവരല്ലെന്നും മറിച്ച്‌ പരസ്പരം കാലുഷ്യമില്ലാതെ വർത്തിക്കേണ്ടവരാണെന്നും അതിനെ അറിയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, തോട്ടിൽ നിന്നു താൻ ഒന്നും കവർന്നു കൊണ്ടുപോകുകയോ മീനുകൾക്ക്‌ ഹാനികരമായ എന്തെങ്കിലും കൊണ്ടുവന്നിടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, മറ്റു ജനങ്ങൾ അങ്ങനെ ചെയ്യുന്നതിനെ വിലക്കുകയും ചെയ്തുവരുന്നുണ്ട്‌.


തോട്ടയിട്ടു മീൻ പിടിക്കുന്നവർക്കെതിരേ ആദ്യമായി ശബ്ദിച്ചത്‌ അയാളായിരുന്നു. അതുവരെ നാട്ടുകാർക്ക്‌ പുതുമഴ കഴിഞ്ഞാൽ തോട്ടയിട്ടു മീൻ പിടിക്കുന്നത്‌ ഏതാണ്ട്‌ ഒരു ശീലം തന്നെയായിക്കഴിഞ്ഞിരുന്നു. പുതുമഴ സമയത്തു തോട്ട പൊട്ടിച്ചാൽ നിരവധി മീൻകുഞ്ഞുങ്ങൾക്ക്‌ അതു നാശകരമാണെന്നും അതു തോട്ടിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നും അയാൾ ചൂണ്ടിക്കാട്ടിയതിലെ അത്ഭുതം പ്രാദേശികജനങ്ങൾക്ക്‌ ഇതുവരെ തീർത്തും മാറിയിട്ടുമുണ്ടായിരുന്നില്ല. ഇതൊക്കെ, ആദ്യം കേൾക്കുന്നതാണെന്നും തങ്ങൾ പരമ്പരാഗതമായി തോട്ടയിട്ടു മീൻ പിടിക്കാറുണ്ടെന്നായിരുന്നു അവരുടെ വാദം. അതുകൊണ്ടു തോട്ടിൽ മത്സ്യങ്ങളുടെ കുലം ഇതുവരെ കുറ്റിയറ്റു പോയിട്ടില്ല. നഞ്ചു കലക്കി മീൻ പിടിക്കുന്നതു ശരിയല്ലെന്ന് വാദത്തിനു വേണമെങ്കിൽ സമ്മതിക്കാം. എന്നാൽ തോട്ടയുടെ കാര്യത്തിൽ അയാൾ പറയുന്നതിനോട്‌ ശക്തമായ പ്രാദേശികമായ എതിർവികാരമുണ്ടായിരുന്നു. എന്നാൽ അയാൾ പുറംലോകത്തു നിന്നാർജ്ജിച്ച വിജ്ഞാനത്തിന്റെ ബലത്തിലായിരുന്നു ഇത്രയും കാലം പിടിച്ചുനിന്നത്‌. ഏതായാലും തോട്ടയിട്ടുള്ള മീൻപിടുത്തത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട്‌ എന്നതു വേറേ കാര്യം. അതു തന്റെ നിരന്തര ബോധവത്കരണം കൊണ്ടുതന്നെയാണ്‌ എന്നാണയാൾ വിശ്വസിച്ചിരുന്നത്‌. അത്‌ ഏതായാലും പുതിയ മീനിനെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.


രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോൾ പുതിയ മീനിന്റെ നിലപാടിൽ ഒരൽപ്പം അയവു വന്നതായി അയാൾക്ക്‌ തോന്നി. ഇപ്പോൾ പഴയതുപോലെ, കടന്നുകയറി വന്നവൻ എന്ന നിലയിലല്ല അതു തന്നെ നോക്കുന്നത്‌. അതിന്റെ ജാഗ്രതയിൽ അലപം മയം വന്നിട്ടുണ്ട്‌. പ്രശ്നമൊന്നുമുണ്ടാക്കാതെ കുളിക്കണമെങ്കിൽ കുളിച്ചുകഴിഞ്ഞു തന്റെ പാട്ടിനു പൊയ്ക്കോ എന്ന് പറയാനാണ്‌ അതു ശ്രമിക്കുന്നതെന്നു തോന്നിപ്പോവുന്ന വിധത്തിലായിരുന്നു പെരുമാറ്റം. നീന്തുന്നതിനിടയിൽ തന്റെ ഓരോ നീക്കവും കർശനമായി നിരീക്ഷിച്ചു വന്നിരുന്നത്‌ ഏതായാലും നിർത്തിയിട്ടുമുണ്ട്‌. മാത്രമല്ല, നീന്തുമ്പോൾ മുന്നിൽ കടന്നു നീന്തി അതെങ്ങോട്ടോ തന്നെ ആകർഷിച്ചു കൊണ്ടുപോകാനാണോ ശ്രമിക്കുന്നതെന്നും തോന്നിത്തുടങ്ങി. തന്റെ ദിശയിൽ മാറ്റം വരുത്താൻ ബോധപൂർവ്വം കണ്ണുകൾക്ക്‌ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്‌. പായൽക്കൂട്ടത്തിനരികെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്ന സുന്ദരിമീനിനോട്‌ അതെന്തോ കാര്യം പറഞ്ഞ മട്ടുമുണ്ട്‌. സുന്ദരി മീനാണെങ്കിൽ നിരീക്ഷണം നിർത്തി തൽക്കാലം പായൽക്കൂട്ടത്തിനിടയിലേക്ക്‌ ഊളിയിട്ടു പോകുകയും ചെയ്തു.


ഒരു ദിവസം നീന്തുമ്പോൾ പുതിയമീൻ - അപ്പോഴും അതു പുതിയ മീൻ തന്നെയായിരുന്നു അയാൾക്ക്‌ - നേരേ എതിർവശത്തു നിന്ന് അയാൾക്ക്‌ നേരേ നീന്തി വരുന്നുണ്ടായിരുന്നു. അയാളുടെ ശക്തമായ കൈകാൽ വീശലൊന്നും അതു ഭയപ്പെടുന്നതായി കണ്ടില്ല. തന്നെ ആക്രമിക്കാനായിരിക്കുമോ അത്‌ വരുന്നത്‌ എന്നു കുറച്ചുനാൾ മുമ്പായിരുന്നെങ്കിൽ അയാൾ വിചാരിച്ചുപോയേനെ. ഏതായാലും ഇത്രയും ദിവസത്തെ അടുപ്പമുണ്ടല്ലോ, അത്‌ ഉപദ്രവിക്കാനൊന്നും മുതിരില്ലന്നൊരു ആത്മവിശ്വാസം അപ്പോഴേക്കും അയാൾ ആർജ്ജിച്ചുകഴിഞ്ഞിരുന്നു താനും. നേരേ കണ്ണുകൾ കടിച്ചുപറിക്കുന്ന മീനുകളുണ്ട്‌ എന്ന് അയാൾ പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്തരം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഏതായാലും ഇതു വന്ന് കണ്ണു കടിച്ചു പറിക്കില്ലെന്നു തന്നെ അയാൾക്ക്‌ തോന്നി. എന്തൊക്കെയായാലും പത്തുപതിനഞ്ചു ദിവസത്തെ മുഖപരിചയമുണ്ടല്ലോ. മാത്രമല്ല, താനിതുവരെ അതിനു നേരേ പ്രകോപനപരമായി ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. അയാളുടെ മുഖത്തിനു സമീപത്തു കൂടെ സൗമ്യമായി നീന്തി അതിന്റെ നേർത്ത വാൽച്ചിറകുകൾ അയാൾക്ക്‌ നേരേ ഇളക്കി. അതെന്തോ പറയാൻ ശ്രമിക്കുകയാണോ എന്നാണു സ്വാഭാവികമായും അയാൾ സംശയിച്ചു പോയത്‌. കുറച്ചു സമയം കഴിഞ്ഞപ്പോൾ അതയാൾക്ക്‌ കൂടുതൽ ബോധ്യപ്പെട്ടു.



കുറച്ചു സമയം അയാളുടെ ശരീരത്തിനൊപ്പം ഒന്നിച്ചു നീന്തിയതിനു ശേഷം അതു പെട്ടെന്ന് അയാളെയും കവച്ചുവെച്ചു കൊണ്ടു നീന്തിത്തുടങ്ങി. അതെവിടേക്കോ തന്നെ ആകർഷിച്ചു കൊണ്ടുപോകുകയാണോ എന്നുതന്നെ അയാൾ സംശയിച്ചു. സംശയം തീർക്കാനെന്നവണ്ണം അയാൾ അതിന്റെ പിന്നാലെ നീന്തിത്തുടങ്ങി. അതെ, അത്‌ അയാളെ എവിടേക്കോ കൊണ്ടുപോകുക തന്നെയായിരുന്നു. ഇടയ്ക്കിടെ തിരിഞ്ഞുനോക്കി അയാൾ പിന്നാലെയുണ്ടെന്ന് അത്‌ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. പായൽക്കൂട്ടത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന സുന്ദരി മീൻ അവിടെത്തന്നെ ചെകിളയാട്ടി നിൽപ്പുണ്ടായിരുന്നു. ഇത്തവണ അവരെ കണ്ടപ്പോൾ സുന്ദരി മീൻ പായൽക്കൂട്ടത്തിനകത്തേക്ക്‌ ഓടിയൊളിച്ചതുമില്ല. ഇതെല്ലാം അയാളെ സംബന്ധിച്ചിടത്തോളം അത്ഭുതമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. തോട്ട പൊട്ടിച്ചു മത്സ്യങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ സന്ധിയില്ലാത്ത നിലപാട്‌ എടുത്തിരുന്നെങ്കിലും ഇതുവരെ മത്സ്യങ്ങളുടെ  സ്വകാര്യതയിലേക്ക്‌ അയാൾ പ്രവേശിച്ചിരുന്നില്ല. അത്തരം ഒരു സ്വകാര്യലോകം അവയ്ക്കുണ്ടായിരിക്കാം എന്നൊക്കെ വിചാരിച്ചിരുന്നതേയുള്ളൂ ഇതുവരെ. മാത്രമല്ല, തങ്ങളുടെ സ്വകാര്യലോകത്തേക്ക്‌ അയാളെ ഇതുവരെ ഒരു മീനും ക്ഷണിച്ചിരുന്നില്ല. സുന്ദരി മീനിന്റെ മുഖത്ത്‌ അത്ഭുതത്തേക്കാളേറെ ആകാംക്ഷയായിരുന്നു. താൻ പായൽക്കൂട്ടത്തിനിടയിലേക്ക്‌ നീന്തിക്കയറി അതൊക്കെ താറുമാറാക്കിക്കളയുമോ എന്ന ഭീതി.


എന്നാലിപ്പോൾ അയാളുടെ അത്ഭുതത്തെ ഇരട്ടിപ്പിച്ചുകൊണ്ട്‌ ഒരു മീൻ, അതു പഴയതാവട്ടെ പുതിയതാവട്ടെ, അതിന്റെ സ്വകാര്യലോകത്തേക്ക്‌ അയാളെ ക്ഷണിച്ചുകൊണ്ടു പോവാൻ ശ്രമിക്കുന്നതിൽ അത്ഭുതം കൂറാതെ മറ്റെന്തു ചെയ്യാൻ കഴിയും. അയാളാണെങ്കിൽ തോടിന്റെ ആ ഭാഗത്തേക്ക്‌ അധികം സഞ്ചരിക്കുകയുണ്ടായിട്ടില്ല. ആ ഭാഗത്ത്‌ ചെളിയും  കാലുകളിൽ പിടിച്ചുവലിക്കുന്ന പായൽക്കൂട്ടവും ഉണ്ടെന്നായിരുന്നു പൊതുവേ കുളിപ്പറ്റത്തിന്റെ വിശ്വാസം. അതു കൃത്യമായ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കില്ല എന്ന് അന്നുതന്നെ അയാൾ കരുതിയിരുന്നു. തത്രപ്പാടുകൾക്കിടയിൽ കാക്കക്കുളി കുളിക്കാൻ വരുന്നവർക്ക്‌ തോട്ടിന്റെ യഥാർത്ഥകാര്യങ്ങൾ എങ്ങനെ അറിയാനാണ്‌ എന്ന് അന്നേ അയാൾ ചോദിച്ചിരുന്നു. എന്നാലും ആ ഭാഗത്തേക്ക്‌ ഇതുവരെ അയാളും നീന്തിപ്പോയിരുന്നില്ല. പുതിയമീൻ അങ്ങോട്ടു നയിക്കുമ്പോൾ, ആ ഭാഗത്തേക്ക്‌ പോകാൻ വ്യക്തമായ ഒരു കാരണമായതായി അയാൾക്ക്‌ തോന്നി. മുന്നോട്ടു നീങ്ങിയ പുതിയമീൻ പെട്ടെന്ന് ഒരു പായൽക്കാടിനു ചുറ്റുമായി വട്ടം കറങ്ങി നീന്തി. അധികം ചെളിയില്ലാത്ത ഒരു ഭാഗമായിരുന്നു അത്‌. ഇടയ്ക്കിടെ പായൽക്കൂട്ടത്തിനുള്ളിലേക്ക്‌ ഊളിയിട്ടും അധികം വൈകാതെ തിരിച്ചുവന്നും അത്‌ അയാളുടെ ശ്രദ്ധയെ പിടിച്ചുവലിക്കുകയായിരുന്നു. എന്തോ പറയാൻ ശ്രമിക്കുകയാണ്‌ അതെന്ന് മനസിലാക്കാൻ അതിവിശേഷമായ ബുദ്ധിയൊന്നും വേണ്ടെന്ന് അയാൾക്ക്‌ തോന്നി. അതെ, അതെന്തോ പറയാൻ ശ്രമിക്കുകയാണ്‌. ഇതാണ്‌ തന്റെ കൂടെന്നോ അല്ലെങ്കിൽ ഇതായിരുന്നു തന്റെ തറവാടു കൂടെന്നോ പറയാൻ ശ്രമിക്കുകയാണ്‌ അതെന്നു തോന്നി. അതിനു പ്രത്യുപകാരമായി പുതിയമീനിനു തന്റെ വീടും കാണിച്ചുകൊടുക്കണമെന്നും തോന്നി,
അതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും. ആ പായൽക്കൊട്ടാരത്തിൽ നിന്നും കുറച്ചു പൊടിമീനുകൾ പുറത്തുവന്ന് പുതിയ മീനിനൊപ്പം നീന്തി . കുറച്ചു സമയത്തിനു ശേഷം പൊടിമീനുകളെല്ലാം തിരിച്ചു നീന്തി, അപ്രത്യക്ഷമായി. പിന്നെ, അവ ഒരിക്കലും തിരിച്ചുവന്നതുമില്ല.


കാര്യങ്ങളിങ്ങനെയൊക്കെ  പുരോഗമിച്ചെങ്കിലും പുതിയമീൻ എന്താണു കൃത്യമായി പറയാൻ ശ്രമിച്ചതെന്ന കാര്യത്തിൽ അയാൾ അജ്ഞനായിരുന്നു. കുറെ ഊഹങ്ങളിൽ നിന്നു കൂടുതൽ യുക്തിപരമായതു സ്വീകരിക്കാനേ അയാൾക്ക്‌ ആവുമായിരുന്നുള്ളൂ. അങ്ങനെ അയാളെത്തിച്ചേർന്ന ഏറ്റവും യുക്തിപരമായ നിഗമനം, അതു പുതിയ മീനിന്റെ പായൽക്കൊട്ടാരമാണ്‌ എന്നതായിരുന്നു. കൂടെക്കണ്ട പൊടിമീനുകൾ അതിന്റെ പുതിയ തലമുറയിൽ പെട്ടവയായിരിക്കണം. എന്നാൽ നിഗമനങ്ങളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കാൻ അയാൾക്ക്‌ സമയം കിട്ടിയില്ല. പുതിയമീൻ പായൽക്കൊട്ടാരവും പിന്നിട്ടു മുന്നോട്ടു പോയതായിരുന്നു കാരണം. മീൻകൂട്ടങ്ങൾ കുറവുള്ള പ്രദേശത്തുകൂടി നീന്തി കൽക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തേക്കായിരുന്നു അതു നീന്തിക്കൊണ്ടിരുന്നത്‌. തോട്ടിലെ കുളിക്കടവിൽ നിന്ന് ഏറെദൂരം പിന്നിട്ടിരുന്നു അപ്പോഴേക്കും അവർ. ഇതെങ്ങോട്ടാണ്‌ പുതിയമീൻ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് സംശയിച്ചു അയാൾ. അപ്പോഴേക്കും കുറച്ചുകൂടി വലിയൊരു നീരൊഴുക്കിന്റെ ശബ്ദം കേട്ടുതുടങ്ങിയിരുന്നു. പുതിയമീൻ തിരിഞ്ഞു നോക്കി അയാൾ പിന്നാലെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. ജലപ്പരപ്പിലെത്തി നോക്കിയപ്പോൾ അയാൾക്ക്‌ വലിയ നീരൊഴുക്കില്ലാത്ത പുഴയാണ്‌ ദൂരെ കാണാൻ സാധിച്ചത്‌. വീണ്ടും പുതിയ മീനിനെ തേടിയപ്പോൾ പുഴയിൽ നിന്നും തോട്ടിലേക്കുള്ള ദുർബലമായ നീർവ്വാർച്ചയുടെ ചാൽമുഖത്താണ്‌ തങ്ങളെന്ന് അയാൾക്ക്‌ മനസിലായി. പുതിയമീൻ ദുർബലമായ നീർവ്വാർച്ചാമുഖത്തേക്ക്‌ പോകുകയും തിരിച്ചുവരികയും ചെയ്തുകൊണ്ടിരുന്നു. മീൻ എന്തോ പറയാൻ ശ്രമിക്കുന്നതായി തോന്നിയെങ്കിലും അതെന്താണെന്ന് മനസിലാക്കാനുള്ള മീൻഭാഷ അയാൾക്ക്‌ വശമില്ലായിരുന്നു. കടലിൽ നിന്ന് പുഴയിലേക്കും പുഴയിൽ നിന്നും തോട്ടിലേക്കുമുള്ള വഴി കാണിച്ചുതരികയായിരുന്നു അത്‌ എന്നയാൾക്ക്‌ തോന്നി.



പുതിയമീൻ തിരിച്ചു നീന്തിത്തുടങ്ങിയപ്പോൾ അയാളും പിൻതുടർന്നു. തിരിച്ചു വീണ്ടും കുളിക്കടവിലെത്തുന്നതു വരെ അതു തിരിഞ്ഞുനോക്കിയതേയില്ല. അയാളും. തിരിച്ചു വരുമ്പോഴും സുന്ദരി മീൻ തന്റെ പായൽക്കൂട്ടത്തിന്‌ അടുത്തുതന്നെയുണ്ടായിരുന്നു. അത്‌ അവിടെ നിന്നു മാറി മറ്റെവിടെയെങ്കിലും പോയിവരുന്നതായി കണ്ടിട്ടില്ലെന്ന് അയാൾ ഓർത്തു. തിരിച്ചു കുളിക്കടവിലെത്തിയപ്പോഴേക്കും തീർത്തും തളർന്നു പോയില്ലെങ്കിലും അയാൾ നന്നായി ക്ഷീണിച്ചിരുന്നു.


പിറ്റേന്നു തൊട്ട്‌ പുതിയമീൻ അതിന്റെ എല്ലാ പ്രതിഷേധവും പ്രതിരോധവും എടുത്തുമാറ്റിയതായി അയാൾ അറിഞ്ഞു. അതോടെ തങ്ങൾക്കിടയിൽ നേരത്തെയുണ്ടായിരുന്ന നീരസങ്ങളെല്ലാം അലിഞ്ഞു തീർന്നതായി അയാൾ മനസിലാക്കി. മാത്രമല്ല, പുതിയ മീനിന്റെ മുഖത്ത്‌ അതിന്റെ ഇടത്തിലേക്ക്‌ കടന്നുകയറിയ ഒരാൾ എന്നൊരു ഈർഷ്യയേ ഉണ്ടായിരുന്നുമില്ല. അയാൾ കൈവെള്ള നീട്ടിയപ്പോൾ ചിരപരിചിത സുഹൃത്തെന്നപോലെ അയാളുടെ കൈവെള്ളയിൽ കയറിയിരിക്കുകയും ചെയ്തു. അയാളുടെ വിരലുകൾ അടഞ്ഞപ്പോൾ നീന്തി രക്ഷപ്പെടാതെ വിരൽക്കൂടിനുള്ളിൽ ഇരുന്നുകൊടുക്കുകയും ചെയ്തു. അതിനു കടലിന്റെ രൂക്ഷഗന്ധമായിരുന്നു. അതിന്റെ ചെകിളയിൽ ഒരുപ്പു പരലിന്റെ സാമിപ്യം കാരണമുള്ള ഇരുണ്ട രക്തനിറം ബാക്കിയുണ്ടായിരുന്നു. അതിനെ കുറച്ചുകാലം കൊണ്ടുമാത്രം കാണാൻ കഴിയുന്നതിന്റെ അർത്ഥം അയാൾ ഊഹിച്ചെടുത്തു. അതു കടൽ മടുത്ത്‌ അതിന്റെ സ്വന്തം തോട്ടിലേക്ക്‌ മടങ്ങി വന്ന മത്സ്യമായിരുന്നു. കടലിന്റെ ആഴവും പരപ്പും വേണ്ടെന്നുവെച്ച്‌ സ്വന്തം ആഴത്തിലേക്കും ആയത്തിലേക്കും തിരിച്ചു വന്ന പുഴമീൻ. തന്നെപ്പോലെ.

താൻ കൈമോശം വരുത്തിയ തിരക്കുകളെക്കുറിച്ചും ആർത്തിപിടിച്ച ജീവിതത്തെക്കുറിച്ചും അപ്പോഴേക്കും അയാൾ ഏറെക്കുറെ മറന്നുകഴിഞ്ഞിരുന്നു.


O


PHONE : 07597319590







2 comments:

  1. ഒരു കഥ പല വായനകള്‍ ആവശ്യപ്പെടുന്നു എന്നത് തന്നെ അതിന്റെ മേന്മ കുറിക്കുന്നു ,വീണ്ടും വീണ്ടുമുള്ള വായനയില്‍ അര്‍ത്ഥതലങ്ങള്‍ മാറി മറിയുന്നു വെങ്കില്‍ അത് കഥ ലക്ഷ്യ പ്രാപ്തിയില്‍ എത്തിയെന്നും സൂചിപ്പിക്കുന്നു ..കഥാകൃത്തിനു അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. വളരെ മനോഹരമായ...ആവിഷ്കാകാരം

    ReplyDelete

Leave your comment