Saturday, February 18, 2012

കണ്ണാടിച്ചില്ലുകൾ

 കവിത
ഡോ.ചേരാവള്ളി ശശി













ഒന്ന്: മതേതരം

കല്ലിൽ പണിതീർത്തോരുണ്ണിഗണപതി
പൊയ്യല്ല-പാല്‌ കുടിക്കുന്നു.
ചില്ലിട്ട കൂട്ടിലെ കന്യാമറിയമോ
കണ്ണീരിതെന്നും ഒഴുക്കുന്നു.
പള്ളിപ്പറമ്പിലെ മൈതീന്റെ കല്ലറ
മുല്ലപ്പൂ പോലെ മണക്കുന്നു.
എല്ലാ മതങ്ങളും ഒന്നെന്ന തത്വം ഞാൻ
ഇങ്ങനെ നന്നായ്‌ ഗ്രഹിക്കുന്നു.

രണ്ട്‌ : സർക്കാർ ജോലി

വീണ്ടും പരീക്ഷകൾ നൂറല്ലെഴുതി ഞാൻ
വീണ്ടും നിരാശതൻ പാതാളം.
ആണ്ടവനേനൽകൂ, സർക്കാരിലിന്നിനീ-
യാണ്ടിൽ മികവുറ്റൊരുദ്യോഗം !
ആഹാ ! കിടച്ചൂ എനിയ്ക്കധികാരങ്ങൾ
സ്ഥാനം പെരുത്തുള്ളൊരുദ്യോഗം.
"ആരാച്ചാർ"- എങ്കിലും സർക്കാരിലാണല്ലോ
ജോലി- എനിയ്ക്കെന്തഭിമാനം !

മൂന്ന് : കവിപ്പട്ടം

വ്രതശുദ്ധരചന ഞാൻ നടത്തുംകാലം
കവിയല്ലയിവനെന്നു പഴിച്ചൂ ലോകം.
കുളിയ്ക്കാതെ,മുടി,താടി വളർത്തി നീളൻ
ഉടുപ്പിട്ടു കവിപ്പട്ടമണിഞ്ഞെൻ കോലം.
തറവാട്‌ തുലച്ചേറെ ലഹരിമൂത്തു-
രചിച്ചോരു വരികളാൽ പ്രശസ്തനായ്‌ ഞാൻ..
അനാഥനായ്‌ തെരുവിൽ വീണടിഞ്ഞിടുമ്പോൾ
അവാർഡിന്റെ രഥമേറ്റാൻ വരുന്നു നിങ്ങൾ..!!

നാല്‌: പാതിയോളം

പാതിവഴി നടന്നപ്പോൾ വഴി തെറ്റുന്നു
പാതിയന്വേഷണം പോലും ഭ്രാന്തനാക്കുന്നു.
പാതിപാടിത്തുടരുമ്പോൾ കുരൽ പൊട്ടുന്നു.
പാതിചിത്രം വരച്ചതും ഇരുൾ മായ്ക്കുന്നു.
പാതിജലം കുടിച്ചതിൽ തീ പടരുന്നു.
പാതി സ്വപ്നം കണ്ടു പ്രേതഭൂവിൽ വീഴുന്നു.
പാതിനൊന്തുപഠിച്ചതും പാഴിലാകുന്നു.
പാതിയോളം കിടച്ചല്ലോ!-സ്തുതി പാടുന്നു !!

O


PHONE : 9995155587



4 comments:

  1. അനാഥനായ്‌ തെരുവിൽ വീണടിഞ്ഞിടുമ്പോൾ
    അവാർഡിന്റെ രഥമേറ്റാൻ വരുന്നു നിങ്ങൾ..!!
    superb

    ReplyDelete

Leave your comment