Saturday, December 10, 2011

തകർച്ചയുടെ ശബ്ദങ്ങൾ

കോയക്കുട്ടി ഒലിപ്പുഴ














അമ്മയുടെ വിതുമ്പലുകള്‍ക്ക് മുമ്പിൽ ആശ്വസിപ്പിക്കാന്‍ സ്വരുക്കൂട്ടിയ വാക്കുകളെല്ലാം നഷ്ടപ്പെട്ട്‌ മരവിപ്പോടെ ഞാൻ  നിന്നു.


 "എന്‍റെ മോനെന്താ പറ്റീത്...? നിങ്ങളവന്‍റെ കൂട്ടുകാരനല്ലേ ? എന്നോട് പറയൂ..."
അവർ വിങ്ങിപ്പൊട്ടികൊണ്ടിരുന്നു.

എങ്ങിനെ,ഞാനിവരോട് പറയും. അമ്മയുടെ സ്നേഹസമ്പന്നനായ മകനെക്കുറിച്ചുള്ള ഓര്‍മ്മകൾ എന്‍റെ മനസ്സിന്‍റെ അകത്തളങ്ങളിൽ വീര്‍പ്പുമുട്ടുന്നുണ്ടെങ്ങിലും വയ്യ, ഈ അമ്മയോട്‌ എനിക്കൊന്നും വിവരിക്കാനാവില്ല. അവരുടെ ഹൃദയംനൊന്തുള്ള വിലാപം താങ്ങാനാവാതെ ഞാൻ  മുഖം തിരിക്കവേ അവൻ, ജോസ് എന്‍റെ ഓര്‍മയിലേക്ക് തെളിച്ചത്തോടെ അടര്‍ന്നു വീണു.

"എന്‍റെ പേര്‍ ജോസ്. തൃശൂരാ വീട്. എക്സ്‌റേ വെൽഡിംഗ്‌ ടെക്നീഷ്യനാണ്‌."

“ഞാന്‍ ഹമീദ്. മലപ്പുറത്താ, ഇവിടെ മെക്കാനിക്കായി ജോലിചെയ്യുന്നു." -ആദ്യ പരിചയപ്പെടൽ.

മണലാരണ്യത്തിലെ  അത്യുഷ്ണത്തിൽ  പുതിയ സൗഹൃദം  നാമ്പെടുക്കുകയായിരുന്നു. പ്രവാസജീവിതത്തിന്‍റെ വരള്‍ച്ചയിലേക്ക് പരസ്പരം സ്നേഹത്തിന്‍റെ കനിവ് വിതറി  ഉത്സാഹത്തോടെ നല്ല നാളെയെ സ്വപ്നം കണ്ട്‌, ഒരേ അപ്പാർട്ട്‌മന്റിൽ ഞങ്ങൾ.


"പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള 756 -നമ്പർ ഫാസ്റ്റ് പാസ്സഞ്ചർ, സ്റ്റാന്‍ഡിന്‍റെ കിഴക്കുഭാഗത്ത് പാര്‍ക്ക് ചെയുതിരിക്കുന്നു." ഉച്ചഭാഷിയിലൂടെ ഒഴികിയെത്തിയ ശബ്ദം കേട്ട്‌ ഞെട്ടിയുണർന്ന്, തൃശൂർ  കെ എസ് ആർ ടി സി  ബസ്റ്റാന്റിലെ തണുപ്പരിച്ച സിമന്റ്‌ ബഞ്ചിൽ  നിന്നും ധൃതിയിൽ എഴുന്നേറ്റ്‌ ഞാൻ ബസ്സിനെ ഉന്നം വെച്ച് നടന്നു. മനസ്സിന്‍റെ ചിട്ടവട്ടങ്ങൾ ഇങ്ങനെയൊക്കെയാണ്. മറക്കാന്‍ ശ്രമിക്കുന്ന തീരങ്ങളിലേക്കുതന്നെ നീന്തികടക്കും.

മരുഭൂമിയിലെ അന്നത്തെ ഉഷ്ണക്കാറ്റിന് കുത്തൊഴുക്കിന്‍റെ വേഗതയായിരുന്നു. കാറ്റിൽ പറന്നെ ത്തുന്ന പൊടിപടലങ്ങൾ കൺകോണുകളിൽ നനവു പടര്‍ത്തിക്കൊണ്ടിരുന്നു. ചുടുകാറ്റിൽ ശരീരം വിയര്‍ത്തൊഴുകി. ജോലിസമയം കഴിഞ്ഞ്‌ ടൈംകാര്‍ഡ്‌ പഞ്ച്‌ ചെയ്യാന്‍ കാത്തുനില്‍ക്കെ സന്തോഷത്തിന്റെ തിളക്കം എടുത്തണിഞ്ഞ, നിറഞ്ഞ മുഖവുമായി  ജോസ് അടുത്തേക്ക്‌ വന്നു.

"ഇക്കാ, നിങ്ങൾ റൂമിലേക്ക്‌  നടന്നോളൂ, എനിക്ക് എഴുത്തുണ്ട്. ഞാന്‍ അതെടുത്തു വരാം."

ഇടയ്ക്കിടയ്ക്ക് അവനു വരുന്ന കത്തുകളെ കുറിച്ചോര്‍ത്തപ്പോൾ മാസാവസാനം എനിക്കെത്തുന്ന പ്രാരാബ്ദങ്ങൾ കോലം കെട്ടിയ, സ്നേഹലിപികൾ അന്യം നിന്ന, കുറിയ എഴുത്തുകളെ കുറിച്ചു ഞാന്‍ കുണ്ഠിതപ്പെട്ടു.

'ഗീതുവിന്റെയോ,അമ്മച്ചിയുടെയോ എഴുത്താവാം. അല്ലാതെ വേറെ ആരാണവനെനെഴുതാൻ?'
രണ്ടു വിശ്വാസങ്ങളെ എതിരിട്ടുകൊണ്ടുള്ള  ഒന്നിക്കലായിരുന്നത്രേ അവരുടേത്. സ്നേഹനിധിയായ അവന്‍റെ അമ്മച്ചി ഉറച്ച പിന്തുണയോടെ കൂടെ നിന്നപ്പോൾ അവരുടെ പ്രണയം പൂവണിയുകയായിരുന്നു.


ഷവറിനു താഴെ നിൽക്കുമ്പോൾ അന്നത്തെ ജോലിഭാരത്തിന്റെ ഉപ്പുരസം അലിഞ്ഞു തീരുന്നതറിഞ്ഞു. കുളിമുറിയിൽ നിന്നും ഇത്തിരി ഉന്മേഷം വാരിച്ചുറ്റി പുറത്തേക്ക് വന്ന എന്‍റെ കാഴ്ചയിൽ ഒരു നടുക്കത്തോടെ ജോസ് ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവനിലൊരു തേങ്ങലുയര്‍ന്നു. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

"ജോസ്... എന്താ,എന്തുണ്ടായി, എന്തിനാ നീ...?"

ഒരുപാട് ചോദ്യങ്ങൾ ഒരുമിച്ചു പുറത്തേക്കെറിഞ്ഞപ്പോൾ ശബ്ദത്തിന് ഇടര്‍ച്ച സംഭവിച്ചോ?  ആ കണ്ണുകളിൽ  സങ്കടം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ആ എഴുത്തുകൾ നീട്ടവേ അവന്‍റെ കൈ വല്ലാതെ വിറക്കുന്നതായി എനിക്ക് തോന്നി. കാര്യം എന്താന്നറിയാതെ പകച്ചുപോയ ഞാന്‍ അതിലൊരെണ്ണമെടുത്തു തുറന്നു.അതിങ്ങനെ തുടങ്ങിയിരുന്നു.

"ഗീതു എഴുതുന്നത്‌.  സ്നേഹം  ലഭിക്കാത്ത ഈ ജീവിതം എനിക്ക് മടുത്തു. ഇനി വയ്യ, എന്നെ ഇഷ്ടപ്പെടുകയും ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളെ ഞാൻ കണ്ടെത്തിയിരിക്കുന്നു. എന്നെ മറന്നേക്കൂ... ഈ വിവരം നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇനി എന്നെ അന്വേഷിക്കരുത്.
എന്ന് ഗീതു."

എന്‍റെ കണ്ണുകള്‍ക്കതു വിശ്വാസിക്കാനായില്ല. അപ്പോൾ ജോസ് പ്രതിമകണക്കെ നിശ്ചലനായി നില്‍ക്കുകയായായിരുന്നു. ഒരാവര്‍ത്തികൂടി വായിച്ചതോടെ ഹൃദയത്തിലേക്ക് ഉഷ്ണക്കാറ്റ് ഇരച്ചു കയറി. എനിക്ക് വല്ലാതെ വിയര്‍ത്തു. ഉത്കണ്ഠയോടെ ഞാൻ അടുത്ത കത്തിലേക്ക് കണ്ണുതുറന്നു.

"മോനെ ജോസുട്ടീ... അവള്‍ പോയെടാ, നിന്നെയും എന്നെയും അപമാനിച്ച് അവളിറങ്ങിപ്പോയി. എന്‍റെ മോളെ പോലെ  സ്നേഹിച്ചിരുന്നല്ലോ കര്‍ത്താവേ.... എന്നിട്ടും അവളിതു ചെയ്തല്ലോ... മോനെ ജോസുട്ടീ...മോന്‍ വിഷമിക്കരുത്. മോന് ഈ അമ്മച്ചിയുണ്ട്. സാരല്യാ, നമുക്കെല്ലാം മറക്കാം. അല്ലാതെ നമ്മളെന്തു ചെയ്യാനാ....”

എഴുത്ത് വായിച്ച് പൂര്‍ത്തിയാക്കാൻ എനിക്കായില്ല. അപ്പോഴേക്കും എന്‍റെ കണ്ണുകൾ  നിറഞ്ഞു കാഴ്ച നഷ്ടപ്പെട്ടിരുന്നു. എങ്ങിനെയാണവനെ ആശ്വസിപ്പിക്കുക? അവൻ താലോലിച്ച സ്വപ്നങ്ങളെല്ലാം ഞെട്ടറ്റ് നിലംപതിച്ചിരിക്കുന്നു. ഒരാശ്വാസവാക്കുപോലും എന്‍റെ കയ്യിലില്ലല്ലോ.

ജോസേ... വിളികേട്ട്  എന്റെ നെഞ്ചിലേക്ക്‌ തലചായ്ച്ച്‌ അവൻ പൊട്ടിക്കരഞ്ഞു.
"എന്നാലും  അവളെന്നോടിത് ചെയ്തല്ലോ, ശ്വാസതടസ്സത്താൽ അവൻ പുളഞ്ഞു. ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നു. അരപ്പട്ടിണിയിലും അവളെ മാന്യമായി പുലര്‍ത്തി. എന്നിട്ടും...”

"സാരമില്ല, നീ സമാധാനിക്ക്, അവള്‍ക്ക് നിന്നോട്‌ ഒട്ടും സ്നേഹമുണ്ടായിരുന്നില്ലെന്നു കരുതി സമാധാനിക്ക്. ഉണ്ടായിരുന്നങ്കിൽ അവളിത് ചെയ്യോ, എല്ലാം അഭിനയമായിരുന്നിരിക്കാം. നീ രക്ഷപെട്ടു എന്ന് കരുതി ആശ്വസിക്ക്‌. അമ്മച്ചി എഴുതിയത് പോലെ നിനക്ക് അമ്മച്ചിയില്ലേ. പിന്നെ ഞങ്ങളൊക്കെയില്ലേ..."

അവിടെ വെച്ചെനിക്ക്‌ ശബ്ദം നഷ്ടപ്പെട്ടു. അവന്‍റെ വിറയൽ  എന്നിലേക്ക് പടർന്നേക്കുമോ എന്ന് ഞാൻ ഭയന്നു. എന്നിട്ടും ഞാൻ അവന്‍റെ മുടിയിഴകളിൽ തഴുകികൊണ്ടിരുന്നു. വല്ലാത്തൊരു ശൂന്യത ഞങ്ങള്‍ക്കിടയിൽ നിറഞ്ഞു. പലപ്പോഴും എന്‍റെ നോട്ടം അവന്‍റെ സങ്കടങ്ങളിൽ തട്ടി ചിന്നിച്ചിതറി. ആ രാത്രിയിൽ അവന്‍റെ നെടുവീർപ്പുകളുടെ ചൂടേറ്റ്‌ ശീതീകരണയന്ത്രം പോലും തളര്‍ന്നു എന്നെനിക്കുതോന്നി. രാവിലെ ജോലിക്ക് പോകുവാന്‍ വേണ്ടി ഞാൻ തയ്യാറാവും മുമ്പേ അവനൊരുങ്ങി നില്‍പ്പുണ്ടായിരുന്നു. ഒരൊറ്റ രാത്രിയുടെ ആളിക്കത്തലിൽ അവൻ ശരിക്കും തളര്‍ന്നു പോയിരിക്കുന്നു.

“ജോസേ, നീയിന്നു വരണ്ടാ. ഞാന്‍ പറഞ്ഞോളാം”.

"അതൊന്നും വേണ്ട. ഇക്ക കരുതുന്നത് പോലെ എനിക്ക് വിഷമമൊന്നുമില്ല. അല്ലെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ ലീവുകൊണ്ട് മാറാവുന്ന മുറിവല്ലല്ലോ എന്‍റെ ഹൃദയത്തിലേറ്റിരിക്കുന്നത്."

അവന്‍റെ ശബ്ദം നേർത്തു വന്നു. ഒരു ദീർഘനിശ്വാസത്തിനുശേഷം അവൻ പതുക്കെപ്പറഞ്ഞു. ഞാനെല്ലാം മറക്കുകയാണിക്കാ....അതെ, ഞാനെല്ലാം മറക്കും. അവന്‍റെ കണ്ണുകളിൽ ഉദിച്ചുയര്‍ന്ന നിശ്ചയദാർഢ്യത്തിന്റെ കിരണങ്ങൾ ഒരുവേള എന്നെ ആശ്വസിപ്പിച്ചു. ജോലിസ്ഥലത്തേക്കുള്ള  യാത്രയിൽ ഒരഭയത്തിനെന്നവണ്ണം അവനെന്റെ കൈവിരലുകളിൽ അമര്‍ത്തിപിടിച്ചിരുന്നു.

വര്‍ക്ക്ഷോപ്പിലെ ജോലിത്തിരക്കിനിടയിൽ ഒരു വിളികേട്ടു ഞാൻ ഞെട്ടിത്തിരിഞ്ഞു.

"ഹമീദേ...നമ്മുടെ ജോസ്, അവന്‍ ചിമ്മിനിയുടെ മുകളില്‍നിന്നു താഴേക്ക്....!!"

ഞാനോടുകയായിരുന്നു. ഛിന്നഭിന്നമായി, രക്തത്തിൽ കുതിര്‍ന്ന ജോസിന്‍റെ ശരീരത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. എനിക്ക് ചുറ്റും ഭൂമികറങ്ങി. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ശിരസ്സിൽ കൈതാങ്ങി ഞാൻ തറയിലിരുന്നു.

"മേലാറ്റൂർ....മേലാറ്റൂർ...മേലാറ്റൂരിറങ്ങാനുള്ളവരൊക്കെ വേഗമിറങ്ങ്വ..."

കണ്ടക്ടറുടെ നനഞ്ഞ ശബ്ദം കേട്ട് ഇരിപ്പിടത്തില്‍നിന്നും തരിപ്പുകയറി മരവിച്ച കാലുകളിളക്കി പിടഞ്ഞെണീറ്റു.

"എന്താ മാഷേ...ങ്ങള്  ബസ്സിലിരുന്നു സ്വപ്നം കാണാ...ഇങ്ങട്ട് ബേഗറങ്ങീന്ന്."

അതെ സുഹൃത്തേ, എല്ലാം സ്വപ്നമായിരുന്നെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു പോകുകയാണ്...

 



13 comments:

  1. ഇതൊരു അനുഭവ കഥപോലെ ആണ് തോന്നിയത്. വളരെ നല്ല അവതരണം . അന്നത്തെ ജോലിഭാരത്തിന്റെ ഉപ്പുരസം അലിഞ്ഞു തീരുന്നതറിഞ്ഞു.... എന്നാ പ്രയോകം വളരെ അധികം ഇഷ്ടമായി .കാലഘട്ടത്തിലെ സാമൂഹിക പ്രശ്നം ആണ് കൈകാര്യം ചെയ്തത് . പലപ്പോഴും സമൂഹം അറിയാതെ പോകുന്ന പ്രവാസിയുടെ ജീവിത ദുരന്തം .... ഒരു പ്രവാസി എന്ത് വേണ്ടിയാണോ കഷ്ട്ടപെടുന്നത് , സത്യത്തില്‍ അത് തന്നെയാണ് അവനു ജീവിതത്തില്‍ നഷ്ടപ്പെടുന്നതും .

    ReplyDelete
  2. orupadishtamayi ente thottayalvakkathu ingane oru akshra deepam thelinchu ninnad ithranalum kanade poyathil sankadam thonnunnu ,oru nalla prameyam adhinudakiya bhasha shailyil roopapeduthiyappol theerthum sundaramayirikkunnu abhinandanagal

    sindhu pottiyodathal

    ReplyDelete
  3. oru nalla prameyam adinanusariricha bhasha shailiyil roopapettappol mikachadayi thonni ashamsakal

    ReplyDelete
  4. very interesting story....

    ormakal,, ellam ormmakal..

    koyakkutti olippuzha is a brilliant writer

    super concept..

    canngrats..


    giffu melattur

    ReplyDelete
  5. nalla kadha...
    nalla aashayam..

    ormmakalude thadavara...

    oro pravasikkum ormakal swakaarya swathu thanneyaa..

    ReplyDelete
  6. നന്നായിരിക്കുന്നു. ഒരു വിധം നല്ല ക്രാഫ്റ്റ്.
    അനുഭവത്തിന്റെ തീച്ചൂള യാണെന്ന് എനിക്ക്
    ശരിക്കും അനുഭവപ്പെട്ടു.. തുടുരുക.എല്ലാ
    ഭാവുകങ്ങളും.

    ReplyDelete
  7. എഴുത്തു വളരെ ഇഷ്ടായി ..
    ഇതൊരു അനുഭവ കഥ അല്ലാതിരുന്നെകില്‍..
    ആശംസകള്‍

    ReplyDelete
  8. കോയക്കുട്ടി ഒലിപ്പുഴയുടെ വാക്കുകൾ ഹൃദയത്തോട് നേരിട്ടു സംവദിക്കുന്നവയാണ്. വിരുതുകൾ കാട്ടാതെ ഉള്ളിൽ കടന്നു ഒരു വിതുമ്പൽ നിറച്ച്, നമ്മെ ആ ചുറ്റുവട്ടങ്ങളിലേക്കു പിടിച്ചടുപ്പിക്കുന്ന ആ ശൈലി ഈ കഥയിലും കാണാം. ആശംസകൾ.

    ReplyDelete
  9. koyakke sooper.......ith sharikkum nadanna sambavamano?

    ReplyDelete
  10. Aasayavum vivaranashyliyum valare nannayirikkunnu ......
    Abhinandanangal

    ReplyDelete
  11. Real tech my Hart ❤️❤️

    ReplyDelete

Leave your comment