Saturday, December 10, 2011

ഇടച്ചിൽ..

പത്മാ ബാബു














രിച്ചതിനു മുമ്പു
ട്രങ്കുപെട്ടിക്കു മേലേ,
മരിച്ചു കഴിഞ്ഞു
മരപ്പെട്ടിക്കുള്ളിൽ..
അങ്ങനെ,
തലയിൽ കൈയ്യും കൊടുത്ത്‌
അപ്പനിപ്പഴും
ചുരുണ്ടുക്കിടക്കുകയാവുമെന്നു കരുതി,
കൊച്ചൗസേപ്പെന്നും
തോട്ടിൻപറമ്പിൽ ചെല്ലും..



അപ്പനാകട്ടെ
മണ്ണിനുള്ളിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി,
മേളിലേക്കുരുട്ടിയുരുട്ടി വിടും...
അതെല്ലാം ഒടുക്കം
കുരുത്തംകെട്ട കിളവനിൽ തന്നെ
തിരിച്ചു ചെല്ലും...
ആ വിധം പാറയായി മാറിയ
ഒരോ അമർഷവും,
ഇന്നും മേളിലേക്കു നോക്കി കിടക്കുന്നു,
ആകർഷണബലം ഭേദിച്ചു
ഭൂമിയിലേക്ക് കടന്നു വരാൻ..



അതവിടെ നില്ക്കട്ടെ...
അറിയുമോ..?
ആളുകൾ അടക്കം പറയുന്നതു്,
ഞാൻ മേരിവേശ്യയുടെ മോനാണെന്നാണ്‌...
ഇരുട്ടുമ്പൊ
എല്ലാ വാതിലുകളും അടഞ്ഞാലും,
എന്റമ്മച്ചീടെ വാതിൽ
സാക്ഷയിൽ കുരുങ്ങി നില്ക്കാൻ മടിയ്ക്കുമത്രേ..
മൂക്കളയൊലിച്ചിറങ്ങിയ,
ചുണ്ടും പെളർത്തി,
ഞാനിരിക്കുമ്പൊ
ചായ്പ്പിൽ,
ചൂട്ടടുപ്പിലെ കരിഞ്ഞ കനൽ പോലെ,
അവർ കെട്ടവരാകുന്നു..



പിറ്റേന്ന്
ഇരുട്ടുവായുള്ള
അമ്മച്ചീടെ ചോറുകലത്തിൽ
അരിവെള്ളകൾ തിളച്ചുതുള്ളുന്നത്‌,
തലേന്നത്തെ അവരുടെ കിതപ്പിനൊത്താണ്‌...
ഏഴു പള്ള നിറയുമ്പോഴേക്കും
അവർ വീണ്ടും കൊള്ളാവുന്നവരാകുന്നു..



അങ്ങനെ
ഈ മണ്ണിലകപ്പെട്ടതിന്റെ അരിശം
ഉരുളൻ കല്ലുകളാക്കി
അവർ നെഞ്ചിലിട്ടുരുട്ടുന്നു,
ഒരാകർഷണബലത്തിനും വിട്ടു കൊടുക്കാതെ..

O

1 comment:

Leave your comment