Saturday, December 14, 2013

നിഴൽത്തൂവലുകൾ

കഥ
ബോണി പിന്റോ
 









      ചിലമ്പുന്ന ശബ്ദത്തോടെ വീണ അടി അവിടമാകെ മുഴങ്ങിക്കേട്ടു. പതിനാറു തൂവലുകൾ മേൽക്കുമേൽ കോണാകൃതിയിൽ അടുക്കിവെച്ചിരുന്ന തൂവെള്ള ഷട്ടിൽ കോക്ക്‌, ഫ്ലഡ്‌ ലൈറ്റിലൂടെ എതിർകോർട്ടിലേക്ക്‌ ഒരു വെടിയുണ്ട പോലെ തിരിഞ്ഞു കുതിച്ചു.

അല്ല, അത്‌ വെടിയുണ്ട തന്നെയാണ്‌! കാണികൾക്ക്‌ അങ്ങനെയാണ്‌ തോന്നിയത്‌. 

അളന്നുകുറിച്ച ഒരു അടിയായിരുന്നു അത്‌. കാണികളുടെ തലകൾ ഒന്നിച്ചുകെട്ടിയ, ഒരു കാണാച്ചരടുമായി ബന്ധിച്ചിരുന്ന കോക്ക്‌ വായുവിലൂടെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. എതിരാളി ബാറ്റുമായി വായുവിൽ വില്ലുപോലെ കുതിച്ചുപൊന്തി.

ശത്രുപക്ഷത്തുനിന്നും അപ്രതീക്ഷിതമായി തിരിച്ച്‌ വെടിവെപ്പുണ്ടായി. ബൻഷി ഒരു മരത്തിനു പിറകിൽ വിറയ്ക്കുന്ന കൈകളോടെ പതിയിരുന്നു. അയാൾ തന്റെ തോക്കിൽ മുറുകെപ്പിടിച്ചു. സൈനിക പരിശീലനത്തിനുശേഷം ബൻഷിയുടെ ആദ്യ നിയമനമായിരുന്നു ആസ്സാമിൽ.

ചെവി തുളയ്ക്കുന്ന ശബ്ദത്തോടെ ശത്രുവിന്റെ വെടിയുണ്ടകൾ ഇലകളെ കീറിമുറിച്ച്‌ കാട്ടിലൂടെ ദൂരേയ്ക്ക്‌ അഗ്നിരേഖകൾ തെളിച്ചിട്ടുകൊണ്ടിരുന്നു. ഉൾഫ തീവ്രവാദികൾ തൊടുത്തുവിട്ട  വെടിയുണ്ടകളിൽ, അടുത്തനിമിഷം അയാളുടെ ഇടംകൈ അവിടമാകെ ചിതറിവീണു. യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാനാവാതെ എന്നെന്നേയ്ക്കുമായി ഒഴിഞ്ഞുപോയ തന്റെ ഇടതുവശത്തെ നോക്കി ബൻഷി സ്തബ്ധനായി ഇരുന്നു.

ഉയർന്നു പൊന്തിയ എതിരാളിയുടെ ശക്തമായ പ്രഹരത്തിൽ തടുക്കാനാളില്ലാതെ ഷട്ടിൽ കോക്ക്‌   നിലംപതിച്ചുയർന്നു. കടന്നൽക്കൂടുപോലുള്ള ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ആരവങ്ങളുടെ കൈപ്പത്തികളുയർന്നു പൊന്തി. പരാജിതർക്കന്യമായ കയ്യടികൾ കേട്ടുകൊണ്ട്‌ അയാളവിടെ ഒരു വിഡ്ഢിയെപ്പോലെ നിന്നു കരഞ്ഞു. അയാൾ പോലുമറിയാതെ തന്റെ ബാറ്റ്‌ കൈയിൽ നിന്നൂർന്ന് നിലംപതിച്ചു.

കണ്ണുനീർ, കാഴ്ചയെ ചെറു ത്രികോണങ്ങളായി മുറിച്ചിട്ടു. കണ്ണുനീരിൽ ചിതറിയ ആയിരത്തിൽപ്പരം ഉപയോഗശൂന്യമായ ഷട്ടിൽ കോക്കുകൾ തന്റെ വശത്തായി കിടക്കുന്നത്‌ അയാൾ നോക്കിനിന്നു.

ബംഗാളിലെ ഉളുംബരിയയിൽ സ്വർണ്ണം തൂക്കുന്ന തുലാസ്‌ വീണ്ടും ഉയർന്നു താഴ്‌ന്നു. 

കൃത്യം അഞ്ചു ഗ്രാം. 

പണിക്കാരൻ ഷട്ടിൽ കോക്കിന്റെ ഭാരം പരിശോധിച്ച്‌ ഉറപ്പുവരുത്തി. വെളുത്ത വാത്തയുടെ ഇടത്തെ ചിറകിലെ മാത്രം തൂവലുകൾ എടുത്ത്‌ ഉണ്ടാക്കിയ ഒന്നായിരുന്നു അത്‌. ഒരു ചെറുകറക്കത്തോടെ വായുവിൽ ദ്രുതഗതിയിൽ നീങ്ങുന്നതിനു വേണ്ടിയാണ്‌ ഇടത്തേച്ചിറകിലെ മാത്രം തൂവലുകൾ ഉപയോഗിക്കുന്നത്‌. മികച്ച പതിനാറു തൂവലുകൾ കൊണ്ട്‌ സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു വെടിയുണ്ട തന്നെയായിരുന്നു അത്‌. അതീവകൃത്യതയോടെ നിർമ്മിച്ച ഒന്ന്! അതും ഒരേ ഒരു തവണയുള്ള കളിക്കു വേണ്ടി മാത്രം.

വ്യാവസായിക മേഖലയായ ഉളുംബരിയയിൽ, ഗംഗയുടെ തീരത്ത്‌, ഇങ്ങനെ കോക്ക്‌ നിർമ്മാണത്തിലേർപ്പെട്ടിരുന്ന ചെറുതും വലുതുമായ എൺപതിൽപ്പരം കമ്പനികളുണ്ടായിരുന്നു. ദിവസം നാനൂറു മുതൽ അഞ്ഞൂറു ഷട്ടിൽകോക്കുകൾ വരെ അവർ നിർമ്മിക്കുന്നുണ്ട്‌. സുറുമയിട്ട നിർമ്മല മുഖമുള്ള നൂറുകണക്കിന്‌ വളർത്തുവാത്തകളുടെ ഇടത്തേ ചിറകുകൾ ദിനംപ്രതി അവിടെ ആവരണവിമുക്തമായി രോമാഞ്ചമണിഞ്ഞുകൊണ്ടിരുന്നു.

എന്നെത്തേയും പോലെ ഏകാന്തവും വിരസവുമായ ആ രാത്രിയിലും കാവൽക്കാരനായ ബൻഷി കോക്കുണ്ടാക്കുന്ന കമ്പനിയുടെ മതിക്കെട്ടിനകത്തെ കൂട്ടിൽ നിന്നുയരുന്ന വാത്തകളുടെ കരച്ചിലും കേട്ടുകിടന്നു. അയാളെ മഥിച്ചിരുന്ന അസ്പഷ്ടമായ ചില ചിന്തകളുടെ ഒരു പ്രതിഫലനം പോലെ  ബീഡിയുടെ കനൽ ആളിയമർന്നു.

ലോകത്തിൽ നിന്ന് വിഛേദിക്കപ്പെട്ടെന്നു തോന്നിച്ച ഒരവസ്ഥയിൽ നിന്നും പേടിപ്പെടുത്തുംവിധം പെട്ടെന്ന് താൻ തനിച്ചല്ലാതായി എന്നയാൾക്ക്‌ തോന്നി. എതോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ എഴുന്നേറ്റിരുന്നു.

ബീഡിപ്പുക കവിളിനോടു ചേർന്ന് പറന്നുയർന്നു. അയാൾ എഴുന്നേറ്റ്‌ കമ്പനിയുടെ മതിക്കെട്ടിനുള്ളിലേക്ക്‌ നടന്നു. അവയെ അടച്ചിരുന്ന ആ വലിയ കൂടിനടുത്തെത്തി. അയാളുടെ വീതിയാർന്ന കഴുത്തിലെ കനത്ത പേശികൾ ഉമിനീരിറക്കി. പൂട്ടിയിട്ടിരുന്ന വാതിലുകൾ ഓരോന്നായി അവയ്ക്കുമുന്നിൽ അയാൾ യാന്ത്രികമായി തുറന്നിട്ടു കൊടുത്തു. ഒരു വശം നഷ്ടപ്പെട്ട വാത്തകൾ കൂട്ടമായി അയാളുടെ കാലുകളെ തഴുകി, വാതിൽ കടന്ന്, ഹാലൊജൻ വിളക്കിന്റെ വെളിച്ചമുള്ള പുറംലോകത്തേക്കോടി.

രാത്രിയുടെ കാവൽക്കാരന്റെ മുഖത്ത്‌ ആത്മാർത്ഥമായ ഒരു പുഞ്ചിരി വിടർന്നു.

അവയുടെ കാലുകളുടെ ആവേഗം അയാളെ അതിശയിപ്പിച്ചു. അയാൾ അതുതന്നെ സൂക്ഷ്മമായി ശ്രദ്ധിച്ചു നിന്നു. ഇവയ്ക്ക്‌ ഒന്നു പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അയാൾ വെറുതെ ആശിച്ചു. വാത്തക്കുഞ്ഞുങ്ങളെ വേർതിരിച്ച്‌ മറ്റൊരു കൂട്ടിലായിരുന്നു ഇട്ടിരുന്നത്‌. അയാൾ അവിടം ലക്ഷ്യമാക്കി നടന്നു.

നടക്കുന്നതിനിടെ ഒരു പഴയകാല ചിത്രം അകാരണമായി അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു. "ബൻഷി - 75" നെഞ്ചളവെടുത്ത മീശക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഒന്നര കിലോമീറ്റർ എട്ടു മിനിട്ടുകൊണ്ട്‌ ഓടിത്തീർത്ത്‌ വിയർത്തൊലിച്ചു നിന്നു കിതയ്ക്കുന്ന തന്റെ പല്ലുകൾ വരെ എണ്ണിനോക്കിയ ശേഷം ഒടുവിൽ താൻ പട്ടാളത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അവർ അറിയിച്ചു. എരിയുന്ന നെഞ്ചും പൊട്ടിയൊലിച്ച പാദങ്ങളും തൊടുത്തു വിടുന്ന വേദനകൾക്കിടയിലും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്‌.

എന്തിന്‌? എന്തായിരുന്നു ആ സന്തോഷത്തിന്റെ കാരണം? ബൻഷിക്ക്‌ ഇപ്പോൾ ഉത്തരം ലഭിക്കുന്നില്ല.

രാജ്യത്തിനു വേണ്ടി ത്യജിച്ച തന്റെ ഒഴിഞ്ഞ ഇടത്തെ ഭാഗത്തേക്ക്‌ നോക്കിയിരുന്നപ്പോൾ അയാൾക്ക്‌ സ്വയം ഒരു തരം വെറുപ്പ്‌ തോന്നി. ജീവിതത്തിൽ അവഗണനകളുടെ അടഞ്ഞ വാതിലുകളല്ലാതെ എന്തായിരുന്നു ഇതുകൊണ്ട്‌ ഒരു നേട്ടം? ജവാന്മാരുടെ ശവപ്പെട്ടിയിൽപ്പോലും അഴിമതി നടത്തുന്ന ഒരു നാടിനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ച ഒരുവന്റെ നെടുവീർപ്പ്‌ പുറത്തുവന്നു. പരാജിതർക്ക്‌ മാത്രം സ്വന്തമായ ആരും കാണുവാനില്ലാത്ത ഒരു നെടുവീർപ്പ്‌. കുറ്റബോധത്തിന്റെ ചുവയുള്ള ഒരു നാണക്കേട്‌ അയാളെ പിടികൂടിയിരുന്നു.

ഒടുവിൽ അവശേഷിച്ചിരുന്ന കുഞ്ഞുവാത്തകളുടെ കൂടിന്റെ ആ വാതിലും ബൻഷി മലർക്കെ തുറന്നിട്ടു.

കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ പേടിച്ചിട്ടെന്ന പോലെ സ്തബ്‌ധരായി നിന്നു. അയാൾ കൂട്ടിൽ കയറി ഒരു അലർച്ചയോടെ അവയെ പുറത്തേക്കോടിച്ചു. കരയുന്ന ഒരു ശബ്ദത്തോടെ അവ പുറത്തെ വാത്തക്കൂട്ടത്തെ ലക്ഷ്യമാക്കി പാഞ്ഞു.

കൂടുകൾക്കിടയിൽ നീണ്ടുകിടന്ന മണൽ വിരിച്ചിരുന്ന ഇടനാഴിയിൽ ദിശയറിയാതെ ഒത്തുകൂടിയിരുന്ന ആയിരക്കണക്കിന്‌ വാത്തകളെ പകുത്തുമാറ്റി അയാൾ വിശുദ്ധനായ ഒരു വഴികാട്ടിയെപ്പോലെ ഗേറ്റിലേക്ക്‌ നടന്നു. പട്ടാളച്ചിട്ടയിൽ ചേർത്ത്‌ വെട്ടിയിരുന്ന അയാളുടെ തലമുടി ഹാലൊജൻ വെളിച്ചത്തിൽ പട്ടുപോലെ തിളങ്ങി. കാറ്റിലാടുന്ന തന്റെ കമ്പിളിക്കുപ്പായത്തിന്റെ ഇടംകൈയ്യൊഴിച്ചാൽ അയാളുടെ ചലനങ്ങൾ ഒരു പട്ടാളക്കാരെന്റെ കൃത്യതയെ ഓർമ്മിപ്പിച്ചു. പക്ഷികൾ ബൻഷിയെ അനുസരണയോടെ പിൻതുടർന്നു.

അയാളുടെ നടത്തം പൊടുന്നനെ നിലച്ചു. ഒരു ചെറിയ നിശബ്ദതയ്ക്ക്‌ ശേഷം അയാൾ വാത്തകളോടെന്ന പോലെ ശിരസ്സുയർത്തിപ്പിടിച്ച്‌ ഉറക്കെ അലറി.

"മാർച്ച്‌!"

പിന്നിൽ താളത്തിൽ പതിക്കുന്ന ബൂട്ടുകളെ അയാൾ കേട്ടു. പരസ്പരബന്ധിതമായ ഒരു കൂട്ടം പോലെ അവർ മുന്നോട്ട്‌ നീങ്ങി.

കമ്പനിയുടെ കവാടവും കടന്ന് അവർ സൂക്ഷ്മതയാർന്ന താളത്തോടെ ഇരുട്ടുവീണ പാതയിലേക്ക്‌ നടന്നുനീങ്ങി. അവയുടെ കാലടികളുടെ ശബ്ദം അയാളിൽ ആത്മവിശ്വാസമുയർത്തി. വാത്തകളോടുള്ള ആജ്ഞകൾ അയാൾ നടത്തത്തിനിടയിൽ തൊണ്ട പൊട്ടുമാറ്‌ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഡിസംബറിന്റെ മഞ്ഞിൽ ആ ശബ്ദം പുതിയ ദൂരങ്ങൾ രേഖപ്പെടുത്തി.

നദിയിൽ നിന്നുള്ള തണുത്ത കാറ്റ്‌ മുഖത്തടിച്ചു തുടങ്ങി. ഗംഗയെത്തിയിരിക്കുന്നു, അയാളോർത്തു. ഗംഗയുടെ എതിർക്കരയിലുണ്ടായിരുന്ന ജൂട്ട്‌ ഫാക്ടറികളിൽ നിന്നുള്ള മഞ്ഞവെളിച്ചം നദിയിലെ ഓളങ്ങളിൽ കുത്തുകളായി പരന്നുകിടന്നിരുന്നു.

വശത്തുണ്ടായിരുന്ന കാളിബാടിയുടെ പടവുകളിലൂടെ സംഘം ഗംഗയിലേക്ക്‌ നടന്നിറങ്ങി. നദിയിലിറങ്ങുന്നതിനു മുമ്പ്‌ അവസാനപടിയിൽ നിന്ന് ബൻഷി ഒരു നിമിഷം വിശാലമായ നദിയിലേക്ക്‌ നോക്കിനിന്നു. ഒരു പക്ഷേ, ഈ രാത്രി പുലരുന്ന വേളയിൽ കമ്പനി മുതലാളിമാർ തന്നെക്കുറിച്ച്‌ പറയാവുന്ന ചില വാചകങ്ങൾ സങ്കൽപ്പിച്ചുനോക്കി.

"എവിടെ ആ ഒറ്റക്കയ്യൻ കാവൽക്കാരൻ, നാറി?" മുതലാളി അലറും.

കേൾവിക്കാർ നിശബ്ദമായിത്തന്നെ നിൽക്കും. നിൽക്കണം. അതാണ്‌ അവർക്കുള്ള വിധി.

"എവിടെയുണ്ടെങ്കിലും അവനെ പിടിച്ചുകെട്ടി എന്റെ മുന്നിൽ കൊണ്ടുവരണം" അയാൾ വീണ്ടുമലറും.

പണിക്കാർ നാലുപാടും ചിതറിയോടും.

എങ്കിലും ഒന്നുണ്ട്‌. എത്ര ആലോചിച്ചാലും ഒരാൾക്കും പിടികിട്ടാത്ത ഒന്ന്.

"അവൻ എന്തിനിത്‌ ചെയ്തു?"

ആജ്ഞ പുറപ്പെടുവിച്ച മുതലാളി പോലും പിന്നീടുള്ള ജീവിതം മുഴുവൻ ഒരു പക്ഷെ ഈ ചോദ്യത്തിനു പിന്നാലെ പായും. പായണം.

ബൻഷി ഉള്ളിൽ ചിരിച്ചു.

തന്നെക്കടന്ന് ആയിരക്കണക്കിന്‌ വാത്തകൾ അപ്പോഴേക്കും നദിയിലേക്ക്‌ ഒഴുകിച്ചേർന്നിരുന്നു. നിമിഷനേരം കൊണ്ട്‌ കണ്ണെത്താദൂരെ ഒഴുകിനീങ്ങുന്ന പഞ്ഞിക്കെട്ടുകളെക്കൊണ്ട്‌ ഗംഗാതലം നിറഞ്ഞുകഴിഞ്ഞു. ജലപ്രതലത്തെ തൊട്ടുനിന്നിരുന്ന മഞ്ഞിൻപടലങ്ങളും കടന്ന് അവ യാത്ര തുടർന്നു. കുഞ്ഞുങ്ങളെ തന്നോട്‌ ചേർത്തുപിടിച്ചു നീന്തുന്ന വാത്തകളുടെ സുറുമയിട്ട കണ്ണുകൾ നിറഞ്ഞിരുന്നോ? അറിയില്ല.

നദീജലം മുക്കിയ പടവുകളിലേക്ക്‌ അയാൾ പതിയെ ഇറങ്ങിനടന്നു. പുലർച്ചയുടെ മഞ്ഞിൽ അലസമായി കിടന്ന ഗംഗയിലേക്ക്‌ അയാൾ എടുത്തുകുതിച്ചു. നദിയിലെ പ്രകാശത്തിന്റെ പൊട്ടുകളെ വകഞ്ഞുമാറ്റി ബൻഷി നീന്തിത്തുടങ്ങി. പിന്നിൽ വാത്തക്കൂട്ടങ്ങളുടെ തീരാത്ത ഒഴുക്ക്‌ അപ്പോഴും നദിയിലേക്കുള്ള പടവുകളിറങ്ങിക്കൊണ്ടിരുന്നു.

വാത്തകളുടെ രാജാവിനെപ്പോലെ അയാൾ അവയ്ക്കിടയിലൂടെ മറുകര ലക്ഷ്യമാക്കി നീന്തിയകന്നു.

O



1 comment:

Leave your comment