Saturday, February 4, 2012

പോയിന്റ്‌ ത്രീ നോട്ട്‌ ത്രീ

   കവിത        
ഇടക്കുളങ്ങര ഗോപൻ













തുരുമ്പുമണക്കുന്ന ഇരുൾമുറിയിൽ
അടക്കം പറയുന്നത്‌ കേൾക്കാതിരിക്കാൻ
അളന്നുവെച്ച ചുവരുകൾ.
ഏതുസമയവും സടകുടഞ്ഞെഴുന്നേൽക്കാൻ
പ്രായാധിക്യത്തിലും
പെരുത്തൊരുൾവിളി.
ഓരോ കാൽപെരുമാറ്റത്തിലും
ആശങ്ക നിറഞ്ഞുകവിയും
ദൗത്യവും ഊഴവുമറിയാൻ.



വിറളിപിടിച്ച ചില പ്രഭാതങ്ങൾ
കവലയിലെ ചത്വരത്തിൽ
കൊളുത്തിവെക്കുമ്പോൾ,
വിലപറഞ്ഞുവിട്ട ജീവിതങ്ങൾക്കുനേരേ
ചൂണ്ടപ്പെടുമെന്നൊരുൾഭയം.
കാക്കിക്കാരനൊരാൾ
തോളിൽ തൂക്കി, അടിവെച്ചടിവെച്ച്‌
സ്റ്റേഡിയത്തിലും പൊതുനിരത്തിലും
പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ്‌
ഉറ്റുനോക്കുന്ന കണ്ണുകൾ
തൊട്ടുഴിയാനായി കൊതിക്കുന്നതറിയുന്നത്‌.



പാസിംഗ്‌ ഔട്ട്‌
മിന്നൽ പരേഡ്‌
മോക്‌ഡ്രിൽ
ഔദ്യോഗിക ബഹുമതി
ശ്രീപദ്മനാഭനാറാട്ട്‌.
വിലപിടിച്ചതിനൊക്കെ
എരിതീയിൽ കാവൽ.
കൊലക്കയർ കാത്തുകിടക്കുന്നവന്റെ
കഴുത്തുനീളുകയാണ്‌
ദിനങ്ങളെണ്ണുമ്പോൾ.



ഇരുമ്പഴികൾക്ക്‌ മുന്നിൽ നിറച്ചുവെച്ച്‌
ബൂട്ടിന്റെ കിടുകിടുപ്പുകൾ
തറയിൽ പെയ്തെത്തുന്നതും കാത്ത്‌
ജാഗരൂകത വെടിയാതെ
ചുവടുകുത്തി നിർത്തിയിരിക്കയാണ്‌
"അറ്റൻഷൻ !"


O

  
PHONE : 9447479905


2 comments:

  1. അപ്പോള്‍ കാക്കിക്കുള്ളിലെ കവിഹൃദയമാണോ?
    ആശംസകള്‍!

    ReplyDelete
  2. ഇരുമ്പഴികൾക്ക്‌ മുന്നിൽ നിറച്ചുവെച്ച്‌
    ബൂട്ടിന്റെ കിടുകിടുപ്പുകൾ
    തറയിൽ പെയ്തെത്തുന്നതും കാത്ത്‌
    ജാഗരൂകത വെടിയാതെ
    ചുവടുകുത്തി നിർത്തിയിരിക്കയാണ്‌
    "അറ്റൻഷൻ !"


    കവിതയ്ക്ക് മുന്നിലും അറ്റൻഷൻ ...ഒരു സല്യുട്ടും ....

    ReplyDelete

Leave your comment