Sunday, September 15, 2013

തീവണ്ടിപ്പാടം

കഥ
അബിൻ ജോസഫ്‌










      രുപത്തഞ്ച്‌ വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം, അച്ഛൻ കിഴക്കേപ്പറമ്പിലെ പാടത്ത്‌ റെയിൽവേ സ്റ്റേഷൻ പണിതു തുടങ്ങി. കുറേ ബ്രഡ്‌കഷ്ണങ്ങൾ നിരത്തിവെച്ചതുപോലെ ചതുരക്കളങ്ങളായി ചേർന്നുകിടക്കുന്ന പാടപ്പരപ്പിനെ വെട്ടിമുറിച്ച്‌ കടന്നുപോകുന്ന തീവണ്ടിപ്പാളത്തിന്റെ ഓരത്തായിരുന്നു, അത്‌.

രാവിലെ കിണറ്റുകരയിൽ പല്ല് തേച്ചുകൊണ്ടിരിക്കുമ്പോഴാണ്‌, വിതച്ചുകഴിഞ്ഞ പാടത്തേക്ക്‌ അരിവാളുമായി അച്ഛൻ നടന്നുപോകുന്നത്‌ കണ്ടത്‌. ഉമിക്കരി തുപ്പിക്കളഞ്ഞ്‌, ഈർക്കിലിപ്പച്ചയിൽ നാവിനെ തൂത്തെടുത്ത ശേഷം പിന്നാലെ ചെന്നപ്പോഴേക്കും, കതിരുകളുടെ കഴുത്തരിഞ്ഞുകൊണ്ട്‌ അച്ഛൻ പാടത്തിറങ്ങിക്കഴിഞ്ഞിരുന്നു. വർഷങ്ങളോളം ഉത്തരേന്ത്യയിലെവിടെയോ സ്റ്റേഷൻ മാസ്റ്ററായിരുന്ന അദ്ദേഹം അനായാസമായി കൊയ്തുകൂട്ടുന്നത്‌ നോക്കി ഞാൻ നിന്നു. കിളിർത്തു തുടങ്ങിയ നെൽക്കതിരുകളിൽ നിന്ന് ഉയർന്നുവന്ന ഒരു ഗന്ധം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഞാൻ വീട്ടിലേക്ക്‌ നടന്നു. അങ്ങേയറ്റം നിർവികാരമായ കണ്ണുകൾ എവിടെയും ഉറപ്പിക്കാൻ കഴിയാത്ത നിസ്സഹായതയിൽ നിശബ്ദയായി, അമ്മ ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അച്ഛൻ തിരിച്ചുവരുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്ത്‌ കിട്ടിയപ്പോൾ മുതൽ ആ കണ്ണുകളിൽ കുടിയേറിയിരുന്ന ഒരു തിളക്കം എവിടെയോ വേർപിരിഞ്ഞു പോയതായി എനിക്ക്‌ തോന്നി. ഉള്ളിൽ ചൂളംവിളിച്ച സങ്കടം ഒളിപ്പിച്ചുവെക്കാൻ അകത്തളത്തിലെ ഇരുട്ടിലേക്ക്‌ ഞാൻ നൂണ്ടുകയറി.

അന്നു വൈകുന്നേരമായപ്പോഴേക്കും രണ്ടു കണ്ടങ്ങൾ, കതിരൊഴിഞ്ഞ വയറുമായി അച്ഛനു മുന്നിൽ മലർന്നുകിടന്നു.

അത്താഴത്തിനു ശേഷം പടിപ്പുരയ്ക്കരികെ ഒരു ചാരുകസേരയിൽ ബീഡി പുകച്ചുകൊണ്ടിരുന്ന അച്ഛന്റെയടുത്തേക്ക്‌ ഞാൻ ചെന്നു. ഘനഗാംഭീര്യത്തിന്റെ അരിപ്പയിലൂടെ എന്റെ ശബ്ദം പുറത്തെത്തി: "എന്താ അച്ഛന്റെ ഉദ്ദേശം?"

എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ആ ചോദ്യത്തിന്‌ ധ്യാനനിരതമായൊരു ശാന്തതയായിരുന്നു അദ്ദേഹം തന്ന മറുപടി. ഞാൻ കുറച്ചുസമയം കൂടി അവിടെ നിന്നു. അമ്മ, ഇടയ്ക്കു പുറത്തെത്തി ഞങ്ങളെ നോക്കിയ ശേഷം അകത്തേക്ക്‌ കയറിപ്പോയിരുന്നു. പ്രതികരണമൊന്നും കിട്ടാത്തതിനാൽ തിരിച്ചു നടന്നുതുടങ്ങിയപ്പോൾ അച്ഛൻ പിന്നിൽ നിന്നു വിളിച്ചു: "രാമനുണ്ണീ"

എന്റെ പേര്‌ മറന്നുപോയിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനായിരുന്നു അതെന്ന് എനിക്കു തോന്നി.

"എല്ലാ ജന്മങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട്‌. അനേകം തീവണ്ടികളുടെ, അതിനുള്ളിലെ ആയിരക്കണക്കിനാളുകളുടെ യാത്രകളിൽ, ചുവപ്പും പച്ചയും വീശി വഴികാണിക്കുകയാണ്‌ എന്റെ ജീവിതനിയോഗം. ഇക്കാലമത്രയും ഞാനതു ചെയ്തു. യാതൊരു പരിചയവുമില്ലാത്ത ഒരുപാടു പേരുടെ യാത്രകൾക്ക്‌ ഞാൻ ദിശ കാണിച്ചു. ഇനിയും അത്‌ തുടരണം; മരണം വരെ."

ഞാൻ നിശബ്ദനായി നിന്നു. പറഞ്ഞുകഴിഞ്ഞപ്പോൾ, പടിപ്പുര കടന്ന് പാടപ്പരപ്പിലേക്ക്‌ അച്ഛനിറങ്ങിപ്പോയി. തലയ്ക്കു മുകളിലൂടെ ബീഡിപ്പുക തുപ്പി നടന്നുപോകുന്ന അച്ഛൻ, സ്റ്റേഷൻ നഷ്ടപ്പെട്ട ദു:ഖത്തിൽ പുകയൊഴുക്കി പാഞ്ഞുപോകുന്ന തീവണ്ടിയാണെന്ന് എനിക്കു തോന്നി.

മൂന്നുദിവസം കൊണ്ട്‌, നാലുകണ്ടങ്ങൾ കൊയ്തു വൃത്തിയാക്കുകയും മണ്ണുകിളച്ച്‌ നിലം ഉറപ്പിക്കുകയും ചെയ്യുന്ന ജോലി അച്ഛൻ പൂർത്തിയാക്കി. ക്രിക്കറ്റ്‌ പിച്ച്‌ പോലെ അടിച്ചുറപ്പിച്ച നിലത്തിനു കീഴെ ഒരായിരം നെൽക്കതിരുകളുടെ നിലവിളി കുടുങ്ങിക്കിടപ്പുണ്ടെന്ന് ഞാൻ മനസ്സിലോർത്തു. ആ ദിവസങ്ങളിൽ അച്ഛൻ ആരോടും സംസാരിച്ചതേയില്ല. കാലത്തുണർന്നപാടെ ബീഡി കത്തിച്ച്‌ പാടത്തിറങ്ങും. ഉച്ചയാകുമ്പോഴേക്കും, അമ്മ ഒരലൂമിനിയ പിഞ്ഞാണത്തിൽ കഞ്ഞിയും തേങ്ങ  ചുട്ടരച്ച ചമ്മന്തിയും മോരുകറിയും ഉപ്പിലിട്ട നെല്ലിക്കയും പടിപ്പുരയിൽ കൊണ്ടുവെക്കും മനസ്സിന്റെ കൽക്കരിവണ്ടി ഏതെങ്കിലും സ്റ്റേഷനിലടുക്കുമ്പോൾ അച്ഛൻ അതെടുത്തുകഴിച്ച്‌, പാത്രം വൃത്തിയായി കഴുകിവയ്ക്കും. സന്ധ്യയാകുന്ന നേരത്ത്‌ അമ്മ അതെടുത്തുകൊണ്ടു പോകാൻ ചെല്ലും. അപ്പോൾ, അമ്മയ്ക്കും അച്ഛനുമിടയിൽ നിശബ്ദതയുടെ അനേകം ടെലഗ്രാം സന്ദേശങ്ങൾ നിരന്തരം പായുന്നുണ്ടാവും. ഉമ്മറപ്പടി കയറുമ്പോൾ കലങ്ങിയ കണ്ണുകളിൽ നിന്നും അമ്മയുടെ സങ്കടം പൊഴിഞ്ഞിറങ്ങും.

പണി തുടങ്ങിയതിന്റെ പതിനെട്ടാം ദിവസം അച്ഛൻ റെയിൽവേ സ്റ്റേഷൻ പൂർത്തിയാക്കി. 'കിഴക്കേപ്പാടം' എന്ന് മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ കൊണ്ടെഴുതിയ ബോർഡ്‌ സ്റ്റേഷന്റെ രണ്ടറ്റത്തും സ്ഥാപിച്ചു. മേശയും കസേരയും ചെറിയൊരു കട്ടിലുമുള്ള മുറി സ്റ്റേഷൻ മാസ്റ്റർക്ക്‌ ഇരിക്കാൻ വേണ്ടി നിർമ്മിച്ചു. അതിനോട്‌ ചേർന്നു തന്നെ ടിക്കറ്റ്‌ കൗണ്ടറും ഓലമേഞ്ഞ മേൽക്കൂരയുള്ള പ്ലാറ്റ്‌ഫോമും പണിതു. കാഴ്ചയിൽ ഒരൊത്ത റെയിൽവേ സ്റ്റേഷനായി കിഴക്കേപ്പാടം തലയുയർത്തി നിന്നു. യൂണിഫോം ധരിച്ച്‌, കൈയിൽ ചുവപ്പും പച്ചയും കൊടികളുമായി അച്ഛൻ സ്റ്റേഷനിലിരുന്നു. അനൗൺസ്‌മെന്റ്‌ സംവിധാനത്തിന്റെയും ബഹളത്തിൽ മുങ്ങിയ തിരക്കിന്റെയും അഭാവം അച്ഛനെ അസ്വസ്ഥനാക്കി.

പണി പൂർത്തിയാക്കിയ ശേഷം മൂന്നുദിവസത്തേക്ക്‌ തീവണ്ടികളൊന്നും ആ വഴി കടന്നുപോയില്ല. കാലിയായ കമ്പാർട്ട്‌മെന്റ്‌ പോലെ വിരസത മാത്രം സമ്മാനിച്ച ഒരു ഞായറാഴ്ച ദിവസം, പ്ലാറ്റ്‌ഫോമിലൂടെ ഉലാത്തുകയായിരുന്ന അച്ഛന്റെ ചെവിയിലേക്ക്‌ തീവണ്ടിയുടെ മുരൾച്ച തുളഞ്ഞുകയറി. ഒരു നിമിഷം ഞെട്ടിപ്പോയെങ്കിലും അദ്ദേഹം ആവേശഭരിതനായി. ഞാൻ ആ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചുനോക്കി. മാളത്തിൽ നിന്നും ചേരപ്പാമ്പ്‌ തലനീട്ടുന്നതു പോലെ പാടപ്പരപ്പിന്റെ വെളിച്ചത്തിലേക്ക്‌ വണ്ടിവന്നു. ചിതൽപുറ്റിളകിയതുപോലെ തലങ്ങും വിലങ്ങും തെറിക്കുന്ന ജനക്കൂട്ടത്തെ അച്ഛൻ സ്റ്റേഷനിൽ കണ്ടു. അപരിചിതമായ ഒരു കൂട്ടം ശ്വാസനിശ്വാസങ്ങൾ വീണുപെരുകി സ്റ്റേഷൻ വീർപ്പുമുട്ടുന്നത്‌, അദ്ദേഹമറിഞ്ഞു. അനൗൺസ്‌മെന്റുകളും പോർട്ടർമാരുടെ വെപ്രാളം പിടിച്ച പരക്കംപാച്ചിലുകളും ആ ചെവിയിലേക്ക്‌ മുറിഞ്ഞുവീണു. ടീ-കോഫി വിളികളുമായി പാഞ്ഞുനടക്കുന്ന പയ്യന്മാരോട്‌ അച്ഛന്‌ വാത്സല്യം തോന്നി. ഇരുമ്പുപാളത്തിൽ ചക്രങ്ങളുരഞ്ഞുണ്ടാകുന്ന രൂക്ഷഗന്ധം അച്ഛന്റെ മൂക്കിലേക്ക്‌ കിതച്ചുകയറി. ചുവന്നകൊടി വീശി അദ്ദേഹം കാത്തുനിന്നു. തീവണ്ടി അടുത്തെത്തി. അച്ഛൻ ഉത്സാഹത്തോടെ കാറ്റിന്റെ മേൽക്കൂരയ്ക്ക്‌ മുകളിലേക്ക്‌ കൊടിപറത്തി. എന്നാൽ, അപ്രതീക്ഷിതമായ ചുവപ്പടയാളത്തെ സംശയത്തോടെ നോക്കിയ ലോക്കോ-പൈലറ്റ്‌, അച്ഛനെയും കിഴക്കേപാടത്തെയും പാടേ അവഗണിച്ചുകൊണ്ട്‌ വണ്ടി പറപ്പിച്ചുവിട്ടു. ഇരുമ്പിന്റെ കുരുത്തകെട്ട സന്തതി ചുക്‌-ചുക്‌ വിളികൊണ്ട്‌ തന്നെ കൂവിക്കളിയാക്കുന്നത്‌ അച്ഛനറിഞ്ഞു. എഴുതാത്ത കോപ്പീബുക്കിലെ ഇരട്ടവരകൾ പോലെ കിടന്ന തീവണ്ടിപ്പാളം, അച്ഛന്റെയുള്ളിൽ വിഷാദത്തിന്റെ നീളൻ വഴിവെട്ടി. പ്ലാറ്റ്‌ഫോമിന്റെ ശൂന്യതയിൽ എനിക്കും അച്ഛനുമിടയിൽ, ഏകാന്തതയുടെ അനേകം കമ്പാർട്ട്‌മെന്റുകൾ ബാക്കിയായി.

ഒരൊറ്റ ദിവസംകൊണ്ട്‌ അനാഥമായിപ്പോയ സ്വന്തം റെയിൽവേ സ്റ്റേഷനിലേക്ക്‌ അച്ഛൻ ചുരുണ്ടുകൂടി. ബോധത്തിന്റെ തീവണ്ടികളെ അദ്ദേഹം നിരാശയുടെ പ്ലാറ്റ്‌ഫോമിൽ പിടിച്ചിട്ടു. പിന്നീട്‌ അച്ഛൻ വീട്ടിലേക്ക്‌ വന്നിട്ടില്ല. പാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ചിന്നംവിളികളുമായി നിരവധി തീവണ്ടികൾ അതുവഴി കടന്നുപോയി. അച്ഛനും അദ്ദേഹത്തിന്റെ റെയിൽവേ സ്റ്റേഷനും ചരിത്രത്തിലുൾപ്പെടാതെ പോയ ഒരസംബന്ധം മാത്രമായി ലോക്കോ പൈലറ്റുമാർ കണക്കാക്കി. കരഞ്ഞു തളർന്നശേഷം ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെപ്പോലെ, ചുവപ്പും പച്ചയും കൊടികൾ അച്ഛന്റെ മാറിൽ പറ്റിക്കിടന്നു. പരാജയബോധം അദ്ദേഹത്തിന്റെ തലച്ചോറിൽ എന്നേക്കുമായി ചങ്ങല വലിച്ചു.

അമ്മ ഒരിക്കൽ പോലും അച്ഛന്റെ റെയിൽവേ സ്റ്റേഷനിലേക്കു പോയതേയില്ല. രാത്രിയിൽ, മരുഭൂമിപോലെ വിസ്തൃതമായ പാടത്ത്‌, പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ തൂക്കിയിട്ട കുഞ്ഞു റാന്തൽവെട്ടത്തിനു കീഴെ ചിന്തകളിൽ മുഴുകിയിരിക്കുന്ന അച്ഛനെ, ഞങ്ങൾ നോക്കിയിരിക്കും. ഞാനപ്പോൾ അമ്മയുടെ കണ്ണുകൾ ശ്രദ്ധിക്കും. ഒന്നിൽ പച്ചയും മറ്റേതിൽ ചുവപ്പും നിറങ്ങൾ കത്തുന്ന ബൾബുകളാണതെന്ന് എനിക്കൊരിക്കൽ തോന്നി. വേർതിരിച്ചെടുക്കാനാകാത്ത അനേകം വികാരവിചാരങ്ങൾ ഒളിഞ്ഞുകിടക്കുന്ന തുരുത്തുകൾ. ഓടിയെത്തിയിട്ടും കയറിക്കൂടാൻ പറ്റാതെപോയൊരു തീവണ്ടിയായി അച്ഛനെയും സങ്കൽപ്പിച്ചു. അപ്പോൾ എനിക്ക്‌ ശരിക്കും സങ്കടം വന്നു. മനസ്സിന്റെ തുഞ്ചത്ത്‌ കരച്ചിൽ വിങ്ങിനിന്നു. അമ്മയുടെയും അച്ഛന്റെയും നിശബ്ദസഞ്ചാരങ്ങൾ കീറിമുറിച്ച വീടിന്റെ ഗർഭപാത്രത്തിലേക്ക്‌, അശാന്തിയുടെ റിസർവേഷൻ ടിക്കറ്റുമായി ഞാനോടിക്കയറി.

അച്ഛന്റെയും അമ്മയുടെയും മുപ്പതാം വിവാഹവാർഷികദിവസം രാവിലെ, അമ്പലത്തിൽ പോയി തിരിച്ചുവന്നതിനുശേഷം ഞാൻ പാടത്തിറങ്ങി. തികച്ചും അജ്ഞാതമായ രണ്ട്‌ വൻകരകൾക്കിടയിൽ ആർത്തിരമ്പുന്ന ദൂരം നീന്തിത്തീർക്കുന്ന പരിപാടിയാണ്‌ ദാമ്പത്യമെന്ന്, എനിക്കു തോന്നി. വൈറ്റ്‌വാഷിൽ കുളിച്ച ചില കൊറ്റികൾ സ്റ്റേഷനിലേക്ക്‌ കണ്ണുംനട്ട്‌ കണ്ടത്തിലെ ചെളിയിലിരുപ്പുണ്ടായിരുന്നു. വരമ്പിൽ രണ്ടു പുള്ളിത്തവളകൾ കുട്ടിക്കരണം മറിഞ്ഞുനടന്നു. പ്ലാറ്റ്‌ഫോമിൽ കുറച്ചു കാക്കകൾ ഒരു കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ചിറകുവീശി കുതിക്കാൻ കഴിയാതെ താഴെവീഴുന്ന കുഞ്ഞിനെ കണ്ടപ്പോൾ എനിക്കു പാവം തോന്നി. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കുമുന്നിൽ അച്ഛൻ നിൽക്കുന്നത്‌ ഞാൻ കണ്ടു. പാളത്തിന്റെ വിജനതയിലേക്ക്‌ അദ്ദേഹത്തിന്റെ ഓടിത്തളർന്ന നോട്ടത്തിന്റെ ബോഗികൾ നീണ്ടുപോയി. ഒരിക്കലും തമ്മിൽച്ചേരാത്ത ഇരുമ്പിന്റെ രണ്ടുരേഖകൾ ഭൂമിയുടെ അറ്റത്തേക്ക്‌ കാൽനീട്ടിക്കിടന്നു; അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം പോലെ.

അച്ഛൻ എന്നെ നോക്കി. ആ കണ്ണുകളിൽ നിന്നും തീവണ്ടിയോളം നീണ്ട വിഷാദത്തുള്ളികൾ പുറത്തുചാടി. അപ്പോൾ, അച്ഛനോടുള്ള അടക്കാനാകാത്ത സ്നേഹം എന്റെയുള്ളിൽ നിറഞ്ഞു. കണ്ണുതുടച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: "അച്ഛൻ തോറ്റുപോയി."

ജീവിതം തന്നെ നഷ്ടപ്പെട്ടുപോയതിന്റെ ഭാരത്തിൽ വാക്കുകൾ വല്ലാതെ പതറിയിരുന്നു. ഞാൻ കണ്ണടച്ചുനിന്നു. സ്റ്റേഷൻ ഒരു ശവപ്പറമ്പാണെന്ന് എനിക്കു തോന്നി. എനിയൊരിക്കലും കാലുകുത്തിലെന്ന തീരുമാനവുമായി, അച്ഛന്റെ തീവണ്ടിസ്റ്റേഷനിൽ നിന്നും ഞാൻ എന്നേക്കുമായി തിരിച്ചുനടന്നു.

അപ്പോൾ ഭൂമിയുടെ കോശങ്ങളെ വിറപ്പിക്കുന്ന തീവണ്ടിഗർജ്ജനം ദൂരെനിന്നും കേട്ടു. പാടപ്പരപ്പിനെ കിടിലം കൊള്ളിക്കുന്ന മുഴക്കമായി അതടുത്തെത്തുന്നത്‌ ഞാനറിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ പാളത്തിന്റെ നടുക്ക്‌ അച്ഛൻ നിൽക്കുന്നത്‌ കണ്ടു. ചുവപ്പും പച്ചയും കൊടിപിടിച്ച കൈകൾ ആകാശത്തേക്ക്‌ വിരിച്ചിരുന്നു. പാടത്തെ കണ്ണേറുകോലത്തിന്റെ രൂപം എന്റെ മനസ്സിലേക്കു വന്നു. പാളത്തിന്റെ ഭ്രമണപഥത്തിൽ തീവണ്ടി അവതാരമെടുത്തു. അപ്പോൾ, പേടിയുടെ കൂർത്ത ചക്രങ്ങൾ എന്റെയുള്ളിലൂടെ പാഞ്ഞുപോയി. സ്തംഭിച്ചുപോയ കാലുകൾ ഭൂമിയിൽനിന്നും പറിച്ചെടുത്തുകൊണ്ട്‌ ഞാനോടി. ഭൂമികുലുക്കത്തിൽപ്പെട്ട്‌ ലോകം മുഴുവൻ പ്രകമ്പനം കൊള്ളുന്നതായി എനിക്കു തോന്നി. അച്ഛനും തീവണ്ടിക്കുമിടയിൽ ആലിംഗനത്തിന്റെ അകലം കുറഞ്ഞുവന്നു.

പിന്നെ, അടുത്ത ജന്മത്തിലേക്കും നീണ്ടുകിടക്കുന്നൊരു നിലവിളി എനിക്കുമാത്രം പതിച്ചുതന്നുകൊണ്ട്‌, ഇരുമ്പിന്റെ രൂപം പൂണ്ട ഭീകരജീവി അച്ഛനെ അപ്പാടെ വിഴുങ്ങി. 

O


11 comments:

  1. നല്ല വായന സമ്മാനിച്ച കഥ... അഭിനന്ദനങ്ങള്‍

    ReplyDelete
  2. വായിക്കാന്‍ നല്ല സുഖം.. നല്ല ഭാഷ.. നല്ല കഥ. അഭിനന്ദനങ്ങള്‍ അബിന്‍...,.

    ReplyDelete
  3. valare nannaayirikkunnu, abin....congrats

    ReplyDelete
  4. ജോലിയില്‍ നിന്ന് വിരമിച്ചതിന്റെ വ്യാകുലതകള്‍ ഉള്ള സ്റ്റേഷന്‍ മാസ്റെരുടെ കഥ ഇഷ്ടമായി. ജീവപര്യന്തം കഴിഞ്ഞു റിലീസ്‌ ആവുന്ന തടവ്‌പുള്ളിയുടെ സന്തോഷമായിരിക്കും ഇന്നത്തെ റെയില്‍വേ ജീവനക്കാര്‍ക്ക്. ശേഷിക്കുന്ന ജീവിതത്തെ കൂടുതല്‍ വര്‍ണാഭമായി കാണാന്‍ അവര്‍ സ്വപ്നം കാണുന്നുണ്ടാവും.

    ReplyDelete
  5. അഭൌമമായ തലത്തിലാണ് കഥയുടെ ലാവണ്യം കൂടുതല്‍ തുറന്നു കിട്ടുക. മനോവ്യഥകളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.

    ReplyDelete
  6. നല്ല കഥ. നന്നായി അവതരിപ്പിച്ചു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  7. കഥ ഇഷ്ടമായി... ജീവിതത്തിന്റെ നല്ലൊരു ഭാഗം തീവണ്ടി എന്‍ജിന്റെ ശബ്ദവും മണവും അനുഭവിച്ച ഒരു വ്യക്തി പെട്ടന്ന് അതില്‍ നിന്നും മാറി നില്‍ക്കുംബോഴുണ്ടാകുന്ന മാനസികവിഭ്രാന്തിയെ നന്നായി അവതരിപ്പിച്ചു..

    ReplyDelete
  8. വളരെ ഇഷ്ടമായി അബിന്‍, ആശംസകള്‍ !

    ReplyDelete
  9. കഥ ഇഷ്ടപ്പെട്ടു

    ReplyDelete

Leave your comment