Sunday, April 1, 2012

കാക്കയും കവിതയും

ലേഖനം
രാജേന്ദ്രൻ വള്ളികുന്നം









                        വൈലോപ്പിള്ളി, കവിതയിൽ എടുത്തുവെച്ച പക്ഷിയാണ്‌ കാക്ക. അതുവരെ കാക്ക ഒരു നഗരപ്പക്ഷിയായിരുന്നു. വൃത്തികെട്ട കരച്ചിൽ, വെറുക്കപ്പെട്ട നിറം, കൗശലക്കാരന്റെ നോട്ടം. കാക്കയെ നമ്മൾ വേലിപ്പുറത്തിരുത്തി. പിതൃക്കളെ ഓർമ്മിച്ചപ്പോൾ മാത്രം കൈകൊട്ടി വിളിച്ചു.(മരണത്തിന്റെ നിറം കറുപ്പാണല്ലോ) അല്ലാത്തപ്പോൾ ആട്ടിയോടിച്ചു. അടിയാളനും കാക്കയും നമ്മുടെ പരിസരത്ത്‌ കരഞ്ഞുനടന്നു.


വൈലോപ്പിള്ളിക്ക്‌ കാക്കയോ ? കൂരിരുട്ടിന്റെ കിടാത്തി. സൂര്യപ്രകാശത്തിന്‌ ഉറ്റതോഴി. പൂത്തിരുവാതിരത്തിങ്കൾ. ചീത്തകൾ കൊത്തിവലിച്ച്‌ നമ്മുടെ പരിസരമാകെ വൃത്തിയാക്കുന്നവൾ. കാക്കയെക്കുറിച്ച്‌ പാടുവാൻ ധൈര്യം കാണിച്ചത്‌ വൈലോപ്പിള്ളിയുടെ ചങ്കുറപ്പാണ്‌. പൂർവ്വികർ കാത്തുസൂക്ഷിച്ച സൗന്ദര്യസങ്കൽപ്പത്തെയാണ്‌ കവി അടിച്ചുതകർത്തത്‌. കറുത്തവനും കവിതയ്ക്ക്‌ മഷിപ്പാത്രമാണെന്ന് അങ്ങനെ പ്രഖ്യാപിച്ചു. വിഷപ്പാമ്പിന്‌ സർപ്പക്കാവൊരുക്കി കുടിയിരുത്തിയ നിങ്ങൾ കാക്കയുടെ കൂട്‌ തകർത്തെറിയുവാൻ ഒരു മടിയും കാണിച്ചില്ല. സ്വർണ്ണക്കൂടൊരുക്കി വെച്ച്‌ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പാടുമ്പോഴും കാക്കയെ നമ്മൾ കണ്ടില്ല.


കാക്ക, സംഘശക്തിയുടെ പ്രതിനിധിയാണ്‌. എത്രവേഗമാണവ ഒത്തുകൂടുന്നത്‌. കാക്കക്കൂട്ടം എന്ന പ്രയോഗം ശ്രദ്ധിക്കുക. തന്റെ കുഞ്ഞിനെയും കൂടിനെയും സംരക്ഷിക്കുവാൻ കാക്ക കാണിക്കുന്ന പോരാട്ടവീര്യം അത്ഭുതകരമാണ്‌. ഭൂമിയുടെ കുത്തകാവകാശികൾ എന്നഹങ്കരിക്കുന്ന മനുഷ്യരോട്‌ പൊരുതുവാൻ ധീരത കാട്ടുന്ന പക്ഷിയും കാക്കയാണല്ലോ ? നാളേയ്ക്ക്‌ കരുതിവെയ്ക്കുന്ന പക്ഷിയും കാക്കയാണ്‌. തേടിയെടുത്ത ഭക്ഷണപദാർത്ഥത്തെ മരപ്പൊത്തിലൊളിപ്പിക്കാനും കരിയില കൊണ്ട്‌ മൂടുവാനും അവ കാണിക്കുന്ന ജാഗ്രത മനുഷ്യർക്കും മാതൃകയാണ്‌. ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ എന്ന് വൈലോപ്പിള്ളി പാടിയത്‌ വെറുതെയാണോ ? കാക്കക്കുളി എത്ര അവധാനതയോട്‌ നടക്കുന്ന പ്രവൃത്തിയാണ്‌. എന്നിട്ടും കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിച്ചാണ്‌ അതിന്റെ വർണ്ണപരമായ സ്വത്വത്തെ നാം കളിയാക്കിയത്‌. 'കാക്കയ്ക്കും തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌' എന്നു പറയുമ്പോൾ അതിന്റെ ജീവിതം എത്ര നിസ്സാരമാണെന്നും കുട്ടികളെ പഠിപ്പിച്ചു. നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ ഈ പക്ഷി കൊഴിച്ചിട്ട തൂവലല്ല വൈലോപ്പിള്ളി കണ്ടെത്തിയത്‌. ആരാണ്‌ നിന്റെ കൂവലിന്‌ മധുരം ചാർത്തിയതെന്നും തൂവലിൽ ചാരുഗന്ധം വളർത്തിയെന്നും പാടിപ്പുകഴ്ത്താൻ നമുക്ക്‌ വൈലോപ്പിള്ളിയല്ലാതെ വേറേ ആരുണ്ടായിരുന്നു?


വൈലോപ്പിള്ളി


പരസ്യജീവിതം നയിക്കുമ്പോഴും രഹസ്യമായി ഭോഗിക്കുന്നതാണ്‌ കാക്കയുടെ പ്രകൃതം. മറ്റ്‌ പക്ഷികളിലെ തുറന്ന പ്രണയകേളികളിൽ ഏർപ്പെടുവാൻ കാക്കയ്ക്ക്‌ താൽപര്യമില്ല. വൈലോപ്പിള്ളിയ്ക്കും പ്രണയം നിഗൂഢമായ ഒരു സഞ്ചാരമായിരുന്നു. ചങ്ങമ്പുഴയെപ്പോലെ പ്രണയശിഖിയിൽ നീറിമരിയ്ക്കുവാൻ അദ്ദേഹം തയ്യാറായില്ല. സ്വതവേ ലജ്ജാലുവായിരുന്ന കവി പ്രണയാനുഭവങ്ങളുടെ ഉപരിതലങ്ങളിൽ ഒഴുകിനടക്കുവാൻ തൽപരനായിരുന്നില്ല. ഭാനുമതിയമ്മയും ഏറെ അകലെയായിരുന്നുവല്ലോ കവിയ്ക്ക്‌. കാക്കയെപ്പോലെ പരുഷപ്രകൃതിയായിരുന്നു കവിയും. പക്ഷികളോടും പൂക്കളോടും വൈലോപ്പിള്ളിയ്ക്കുള്ള ഗൃഹാതുരത്വം കലർന്ന സൗഹൃദം ശ്രദ്ധിക്കേണ്ടതുണ്ട്‌. മഞ്ഞക്കിളിയും കുരുത്തോലവാലനും മാടത്തയും കുരിയാറ്റപ്പക്ഷിയും കവിതയിലാകെ പാറിപ്പറന്നു നടക്കുമ്പോഴും കാക്കയോടാണ്‌ കവിയ്ക്ക്‌ ഏറെ ഇഷ്ടം. 'ചില പക്ഷികൾ ഞാൻ മുതിർന്ന കാലത്ത്‌ എന്റെ കവിതകളിൽ വന്ന് ചിറകടിച്ചുപോയി. കാക്കകൾ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്‌.'



ഏകാന്തതയെ പൊലിപ്പിച്ചെടുത്ത കവിയാണ്‌ വൈലോപ്പിള്ളി. പരമമായ സ്വാതന്ത്ര്യത്തെ ജീവിതകാമനകളുടെ മോക്ഷമായി കണ്ടു. കാക്കയുടെ ഒറ്റയാൻ യാത്രപോലെ തനിച്ചുജീവിക്കുകയെന്നതായിരുന്നു കവിയുടെ നിയതിയും. പക്ഷെ ഏകാന്തജീവിതം നയിക്കുമ്പോഴും  സംഘശക്തിയുടെ കരുത്ത്‌ കവി തിരിച്ചറിഞ്ഞിരുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത്‌ കവിയുണ്ടായിരുന്നു. ഈ ബോധമണ്ഡലമാണ്‌ നവചിന്തയുടെ പന്തം പേറുവാൻ കവിയെ പ്രേരിപ്പിച്ചത്‌. കാക്ക കവിതയുടെ നടുത്തളത്തിലേക്ക്‌ പറന്നുവന്നതും വാഴ്ത്തപ്പെട്ടതും വൈലോപ്പിള്ളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വയലിടങ്ങളിലൂടെയായിരുന്നു. എഴുത്തുമുറിയിൽ എഴുത്തുകാരൻ തനിച്ചല്ല. ആർത്തിരമ്പുന്ന ഭൗതികലോകവും അശാന്തമായ ആത്മീയലോകവും അയാൾക്ക്‌ ചുറ്റും തള്ളിയാർത്തുവരും. ഏകാന്തതയെ ധ്യാനിച്ചുണർത്തിയ കാഫ്ക തിരക്കുപിടിച്ച ലോകത്തകപ്പെട്ടുപോയ വ്യക്തികളുടെ അതിഭൗതിക ലോകമാണ്‌ എഴുത്തിൽ അവതരിപ്പിച്ചത്‌. കാക്ക ഭൗതികലോകത്തിന്റെയും മരണാനന്തരജീവിതത്തിന്റെയും ഓർമ്മ ഉണർത്തുന്ന ചിഹ്നമാണ്‌. പക്ഷേ, വൈലോപ്പിള്ളി ഭൗതികപരിസരത്ത്‌ നിർത്തിക്കൊണ്ടാണ്‌ കാക്കയെ കുറിച്ച്‌ പാടിയത്‌. ദുരിതയാഥാർത്ഥ്യങ്ങളുടെ കണ്ണീർപ്പാടത്തുകൂടി യാത്ര ചെയ്ത കവിയ്ക്ക്‌ മാനവപ്രശ്നങ്ങൾ തന്നെയായിരുന്നു പ്രധാനം.


മാനവപ്രശ്നങ്ങൾ തൻ മർമ്മകോവിദന്മാരെ
ഞാനൊരു സൗന്ദര്യാത്മക കവി മാത്രം
- എന്നത്‌ കേവലം മേനി പറച്ചിൽ മാത്രമായിരുന്നു.


പുലർകാല കിളിപ്പാട്ടുകളിൽ വേറിട്ടുനിൽക്കുന്ന ശബ്ദമാണ്‌ കാക്കയുടേത്‌. പുലരി കിഴക്കുദിക്കിൽ തീ കൂട്ടുമ്പോൾ ജീവിതപ്രരാബ്ദങ്ങളുടെ പിടച്ചിലിൽ അകപ്പെട്ടുപോയ ഒരു ജനതയുടെ ഘടികാരസൂചി കാക്കക്കരച്ചിലായിരുന്നു. മലയാളിയുടെ ഭാവുകമാറ്റത്തിന്റെ സംക്രമണകാലത്താണ്‌ എഴുത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക്‌ മലയപ്പുലയനും കാക്കയും മറ്റും കടന്നുവരുന്നത്‌. കാക്ക ചരിത്രത്തെ പിടിച്ചടക്കി. സവർണ്ണമുദ്രകൾ ഓരോന്നായി മായുന്നതും മാനവന്റെ കാക്കത്തൊള്ളായിരം വിഷയങ്ങൾ എഴുത്തിൽ കടന്നു വരുന്നതും ചരിത്രത്തിലെ ചാരുദൃശ്യമാണ്‌.


O


PHONE : 9747795785




1 comment:

Leave your comment