Saturday, August 4, 2012

ഇഞ്ചക്കാട്ടുകാരൻ

കവിത
ഇഞ്ചക്കാട്‌ ബാലചന്ദ്രൻ



കിണറുകൾക്കെല്ലാം ചിറകുമുളച്ചതറിയാതെയാണ്‌
ഞാൻ, ബോധോധയം ലഭിച്ച രാഹുലൻ
അറബിയുടെ ഈന്തപ്പനയിൽ നിന്നും താഴേക്കു പറന്നത്‌.
തിളയ്ക്കുന്ന മണൽ മണ്ണിനേക്കാൾ ഊഷരമാണ്‌
ഇഞ്ചക്കാട്ടെ 97 സെന്റും ഏഴു ലിങ്ക്സും.
വെളിച്ചം വീണുകിട്ടിയത്‌ നട്ടുച്ചയ്ക്ക്‌.
മൂന്നു ജോടി നല്ല ഡ്രസ്സ്‌, കൂളിംഗ്‌ ഗ്ലാസ് , കട്ടിമാല, സ്പ്രേ
പച്ചയിലേക്ക്‌ ആഴ്‌ന്നിറങ്ങാനൊരു മനസ്സും ഒപ്പിച്ചു.
കക്കാക്കുന്നിൽ കാറിറങ്ങും മുൻപേ കണ്ണിലുടക്കി
60 ഡിഗ്രി കരിഞ്ഞു നേടിയ ആറായിരം ച.അടി സൗധം.
കാൽ വെച്ചതേ ആഘോഷത്തിലേക്ക്‌,ആരവത്തിലേക്ക്‌.
കാലുറപ്പില്ലാത്ത ആൺപിറപ്പുകളും
കണ്ണുറയ്ക്കാത്ത പെൺജാതിയും വടംവലിച്ചു കളിക്കുന്നു.
കല്യാണം കഴിച്ചവർക്കെതിര്‌ കഴിക്കാത്തവർ.
വയസ്സനാനയ്ക്ക്‌ വയസ്സറിയിച്ച പെൺപിള്ളേർ.
വൃദ്ധന്മാർക്ക്‌ തൈക്കിളവികൾ.
മഹത്തായ കണ്ടുപിടുത്തം നടത്തിയ ദിനേശന്റെ
വിവിധ പോസിലുള്ള ഫ്ലക്സ്‌ ബോർഡുകൾ.
ജന്മനാടിന്റെ സ്വീകരണം കൊഴുക്കുന്നു,
കൃഷി മണ്ടത്തരമെന്നു കണ്ടെത്തിയ
ഇഞ്ചക്കാട്ടുകാരൻ ദിനേശൻ കീ ജയ്‌.
ആത്മഹത്യ ചെയ്ത കർഷകരുടെ അനുഗ്രഹം
ആത്മഹത്യയ്ക്ക്‌ മുഹൂർത്തം കാക്കുന്നോരുടെ പ്രാർത്ഥന.
നഷ്ട കൃഷിക്ക്‌ കൃത്യമായ ബദൽ.
സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിക്കുമേൽ വസിക്കുന്ന
വയനാട്ടും ഇടുക്കിയിലും ഇനി ആരും ചാകേണ്ട.
ദിനേശന്റെ കണ്ടുപിടുത്തം രക്ഷയ്ക്കുണ്ട്‌.
ആർപ്പുവിളികൾക്കൊപ്പം ആകാശത്തേക്കുയരുന്നു ദിനേശൻ.
പണ്ടെന്നോ കായംകുളത്തുകാരൻ ഒരു സാഹിബ്ബ്‌
ഭാഗ്യക്കുറി കണ്ടുപിടിച്ച ശേഷം നടാടെ ഒരു മലയാളി.
ജീൻ കലവറ മുതലാളിമാരുടെ രഹസ്യപണമോ
ഫോർഡ്‌ ഫൗണ്ടേഷന്റെ ഫണ്ടോ ഇല്ലാത്ത ഗവേഷണം.
ദിനേശൻ സബ്‌ രജിസ്ട്രാർ ആഫീസിലെ ഗുമസ്തൻ
പുറംവരുമാനമില്ലാത്ത അവധിദിവസങ്ങളിൽ
അവനിലെ ജിജ്ഞാസു ഉണരും.
എന്തെങ്കിലും കണ്ടുപിടിച്ചേ അടങ്ങൂ.
ആവി എഞ്ചിൻ മുതൽ നാനോ കണം വരെ
ദ്രോഹികൾ തനിക്ക്‌ മുൻപേ കണ്ടുപിടിച്ചതിൽ ഖേദം.
അന്വേഷണം പഴയ ആധാരക്കെട്ടിൽ നിന്നും തുടങ്ങി.
ആദ്യമേ കണ്ടെത്തിയത്‌ എൺപതു സെന്റിന്റെ തായ്‌വേര്‌.
ഏത്‌ കണ്ടെത്തെലിന്റെ പിന്നിലും ഒരു പെണ്ണുണ്ടത്രേ.
പെണ്ണുണ്ട്‌, പേര്‌ കുഞ്ഞിക്കാവു.
അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അമ്മ.
ദേശവാഴിയെ മുഖം കാണിച്ചപ്പോൾ
കണ്ണായ അഞ്ഞൂറേക്രക്ക്‌ കരമൊഴിവ്‌.
തലമുറകൾ കീറിക്കീറി എൺപതു സെന്റായി ദിനേശനിൽ.
പറഞ്ഞഭിമാനിക്കാൻ രാജരക്തത്തിന്റെ ഏതാനും തുള്ളികളും.
കൃഷിക്കണക്ക്‌ പുസ്തകത്തിലെ കയറ്റിറക്കം
കണ്ടുപിടുത്തത്തിൽ അവസാനിച്ചു.
അതിനാൽ മൂന്നുവർഷമായി ഭൂമി
കുടിയേറ്റക്കാർക്കായി വിട്ടുകൊടുത്തു.
അതിൽ പ്രധാനികൾ രണ്ടുകൂട്ടർ,
1809 ൽ അമേരിക്കയിൽ നിന്നും കൽക്കട്ട തുറമുഖത്ത്‌ കപ്പലിറങ്ങി
തെക്കോട്ട്‌ നടന്നു ഇവിടെ കുടിപാർത്ത
Lantana Camera എന്ന മുത്തങ്ങ പുല്ലു.
വെസ്റ്റിണ്ടീസ്‌ ക്രിക്കറ്റ്‌ ടീം എത്തും മുമ്പ്‌
1942-ൽ ഇവിടേയ്ക്ക്‌ വന്ന Chromo Laena എന്ന കമ്യൂണിസ്റ്റ്‌ പച്ച.
ജെ.സി.ബി ഉപയോഗിച്ചുള്ള അത്യുൽപ്പാദന കൃഷി
നന്നായി പരീക്ഷിച്ച ശേഷമേ വെളിപ്പെടുത്തിയുള്ളൂ
ആന, ആനച്ചമയം, ബാന്റുമേളം, താലപ്പൊലിക്കന്യകമാർ.
സമയമെടുത്ത്‌ പോയിന്റുകടന്നു മൈതാനത്ത്‌
പ്രസംഗം കൊഴുപ്പിച്ചത്‌ അബ്കാരി ശശാങ്കൻ,
അമ്പലം പ്രസിഡന്റ്‌ സുഗുണൻനായർ
അൽ ഹംസൽ മെഡിക്കൽ കോളേജുടമ
ആക്രി ഹാജി എന്ന ഹംസാഹാജി
കേരളരാജ്യം പത്രം ജേക്കബ്ബു പുന്നക്കാടൻ.
കൃഷി ദുരന്ത പ്രഘോഷണ പ്രസംഗങ്ങൾ.
നെല്ല്, എള്ള്‌, വാഴ,പയർ, ഇഞ്ചി, മരച്ചീനി
ഇനി ഇഞ്ചക്കാട്ടുകാർ നടില്ല, ഉറപ്പ്‌.
ആദ്യം കിളികളും പിന്നെ കൃഷിക്കാരും കയ്യൊഴിഞ്ഞ
അക്കേഷ്യ, സുബാബിൽ, യൂക്കാലിപ്സ്‌, മാഞ്ചിയം
എന്നീ വിദേശമരങ്ങളും പിഴുതെറിയും
ഇരുപ്പൂ നിലങ്ങളിൽ ഇഷ്ടിക 110 മേനി വിളയും
കന്നാസും കുപ്പികളും 660 മേനി.
എക്സൈസ്‌ പോലീസ്‌ ഗുണ്ടാ രാഷ്ട്രീയക്കാർക്ക്‌
വായ്ക്കരിയിട്ടാലും മൂന്നിരട്ടി ലാഭം, പക്ഷേ ഉപേക്ഷിച്ചു.
കരിമ്പാറ കൃഷിക്ക്‌ 900 മേനി
ചെങ്കല്ലിനു 110 ഉം കരമണൽ കൃഷിക്ക്‌ 3000 വും
കൊയ്ത്‌ കൊയ്ത്‌ കൊയ്ത്‌ കൂട്ട്‌.
ടോട്ടലീ കൺഫ്യൂസ്ഡ്‌ ആയ രാഹുലൻ.
ഒരു നെൽവിത്തിൽ നിന്നും 85 മുതൽ 110
നെന്മണി കിട്ടുമെന്ന് പഴമക്കാർ പറഞ്ഞത്‌ പൊളിയോ.
മണ്ണ്‌ തൊടും പയർവിത്തും നൂറായ്‌ മാറുമത്രേ,
ഒരു വാഴവിത്തിൽ നിന്നും മുട്ടനൊരു കുലയും
അഞ്ചാറു വിത്തുകളും ഒത്തിരി ഇലകളും.
പൂമ്പാറ്റകളുണ്ണും കൂമ്പാളതേനിനു കണക്കുമില്ല.
തെങ്ങ്‌ വിസ്മയം തീർക്കുന്നു.
ആകാശത്തേക്കുയരുന്ന ഒറ്റത്തടി.
വീട്‌,വീട്ടുപകരണങ്ങൾ, വിറക്‌
ഓലകൾ നൂറിലേറെ, ചൂട്ടും കൊതുമ്പും.
കരിക്കും മധുരക്കള്ളും, തേങ്ങയും
ഭക്ഷണം, കുളിര്‌, തണൽ, അഭയം ...
മെല്ലെ നടക്കുമ്പോൾ, രാഹുലൻ, ഞാൻ കേട്ടത്‌
ഭൂമിയുടെ യാചനാ മന്ത്രണം.
എനിക്കൊരു പച്ചില തരുമോയെന്നു
ചുറ്റിലും നിന്ന് പറിച്ചെടുത്ത കണ്ണുകൾ
ഹൃദയത്തിലേക്ക്‌ തുളഞ്ഞു കയറുന്നു.
ഒന്നാമത്തെ അറയിൽ വ്യഥയുടെ വൃക്ഷം
നിറയെ കുഞ്ഞിലകൾ, പക്ഷേ ചുവപ്പ്‌.
രണ്ടാമറയിൽ മരിച്ച കനവുകളുടെ പ്രേതങ്ങൾ
തുറക്കില്ല ഞാൻ.
മൂന്നാമത്തെ അറയിൽ അപമൃത്യു വരിച്ച
സുഹൃത്തുക്കളുടെ ഓർമ്മപുസ്തകം.
തുറന്നാൽ സങ്കടപ്പുഴയൊഴുകും.
നാലാമത്തെതിൽ ഇരുണ്ടുപോയ വാക്കുകളുടെ പ്രളയം.
ഒന്നാം അറയേ ശരണം.
ഭൂമിയുടെ ഹൃത്തിലേക്ക്‌
ഒരു തളിരില ഒഴുകുന്നു.
ചുവപ്പിനെ പച്ചയാക്കുന്ന മന്ത്രം ഭൂമിക്കറിയാം.


 O


PHONE : 9656466310



1 comment:

Leave your comment